ഭീതിയേതുമില്ലാതെ അത്തിപ്പഴം പെറുക്കാന്‍ ഓടിയിരുന്ന പഴയ പ്രഭാതങ്ങള്‍ ഒരിക്കല്‍ മടങ്ങിവരുമെന്ന് സ്വപ്നം കാണുന്നവന്‍. പട്ടാളക്കാരാല്‍ ചോദ്യം ചെയ്യപ്പെടാതെ, ഗ്രാമങ്ങളും പട്ടണങ്ങളും താണ്ടി, ഭൂമിയുടെ അറ്റത്തോളം സഞ്ചരിക്കാന്‍ കഴിയുന്ന ഒരു നല്ല കാലം വരുമെന്ന കിനാവിനെ താലോലിക്കുന്നവന്‍.. അങ്ങനെയൊരാളാണ് ഷീല ടോമിയുടെ 'ആ നദിയോട് പേര് ചോദിക്കരുത്' എന്ന നോവലിലെ കഥാപാത്രമായ സഹല്‍ അല്‍ ഫാദി.
സഹല്‍ സ്വപ്നം കാണുകയാണ്; വെടിമരുന്ന് മണക്കുന്ന തെരുവിലിരുന്ന്, തകര്‍ന്നടിഞ്ഞ വീടുകളുടെ ചാരെയിരുന്ന്, പട്ടാളക്കാരന്റെ തോക്കിന്‍ മുനമ്പിലിരുന്ന്, ചോര മണക്കുന്ന പ്രഭാതങ്ങളുടെ വിളുമ്പിലിരുന്ന്, രക്തഛവിയുള്ള സാന്ധ്യപ്രകാശത്തിന്റെ നിഴലിലിരുന്ന്..
ഒരാളുടേത് മാത്രമല്ല; പലസ്തീനില്‍ അനേകം സഹലുമാരുടേതാണ് ഈ കിനാക്കളെല്ലാം. ഈ നോവലില്‍ പലസ്തീന്റെ പ്രതിനിധിയായി സഹല്‍ പ്രത്യക്ഷപ്പെടുകയാണെന്ന് മാത്രം. മാഷ്‌സെല്‍ ഖലീഫിയുടെ സംഗീതത്തെ ആത്മാവില്‍ നിറച്ചവന്‍, മഹ്മൂദ് ദര്‍വീശിന്റെ കവിതകള്‍ തിന്ന് വിശപ്പടക്കുന്നവന്‍, കവിത കൊണ്ട് മനസ്സ് നിത്യേന കഴുകിത്തുടയ്ക്കുന്നവന്‍.. മനുഷ്യവകാശപ്രവര്‍ത്തക റേച്ചല്‍ കോറിയുടെ ശരീരത്തിലൂടെ സയണിസത്തിന്റെ ബുള്‍ഡോസര്‍ കയറിയിറങ്ങുമ്പോള്‍ പെയിന്റിങ്ങിലൂടെ ഒരു ചതഞ്ഞരഞ്ഞ പെണ്‍കുട്ടിയെ വരച്ച് ശത്രുവിന്റെ വെറുപ്പ് സമ്പാദിച്ചവന്‍... അന്നേ ഒരു തോക്കിന്‍കുഴല്‍ അവന് നേരെ നീണ്ട് തുടങ്ങിയിരുന്നു. വെടിയുണ്ടകള്‍ മുറുമുറുപ്പ് തുടങ്ങിയിരുന്നു. അതില്‍ നിന്നും തെന്നിമാറി നടക്കാനുള്ള അവന്റെ വിരുതുകളാണ് അവന്റെ ജീവന്റെ നീളം!
