അക്ഷര വിഭവങ്ങളുടെ രുചിമേളമൊരുക്കി മലബാർകഫേ..

Book Review

അക്ഷര വിഭവങ്ങളുടെ രുചിമേളമൊരുക്കി മലബാർകഫേ..


സാഹിത്യരൂപങ്ങളിൽ അനുദിനം പരിവർത്തന വിധേയമായി കൊണ്ടിരിക്കുന്ന സാഹിത്യ ശാഖയാണ് നോവൽ സാഹിത്യമെന്ന് പറയാം. അമ്പതുകളിലും അറുപതുകളിലും ഇറങ്ങിയനോവൽ സങ്കൽപ്പമല്ല ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നത്.

സത്യസന്ധമെന്ന് തോന്നിപ്പിക്കുന്ന ജീവിതാനുഭവങ്ങളുടെ വിവരണമാണല്ലോ വാസ്തവത്തിൽ നോവലുകളിൽ നമ്മൾ അനുഭവിക്കുന്നത്. ഈ അനുഭവങ്ങൾ വായനക്കാരിലെത്തിക്കുന്നതിൽ രചയിതാക്കൾ സ്വീകരിക്കുന്ന ആഖ്യാന ശൈലിയാണ് കൃതികളെ ശ്രദ്ധേയമാക്കുന്നത്/ കാലാതിവർത്തിയാക്കുന്നത്.

ഖസാക്കെന്ന സങ്കൽപ്പ ഗ്രാമം സൃഷ്ടിച്ച് രവിയെ മുൻനിർത്തി ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം പറയാൻ ഒ. വി. വിജയൻ സ്വീകരിച്ച ശൈലിയുടെ പ്രത്യേകത കൊണ്ടാണല്ലോ ഖസാക്കിന്റെ ഇതിഹാസം ഇന്നും ക്ലാസിക്ക് കൃതിയായി തലയുയർത്തി നിൽക്കുന്നത്.... 1960 - 70 കളിൽ കേരളീയ ഗ്രാമത്തിന്റെ സാന്ദര്യമെന്ന് പറയുന്നത് അവിടെയുള്ള കൊച്ചു ചായകടകളും, അനാദി കടകളുമായിരുന്നു (പലചരക്ക് കട).

അനാദി കടകളുടെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഉപ്പും പെട്ടിക്ക് ഒരുപാട് കഥകൾ പറയാനുണ്ടാകും. പാടത്തും, പറമ്പത്തും ജോലി കഴിഞ്ഞ് വൈകിട്ട് നിരത്തിലേക്കിറങ്ങുന്ന ഗ്രാമീണർ വെടിവട്ടം പറയാനും ഒന്ന് ഇരിക്കാനും ഉപയോഗിക്കുന്ന ഉപ്പും പെട്ടി..... ആകാശത്തിനു കീഴെയുള്ള സകല കാര്യങ്ങളും ചർച്ച ചെയ്യപ്പെടുന്ന സ്ഥലം. അതുപോലെ അവിടുത്തെ ചായകടയിലെ ബെഞ്ചും.... കഥകളുടെ, സംഭവങ്ങളുടെ ചരിത്രവും പേറി ഗതകാല സ്മരണകൾ അയവിറക്കുന്നു...


Related Articles