'വീടുകള്‍: സ്‌നേഹത്തിന്റെ വ്യാജക്കുപ്പായമിട്ട പോലീസ് സ്റ്റേഷനുകള്‍' എന്ന് ഞാനൊരു ഒറ്റവരിക്കവിത പണ്ടെഴുതിയിട്ടുണ്ട്. വി എസ് അജിത്തിന്റെ 'കുസുമാന്തര ലോലന്‍' എന്ന നോവല്‍ വായിച്ചുകൊണ്ടിരിക്കവേ ഈ കവിത വീണ്ടും ഓര്‍മ്മ വന്നു.അജിത്തിന്റെ ആദ്യത്തെ നോവലാണിത്. പക്ഷേ ഒരിക്കലും ലക്ഷണമൊത്ത ഒരു നോവലാണ് എന്ന് പറയാന്‍ പറ്റില്ല.
ജീവിതത്തില്‍ ഒരു പുസ്തകം മാത്രം വായിച്ചിട്ടുള്ള എട്ടു പേരെ കണ്ടെത്താനുള്ള പുറപ്പാട്; അതിന്റെ പേര് 'പ്രോജക്ട് സിങ്കുലാരിറ്റി'. സ്വയം 'കുസുമാന്തര ലോലന്‍' എന്ന് വിളിക്കുന്ന ഒരാള്‍ തന്റെ 'താല്‍ക്കാലിക സഹപ്രവര്‍ത്തക'യായ അനുജയെ കൂട്ടുപിടിച്ച് അവരിലേക്ക് നടത്തുന്ന യാത്രകളാണ് 160 പേജുകളിലായി നിറയുന്നത്.
26 മെയ് 2013-ല്‍ അനൂജയുടെ അപ്പോയിന്‍മെന്റ് മുഹൂര്‍ത്തത്തില്‍ തുടങ്ങി 2014 മെയ് 16-ന് രാജ്ഘട്ടില്‍ അവസാനിക്കുന്ന നോവല്‍.എട്ടുപേരില്‍ ഓരോരുത്തരിലേക്ക് അവര്‍ യാത്ര പോവുകയാണ്, ഇന്റര്‍വ്യൂ ചെയ്യാന്‍; ലോലനും അനുജയും.
