സ്വന്തം ചോരയെ ശത്രുതയോടെ കാണുന്നവരുടെ ഇടയിലേക്ക്, സ്‌നേഹത്തിന്റെ വിത്തെറിയുന്ന 'കിള'!

Book Review

സ്വന്തം ചോരയെ ശത്രുതയോടെ കാണുന്നവരുടെ ഇടയിലേക്ക്, സ്‌നേഹത്തിന്റെ വിത്തെറിയുന്ന 'കിള'!


മതം.. മലപ്പുറത്തുകാര് പറഞ്ഞതുപോലെ മതം എന്നാല്‍ മുള്ളുമുരിക്കുപോലെ ഒരു സാധനം എന്നേ എനിക്കു തോന്നിയിട്ടുള്ളൂ; മോലോട്ടും കയറാന്‍ പറ്റില്ല, ഇനി കയറിയാല്‍ ഇറങ്ങാനും പാടാ. എന്നാലും എനിക്ക് ബഹുമാനം തോന്നിയ ഒരു വാക്കും, യാഥാര്‍ത്ഥ്യവുമാണ് പാരമ്പര്യം എന്നത്, രണ്ടോ മൂന്നോ തലമുറകളെ ഒക്കെ നമുക്ക് ഓര്‍ത്തു വെക്കാം. എന്നാലും വളരെ മുന്‍പത്തെ തലമുറകളുടെ ചരിത്രം എത്ര ഭംഗിയായി എഴുതിവെച്ചാലും, കൈമാറ്റം ചെയ്യപ്പെട്ടാലും കാലം എന്ന വികൃതിപ്പയ്യന്‍ ചിലതെല്ലാം മണലിലെഴുതിയ എഴുത്തിനെ കിറുക്കന്‍ കാറ്റ് മായിക്കുന്നതുപോലെ മാച്ചുകളയും.

'കിള'യെന്ന നോവലിലെ സേബ എന്ന കഥാപാത്രത്തിലൂടെ, മതമെന്ന ഹലാക്ക് കാട്ടിക്കൂട്ടുന്ന വിക്രസ്സുകളെപ്പറ്റി അനുഭവിച്ചറിഞ്ഞതുപോലെ നമ്മോടു സംവദിക്കുകയാണ് എഴുത്തുകാരി ഫര്‍സാന.

മതമെന്ന കൂടാരത്തിലെ ആണഹന്തയെ തുറന്നു കാട്ടാന്‍ ധൈര്യപൂര്‍വ്വം ഒരു പെണ്ണിറങ്ങി വന്നാല്‍ അവളെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുയായികള്‍ തയ്യാറായി നില്‍ക്കുന്ന ഈ കെട്ടകാലത്ത്, മതത്തിനല്ല കുഴപ്പം അത് തലക്കുപിടിക്കുകയും, അതിനെ വളച്ചൊടിച്ച് തന്റെത് ശരിയാണെന്ന് സ്ഥാപിക്കാന്‍ മറ്റുള്ളവരെ ചൊല്‍പ്പടിയിലാക്കി നടത്തുന്നവര്‍ക്കാണ് കുഴപ്പമെന്നും ചൂണ്ടിക്കാണിക്കുന്നു എഴുത്തുകാരി.


Related Articles