ഹൃദയം തൊടുന്ന കുറിപ്പുകള്‍ എന്നാണ് നജീബ് മൂടാടിയുടെ 'ഒറ്റയ്ക്കാക്കരുത്' എന്ന പുസ്തകത്തിന്റെ ടാഗ് ലൈന്‍. വായന തുടങ്ങുമ്പോള്‍ തന്നെ അറിയാം അതിനോട് നൂറു ശതമാനം നീതി പുലര്‍ത്തി കൊണ്ടാണ് ഓരോ പേജുകളും മുന്നോട്ട് പോകുന്നതെന്ന്.
നിസ്സഹായതയുടെ കുഞ്ഞു നിലവിളി മുതല്‍ ആയുസ്സിന്റെ അങ്ങേയറ്റത്തു ഏകാന്തതയുടെ കൂട്ടിലകപ്പെട്ടവരുടെ നിശബ്ദ തേങ്ങലുകള്‍ വരെ നീണ്ടു പോകുന്ന ജീവിതത്തിന്റെ വിവിധങ്ങളായ അടരുകളില്‍ തട്ടി തടഞ്ഞു നില്‍ക്കുന്ന നീര്‍തുള്ളികളെ അനാവരണം ചെയ്യുന്നുണ്ട് ഈ കുറിപ്പുകള്‍.
ഏറ്റവും നിസ്സഹായരെന്നു കരുതുന്ന, സ്വയം ദുര്‍ബലപ്പെട്ടവര്‍ക്ക് പോലും കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെ സന്തോഷവും ആനന്ദവും കണ്ടെത്താനാകുമെന്ന എഴുത്തുകാരന്റെ തിരിച്ചറിവില്‍ കൂടിയാണ് പുസ്തകം ആരംഭിക്കുന്നത്.
പാതയോരത്തെ പാഴ്‌ചെടിയുടെ സ്വാതന്ത്ര്യം പോലുമില്ലാതെ ജീവിച്ചു തീര്‍ന്ന് പോകുന്നവരെകുറിച്ച് വായിച്ചാല്‍ ഹൃദയം ഒന്ന് വിറകൊള്ളുമെന്നുറപ്പാണ്. എപ്പോള്‍ വേണമെങ്കിലും ചവിട്ടിയരക്കപ്പെട്ടു ജീവിതം നഷ്ടമാകുമെന്ന നിലയിലാണ് വഴിയരികിലെ നില്‍പ് എന്നറിയാമെങ്കിലും പുല്‍ക്കൊടിക്കും സ്വാതന്ത്ര്യമുണ്ട്. അത് പോലുമില്ലാത്ത എത്ര മനുഷ്യര്‍. അതില്‍ തന്നെ കൂടുതലും സ്ത്രീകളാണുള്ളത് എന്നതാണ് യാഥാര്‍ഥ്യം.
