അവളകം; ആത്മസംഘര്‍ഷങ്ങളുടെ വിശാല ഭൂമിക

Book Review

അവളകം; ആത്മസംഘര്‍ഷങ്ങളുടെ വിശാല ഭൂമിക


സാഹിത്യ ചരിത്രത്തിലുടനീളം നിരവധി പുരുഷ എഴുത്തുകാര്‍ സ്ത്രീ മനസ്സിന്റെ സങ്കീര്‍ണ്ണമായ ഭൂപ്രകൃതിയിലേക്ക് ആഴ്ന്നിറങ്ങാന്‍ പരിശ്രമിച്ചിട്ടുണ്ട്. ലിയോ ടോള്‍സ്റ്റോയിയുടെ അന്നാ കരെനീനയുടെ മനഃശാസ്ത്രപരമായ അന്വേഷണങ്ങളുടെയും, ഗുസ്താവ് ഫ്‌ളൊബേറിന്റെ മദാം ബൊവാറിയുടെ അസ്തിത്വപരമായ ചിന്തകളുടെയുമെല്ലാം ഉറവിടം ഇത്തരത്തിലുള്ള അന്വേഷണങ്ങളായിരുന്നു. സ്ത്രീകളുടെ മനസ്സ്, വൈകാരികത, ആന്തരിക സംഘര്‍ഷങ്ങള്‍, സാമൂഹിക പോരാട്ടങ്ങള്‍ എന്നിവ സൂക്ഷ്മതയോടെയും സംവേദനക്ഷമതയോടെയും ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും ഘടകവിരുദ്ധമായ രാഷ്ട്രീയത്തെ ഉത്പാദിപ്പിക്കുന്നതായും കാണാം. പുരുഷ നോട്ടത്തിലൂടെ ഫില്‍ട്ടര്‍ ചെയ്യപ്പെടുമ്പോള്‍, അത്തരം ചിത്രീകരണങ്ങള്‍ സഹാനുഭൂതി, ആധികാരികത, അധികാരബോധം, സാഹിത്യത്തിലെ പ്രാതിനിധ്യത്തിന്റെ അതിരുകള്‍ എന്നിവയെക്കുറിച്ചുള്ള സംവാദങ്ങള്‍ക്കും തുടക്കമിട്ടു. പരിമിതികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മറ്റൊരു ജെന്‍ഡര്‍ ഐഡന്റിറ്റിയെ അറിയാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ സാമൂഹ്യ ചരിത്രത്തില്‍ നിര്‍ണായകമാണ്.

ഫ്രാന്‍സിസ് നൊറോണയുടെ 'അവളകം' ആത്മാന്വേഷണങ്ങളുടെ ഒരു ഭൂമികയാണ്. അശരണരുടെ സുവിശേഷം, മഞ്ഞപ്പുസ്തകം, മുടിയറകള്‍ എന്നീ നോവലകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരാഖ്യാനശൈലിയാണ് അവളകം അവതരിപ്പിക്കാന്‍ നൊറോണ സ്വീകരിച്ചിരിക്കുന്നത്. സങ്കീര്‍ണമായ വിഷയത്തെ അവതരിപ്പിക്കാന്‍ സങ്കീര്‍ണമായ ഭാഷ ഉപയോഗിക്കാന്‍ നൊറോണ ശ്രമിച്ചിട്ടില്ല. വളരെ ലളിതമായ ഭാഷയും ചെറിയ ചാപ്റ്ററുകളുമായാണ് നോവല്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ആനന്ദമയി എന്ന വേദവിദ്യാസ്‌കൂളിലെ അദ്ധ്യാപികയുടെ ജീവിതാവസ്ഥയിലൂടെയാണ് നോവല്‍ കടന്നുപോകുന്നത്. സ്ത്രീയുടെ സങ്കീര്‍ണ്ണതകളിലേക്കുള്ള അന്വേഷണം ലോകമെമ്പാടുമുള്ള മനുഷ്യരിലേക്കുള്ള അന്വേഷണമായി മാറുന്നു. അല്‍ക്ക, ബുഷ്‌റ എന്നീ സ്‌കൂള്‍ കുട്ടികളുടെയും കുത്സുംബീവി, ജമീല തുടങ്ങിയ മുതിര്‍ന്ന സ്ത്രീകളുടെയും മനസ്സിലേക്കുള്ള വാതില്‍ നോവല്‍ തുറക്കുന്നു. സ്‌കൂളിലെ മാനേജരായ സത്യാനന്ദ സ്വാമികള്‍, പിടിഎ പ്രസിഡന്റ് ഷൗക്കത്ത്, ആനന്ദമയിയുടെ സഹപാഠിയായിരുന്ന സനല്‍ മാത്യു, ആത്മീയ ജീവിതത്തിലേക്ക് പോയ സഹോദരന്‍ അനന്തപത്മനാഭന്‍ എന്നീ ആണുങ്ങളുടെ കൂടി കഥയായി 'അവളകം' മാറുന്നു.


Related Articles