മധുരിക്കും ഓര്‍മ്മകളുടെ മിഠായിത്തെരുവിലൂടെ...

Book Review

മധുരിക്കും ഓര്‍മ്മകളുടെ മിഠായിത്തെരുവിലൂടെ...


പറഞ്ഞാല്‍ തീരാത്ത കഥകളുടെ നുണഞ്ഞാല്‍ തീരാത്ത മധുരത്തിന്റെ തെരുവാണ് മിഠായിത്തെരുവ്. കോഴിക്കോടിന്റെ ചരിത്രമുറങ്ങുന്ന, കോഴിക്കോടിന്റെ ഹൃദയഭാഗത്തുള്ള ഏറ്റവും തിരക്കേറിയ കച്ചവട സ്ഥലം. ഇരുവശത്തും കണ്ണോടിച്ചാല്‍ മഴവില്ലുപോലെ ഹല്‍വാ മധുരം, കൊറിച്ചു നടക്കാന്‍ വറുത്തുപ്പേരികള്‍, കുടിക്കാന്‍ സര്‍ബത്ത്, വയറുനിറച്ചൊന്നുഷാറാവാന്‍ ബിരിയാണി തട്ടുകള്‍, മൊഞ്ചാക്കാന്‍ ഏതുതരത്തിലുമുള്ള വസ്ത്ര വൈവിധ്യങ്ങള്‍.. കോഴിക്കോട്ടിന് എന്നും നിറവിന്റെ പെരുമയേകി നില്‍ക്കുകയാണ് പേരുപോലെ മധുരിക്കുന്ന ഈ തെരുവ്.

മലയാളിക്ക് ഗൃഹാതുരമായ മിഠായിത്തെരുവിന്റെ ഓര്‍മ്മകളുടെ അറയിലേക്കുള്ള യാത്രയാണ് എഴുത്തുകാരന്‍ വി.ആര്‍. സുധീഷിന്റെ ''മിഠായിത്തെരുവ്: ഓര്‍മ്മകളുടെ കോഴിക്കോടന്‍ ആല്‍ബം'' എന്ന പുസ്തകം. രണ്ടു ഭാഗങ്ങളിലായി കോഴിക്കോടന്‍ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന പുസ്തകം വായനക്കാരുടെ ഖല്‍ബില്‍ തൊടുമെന്നതില്‍ സംശയമില്ല. പ്രണയത്തിന്റെയും സംഗീതത്തിന്റെയും രുചിയുടെയും നിറവുകളിലൂടെ വായനയില്‍ മധുരം നിറയ്ക്കുന്നതോടൊപ്പം ഈ പുസ്തകം അറിവിന്റെ കല്‍ക്കണ്ടവും പകരുന്നു.

വ്യാപാരത്തിന്റെ ഈ തുറമുഖം കടന്നു വന്ന കൈവഴികള്‍, വഴിവിളക്കായി നിന്ന സാഹിത്യ പ്രതിഭകള്‍, സംഗീതജ്ഞര്‍, ചലച്ചിത്ര നടന്മാര്‍, കോഴിക്കോടന്‍ ചങ്ങാത്തങ്ങള്‍, മധുശാലകള്‍ എന്നിങ്ങനെ എന്തായിരുന്നു കോഴിക്കോടെന്ന് നമ്മളോട് പങ്കുവെക്കുകയാണീ പുസ്തകം. ആതിഥ്യമര്യാദയുടെയും കലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെയും കഥകളനവധിയുണ്ട് ഈ നഗരത്തിന്. കോഴിക്കോട്ടെ തെരുവിനെക്കുറിച്ചും തൊട്ടടുത്ത ദേശങ്ങളെക്കുറിച്ചും ഇവിടെ ജീവിച്ചു മറഞ്ഞ മനുഷ്യരെക്കുറിച്ചും 'ഒരു ദേശത്തിന്റെ കഥ' പറഞ്ഞൊരാള്‍ മിഠായിത്തെരുവിലിരുന്ന് ഈ പുസ്തകത്തയും നോക്കി കാണുന്നുണ്ടാകും. മിഠായിത്തെരുവിന്റെ കഥ തന്റെയും ജീവിത കഥയാണെന്ന് പറഞ്ഞ എസ്.കെ പൊറ്റെക്കാട്ട് ഇന്ന് ഈ തെരുവിന് കാവലാളാണ്.


Related Articles