ഉപ്പുകടലിലെ മീനുകൾ

Book Review

ഉപ്പുകടലിലെ മീനുകൾ


എഴുത്തിലൂടെ വികസിക്കുന്ന സൗന്ദര്യതലവും ഭാവനാത്മകതയും ഓരോ എഴുത്താളിന്റെ സാഹിതീയയാത്രയ്ക്കനുസൃതമായി സ്വതസ്സിദ്ധവും വ്യത്യസ്തവുമായിരിക്കും. ഇമചിമ്മി തുറക്കുന്ന സമയത്തിനുള്ളിൽപോലും സർഗ്ഗാത്മകഭാവനയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം അനന്തമാണ്. പ്രസ്തുത ദൂര​ത്തിന്റെ അളവെടുക്കുക എന്നത് തീർത്തും അസാധ്യവും. ഇതിനിടയിലും എഴുത്തിൽ പ്രതിഫലിക്കുന്ന വിങ്ങലും മനഃപീഡയും ആനന്ദവും ആപേക്ഷികമായി തുടരുന്നുമുണ്ട്. കഥാഗതിയുടെ പരിസരപ്രദേശങ്ങളും കഥാപാത്രങ്ങളുടെ മാനസികാവ​സ്ഥയും ‘കഥ'യെ മുന്നോട്ടു നയിക്കുന്ന ഘടകങ്ങളാവുന്നു. ബഹുസ്വരമായ വിഷയങ്ങളിലൂന്നിയുള്ള രാഷ്ട്രീയം ‘കഥ'യുടെ വേറിട്ടുള്ള നിലപാടിനെയും ആവിഷ്കാരസ്വാതന്ത്ര്യത്തെയും രൂപ​​പ്പെടുത്തുകയുമാണ്. ജാതി/മത/ലിംഗ/ശരീര രാഷ്ട്രീയത്തിന്റെ കൃത്യമായ നോട്ടങ്ങൾ ‘കഥ’കളുടെ മൂർച്ചകൂട്ടുന്ന കാഴ്ചപ്പാടുകളായി മാറി. സർഗ്ഗാത്മകമായ വിചാരങ്ങൾക്കൊപ്പം സാമൂ​ഹിക–രാഷ്ട്രീയ യാഥാർഥ്യങ്ങളും എഴുത്താളരുടെ വ്യവഹാരമണ്ഡലങ്ങളിലേക്ക് സജീവമായി കടന്നുവന്നതോടെ കഥ പ്രതി​നിധാനം ചെയ്യുന്ന തലങ്ങൾ വിപുലപ്പെട്ടു. ‘കഥ' പൊട്ടിമുളയ്ക്കുമ്പോഴോ കഥയെഴുതാനുള്ള ശ്രമം ആരംഭിക്കുമ്പോഴോ കഥാകൃത്ത് ആലോചിക്കുന്ന ആശയങ്ങളിൽ മേൽപ്പറഞ്ഞ സംവാദങ്ങളും ഉണ്ടാകുമെന്നുറപ്പാണ്. അത്തരത്തിലൊരു കഥാകാരനാണ് പി.എസ്. റഫീഖ് എന്ന് ‘കൂർക്ക' എന്ന കഥാസമാഹാരം നിശ്ചയമായും ബോധ്യപ്പെടുത്തുന്നുമുണ്ട്. മാനവികസങ്കല്പം ഉപരിപ്ലവമാവാതെ കാത്തുസൂക്ഷിക്കേണ്ട കടമ​കൂടി സാഹിത്യത്തിന്റെ ആവശ്യകതയായി പരിണമി​ക്കുന്ന ഒരു കാലത്തെയാണ് ഇന്നത്തെ എഴുത്തുകാർ സംബോ​ധന ചെയ്യുന്നത്. അത്തരമൊരു സന്ദിഗ്ധഘട്ടത്തിൽ സർഗ്ഗവൈഭവത്തിന്റെ സമഗ്രമായ നോട്ടം മനുഷ്യർ പാർക്കുന്ന ഇടങ്ങളിലേക്ക് എത്തിയേതീരൂ. സാഹിത്യത്തിനുള്ള നോബൽസമ്മാനത്തിന് അർഹനായ ഗാവോ സിങ് ജിയാൻ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടിക്കൊണ്ട് സാഹിത്യത്തെ അവരോധിക്കുന്നതിനെ ഈ ഘട്ടത്തിൽ പ്രാധാന്യത്തോടെ കാണേണ്ടത് ഉചിതമാണ്. കഥകളുടെ ഭൂമികയ്ക്ക് ഏറെ വൈവിധ്യമുണ്ടെന്നിരിക്കെ അവ​യിലൂടെ സംവദിക്കുന്ന വിഷയങ്ങളുടെ മാനങ്ങൾ വലുതായി​ത്തീരുന്നു. ഏകാന്തതീരങ്ങളും ശബ്ദായമാനമായ തുരുത്തുകളും നിശ്ശബ്ദപാതകളും സാഹിത്യത്തിന്റെ വികാരവിചാരങ്ങൾ ഗർഭത്തിൽ വഹിക്കുന്ന വിളക്കുമാടങ്ങളായി വർത്തിക്കുന്നുണ്ട്. അധിനിവേശത്തിൽ ഒലിച്ചുപോകാത്ത സ്രോതസ്സുകളായി അവ ശാശ്വതമായി തെളിഞ്ഞുനിൽക്കുന്നു എന്നത് കഥകൾ രചിക്കപ്പെടാനുള്ള അനിവാര്യതയായി നിലയുറപ്പിക്കുന്നു. ഇത്തരമൊരു സന്ദർഭത്തിൽ, സമകാലസന്ധികളെ ഒപ്പിയെടുക്കാൻ ഉതകുന്ന തരത്തിൽ പി.എസ്. റഫീഖ് എന്ന കഥാകാരൻ ഇടപെടലുകൾ നടത്തുന്നതെങ്ങനെയെന്ന് ഈ കഥാസമാഹാരത്തിലൂടെ വായിച്ചറിയുന്നതിനു പ്രാധാന്യ​മുണ്ട്. ആഖ്യാതാവ്/മുഖ്യകഥാപാത്രം അഭിമുഖീകരിക്കുന്ന ഭ്രമകല്പനകളും സാമൂഹികമായ അസമത്വവും വ്യക്തിപരമായ നൈരാ​ശ്യവും അപരിചിതമായ നിരാസവും നേരിടാൻ സാഹിത്യത്തെ കൂട്ടുപിടിക്കുകയും കഥകളായി അവ പരിണമിക്കുകയുമാണ്. അത്തരമൊരു സാഹചര്യത്തിൽ സാങ്കല്പികവിനിമയങ്ങൾ നിറവും നിഴലുമായി പശ്ചാത്തലമേകുന്നു.

ഉപ്പുകടലിലെ മുതിർന്ന മത്സ്യങ്ങളുടെ ചലനങ്ങൾ ഒരു ദിശാസൂചനയാണ്, കാലാവസ്ഥാസാഹചര്യങ്ങളെ ഗ്രഹിക്കാൻ അത് സഹായകമാകും. അതുപോലെയാണ് ഈ സമാഹാരത്തിലെ കഥാപാത്രങ്ങളുടെ പൊതുഭാവം. അല്ലലും അസ്വസ്ഥതയും പ്രകടമാക്കുന്ന അവരുടെ യുക്തിചിന്തകൾ ഇണക്കപ്പെട്ടതാണ്. ചർച്ച ചെയ്യേണ്ട കേന്ദ്രപ്രമേയത്തെ ചുറ്റിപ്പറ്റി ആഖ്യാനം വളരുമ്പോഴും കഥാപാത്രങ്ങളുടെ യുക്തിബോധത്തിലൂന്നിയുള്ള ചെറുത്തുനിൽപ്പുകൾ ‘കൂർക്ക'യിലെ കഥകളെ വ്യതിരിക്തമാക്കുന്നു. അച്ഛൻ മരിച്ചുപോയതിനെ തുടർന്ന് ജീവിതം മുന്നോട്ടു നീക്കാനും ഭക്ഷണത്തിനുമായി മോഷണത്തിലേക്ക് തിരിയുന്ന ആഖ്യാതാവിനെയാണ് ‘അടയാളം' എന്ന കഥയിൽ അവതരിപ്പിക്കുന്നത്. പന്ത്രണ്ടാമത്തെ വയസ്സിൽ അച്ഛൻ മരിച്ചതോടെ അമ്മയെയും ഇളയ സഹോദരിമാരെയും പുലർത്തേണ്ട ചുമതല ആഖ്യാതാവിൽ നിക്ഷിപ്തമായി. അയാൾ നേരിട്ട ഒരു അനുഭവം നാട്ടുകാരിൽ അതീവതാത്പര്യം ജനിപ്പിക്കുന്നു. അങ്ങനെ അപ്രതീക്ഷിതമായി ഒരു ‘മാന്ത്രികയാഥാർഥ്യ'കാഴ്ചയിൽ അയാളുടെ ജീവിതം കീഴ്മേൽ മറി​യുകയും താത്കാലികമായി അയാൾക്ക് നാട് ഉപേക്ഷിക്കേണ്ടിവരുകയുമാണ്. ഒരു കള്ളനായി കാലയാപനം ചെയ്യുന്നതിനിടയിലാണ് ചില മനുഷ്യർക്ക് ലഭിക്കുന്ന വിശേഷാധികാരത്തെക്കുറിച്ച് അയാൾക്ക് ധാരണയുണ്ടാവുന്നത്. സത്യാനന്ത​രകാലത്തെ ആഖ്യാനമായി കെട്ടുകഥകൾ ചമയ്ക്കാനും കേൾക്കാനുമുള്ള സമൂഹത്തിന്റെ ഇച്ഛ ‘അടയാള'ത്തെ പ്രസക്തമാക്കുന്നു. ‘കേട്ട' കഥകൾ അതിവേഗത്തിൽ പ്രചാരത്തിലാവുന്നതോടെ അവ വാസ്തവം ആണോ കെട്ടുകഥ ആണോ എന്ന വിവേചനബുദ്ധി സമൂഹത്തിനില്ലാതാവുന്നുണ്ട്. അങ്ങനെ സത്യത്തിന്റെ മൂല്യം പരിഗണിക്കപ്പെടാതെയുള്ള സ്ഥിതി ഉടലെടുക്കുകയാണ്. സത്യാനന്തരത്തിന്റെ വകഭേദങ്ങളിൽ മനുഷ്യർക്ക് ‘കഥ'കൾ പറഞ്ഞു കൊടുക്കുക എന്ന ഉദ്യമം ആഖ്യാതാവ് ഏറ്റെടുക്കുന്നു. ‘The Storyteller’ എന്ന ലേഖനത്തിൽ വാൾട്ടർ ബെന്യാമിൻ കഥപറച്ചിലിന്റെ കരകൗശലത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നുണ്ട്. ആധുനികലോകത്ത് ഫലപ്രദമായ കഥപറച്ചിൽ അപൂർവമായിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാൽ വാമൊഴിയിൽ അധിഷ്ഠിതമായ രീതികളിൽനിന്നുള്ള വ്യതി​യാനം കാലം കാത്തുവെച്ച അത്യന്താപേക്ഷിതമായ മാറ്റമാണ്. സൃഷ്ടിപരമായ ഉൾക്കാഴ്ചയോടെ പുതിയ ലോകത്തെ എഴുത്തിലേക്ക് സംക്രമിപ്പിക്കുന്ന രചനാതന്ത്രം പിന്നീടുണ്ടാവു​കയും ചെയ്തു. ഈ ചുറ്റുപാടിൽ വേണം കഥകൾ പറയാനുള്ള ആഖ്യാതാവിന്റെ വ്യഗ്രതയെ നോക്കിക്കാണേണ്ടത്. കഥയിലൂടെ വേണ്ട വിവരങ്ങൾ ലഭിക്കാനായി ദാഹിക്കുന്ന മനുഷ്യരെ തൃപ്തിപ്പെടുത്താനായി നേരിൽ കണ്ട കാഴ്ചയെ ഭേദഗതികൾക്കു വിധേയമാക്കി പങ്കുവെക്കുന്ന ആഖ്യാതാവിനെ കുറ്റം പറയാനാവില്ല.


Related Articles