Theft; മടക്കമില്ലാത്ത പലായനങ്ങള്‍

Book Review

Theft; മടക്കമില്ലാത്ത പലായനങ്ങള്‍


2021-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച അബ്ദുള്‍റസാക്ക് ഗുര്‍ണയുടെ പുതിയ നോവലാണ് തെഫ്റ്റ് (Theft). അദ്ദേഹത്തിന്റെ പതിനൊന്നാമത്തെ നോവലാണ് ഇത്. അധിനിവേശത്തിന്റെ ദുരിതഫലങ്ങളെ കുറിച്ചുള്ള ധാരണയും പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും അനുഭവതലങ്ങളെ പറ്റിയുള്ള അറിവുമാണ് സാന്‍സിബാറില്‍ നിന്നുള്ള ഗുര്‍ണയെ വ്യത്യസ്തനാക്കുന്നത്. മാനുഷികബന്ധങ്ങളെ വിവിധ അംശങ്ങളിലൂടെ വിന്യസിപ്പിച്ചുകൊണ്ട് സ്വാര്‍ത്ഥത, ആസക്തി, സഹാനുഭൂതി, കരുണ തുടങ്ങിയ വികാരങ്ങളെ ഉജ്വലമായി അവതരിപ്പിക്കുകയാണ് ഗുര്‍ണ.

സമകാല രാഷ്ട്രീയം അഭയാര്‍ഥികളെ അലട്ടുന്നത് സംബന്ധിച്ച നിലപാടുകളും ആഫ്രിക്കന്‍ ചുറ്റുപാടിലെ അധിവേശചരിത്രത്തിന്റെ ബോധ്യങ്ങളുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. സാന്‍സിബാറില്‍ നിന്ന് നന്നേ ചെറുപ്പത്തിലേ പലായനം ചെയ്ത ഗുര്‍ണയുടെ രചനകള്‍ സ്വാഭാവികമായും പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും പ്രവണതകളെ ആസ്പദമാക്കിയായിരുന്നു. സ്വയം ആര്‍ജിച്ചെടുത്ത അനുതാപപൂര്‍വമായ പെരുമാറ്റത്തിലൂടെ, അതാണ് കുടിയേറ്റജനതയോട് വേണ്ടതെന്ന ചിന്ത അദ്ദേഹം വികസിപ്പിച്ചു. സ്വാഭാവികമായും അദ്ദേഹത്തിന്റെ എഴുത്തില്‍ ഇത് പ്രകടമാണ്.

ടാന്‍സാനിയയിലെ സാന്‍സിബാര്‍ ദ്വീപ്സമൂഹത്തില്‍ 1948-ല്‍ ജനിച്ച ഗുര്‍ണ പല വിധത്തിലുള്ള അധിനിവേശത്താല്‍ ഉഴുതുമറിക്കപ്പെട്ട ആഫ്രിക്കന്‍ മണ്ണിന്റെ സങ്കീര്‍ണഭാവങ്ങളെ തന്റെ കൃതികളിലൂടെ ഗൗരവപൂര്‍വം വിശകലനം ചെയ്യുന്നുണ്ട്. എഴുത്തിലും നോട്ടത്തിലും സാര്‍വലൗകിക സ്വഭാവം വെച്ചു പുലര്‍ത്തുന്ന, കിഴക്കേ ആഫ്രിക്കയില്‍ നിന്നും ബ്രിട്ടനിലെത്തി ഇംഗ്ലീഷില്‍ എഴുതുന്ന ഒരു എഴുത്തുകാരന്റെ ലോകവീക്ഷണം അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. വിവിധ സംഘര്‍ഷങ്ങള്‍ക്ക് ഇടമാവുന്ന, വംശവെറിയുടെയും വര്‍ഗവിവേചനത്തിന്റെയും ലക്ഷണങ്ങളെ പ്രത്യക്ഷത്തില്‍ ആവാഹിക്കുന്ന രാഷ്ട്രീയത്തിന്റെ നിലപാടുകളെ അധിനിവേശാനന്തര പശ്ചാത്തലത്തില്‍ സമീപിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ പതിനൊന്നു നോവലുകളും ഏഴുകഥാസമാഹാരങ്ങളും അനവധി ലേഖനങ്ങളും. അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും ചേര്‍ന്ന അദ്ദേഹത്തിന്റെ എഴുത്തുഭൂപടത്തില്‍ അനുഭവങ്ങളുടെ തഴക്കം പ്രധാനപ്പെട്ട ഘടകമാണ്.


Related Articles