'ഡയാസ്‌പൊറ'; സ്വത്വാന്വേഷികളുടെ ആത്മസുവിശേഷങ്ങള്‍

Book Review

'ഡയാസ്‌പൊറ'; സ്വത്വാന്വേഷികളുടെ ആത്മസുവിശേഷങ്ങള്‍


രാത്രിയായാല്‍ ആത്മാക്കളുടെ വയലുകളില്‍നിന്ന് സമുദ്രസഞ്ചാരികളെപ്പോലെ തിരകള്‍ കാറ്റിനൊപ്പം നിശ്ശബ്ദമായി കരയിലെത്തിക്കൊണ്ടിരുന്നു. വിശ്വാസത്തിന്റെ ദൈവമതില്‍ ഭേദിച്ചുകൊണ്ടെത്തിയ കാറ്റിനെല്ലാം ഓര്‍മ്മപ്പെടുത്തലിന്റെ മണമായിരുന്നു. സമയാധിഷ്ഠിതമായ കടല്‍മണങ്ങള്‍ക്കൊപ്പം പ്രവാസത്തിന്റെ ഗദ്ഗദം പ്രാര്‍ത്ഥനപോലെ ജൂതത്തെരുവില്‍ പരന്നു. ജൂതപ്പുര സമുദ്രസഞ്ചാരത്തിന് പുറപ്പെടാന്‍പോകുന്ന ഒരു കൂറ്റന്‍ നൗകപോലെ തയ്യാറായി നിന്നു.

വംശീയവിദ്വേഷങ്ങളില്‍ ചിതറിത്തെറിച്ച് സമുദ്രങ്ങളും വന്‍കരകളും താണ്ടി നൂറ്റാണ്ടുകള്‍ അലഞ്ഞ ഗോത്രമനുഷ്യര്‍ക്ക് സ്വപ്നവും പ്രതീക്ഷയുമായിരുന്ന വാഗ്ദത്തഭൂമി യാഥാര്‍ത്ഥ്യമായി. പ്രവാസത്തിന്റെയും പലായനത്തിന്റെയും കനല്‍വഴികള്‍ പിന്നിട്ടവര്‍ സ്വന്തം മണ്ണിലേക്ക് ജീവിതത്തെ അളന്നു.

മധ്യപൗരസ്ത്യദേശത്തുനിന്ന് മധ്യധരണ്യാഴിയും അറബിക്കടലും കടന്ന് കേരളത്തിലും വംശവിദ്വേഷത്തിന്റെ ഇരകളെത്തിയിരുന്നു. മാളയിലും മതിലകത്തും ചേന്നമംഗലത്തും മട്ടാഞ്ചേരിയിലും കൊച്ചിയിലുമെല്ലാം ജൂതന്മാര്‍ക്ക് കുടിയിരിപ്പുകളുണ്ടായി. വണിക്പഥങ്ങളില്‍ അവര്‍ കര്‍മ്മോത്സുകരായി. വര്‍ണ്ണത്തിന്റെയും അര്‍ത്ഥത്തിന്റെയും സാമ്പ്രദായിക വൈരുദ്ധ്യങ്ങളും ഉച്ചനീചത്വങ്ങളും അവരുടെയിടയിലും അനുഭവങ്ങളായി. പ്രണയവും കാമനകളും കാരുണ്യവും ധാര്‍മ്മികതയും തുടങ്ങി മനുഷ്യസഹജമായ വാസനകളെല്ലാം അവരിലുമുണ്ടായിരുന്നു.


Related Articles