ബാബു ജോണിനൊപ്പം ഒരു ഹിമാലയ യാത്ര

Book Review

ബാബു ജോണിനൊപ്പം ഒരു ഹിമാലയ യാത്ര


ഓരോ യാത്രയും കാലത്തിന്റെ അതിജീവനമാണ്. ഓരോ സഞ്ചാരിക്കും പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങൾ കേൾക്കാൻ കഴിയും. അതിന്റെ അനുരണനങ്ങൾ ആവിഷ്കരിക്കാൻ ശ്രമിക്കും അങ്ങനെയാണ് സഞ്ചാരി എഴുത്തുകാരനായി മാറുന്നത്. എന്നാൽ എല്ലാ സഞ്ചാരികളും എഴുത്തുകാരാകാറില്ല. ബാബു ജോൺ ഒരു നിത്യ സഞ്ചാരിയാണ്. മുൻവിധികൾ ഇല്ലാതെ യാത്ര ചെയ്യുന്നു. എന്നാൽ തികഞ്ഞ ജാഗ്രതയോടെ.

ബാബു ജോൺ നിരവധി തവണ ഹിമാലയ സാനുക്കൾ കയറിയിറങ്ങി കഴിഞ്ഞു. ആ വലിയ പ്രപഞ്ചത്തിന്റെ സൗന്ദര്യ സ്ഥലികൾ തിരിച്ചറിഞ്ഞു. അതിന്റെ പരിണാമഭേദങ്ങൾ മനസ്സിലാക്കി. കാഴ്ചയുടെ സൂക്ഷ്മതയും അനുഭവങ്ങളുടെ തീഷ്ണതയും നിരന്തരം അടയാളപ്പെടുത്തുന്നു. ബാബു ജോണിന്റെ പുതിയ ഹിമാലയ സഞ്ചാര രചനയാണ്, മണിമഹേഷ് കൈലാസ യാത്ര. കാഴ്ചയും കഥയും സംസ്ക്കാരവും സാഹിത്യവും സമന്വയിക്കുന്ന രചന.

മണിമഹേഷിലേക്കുള്ള യാത്രയുടെ വഴികളും വഴി വിളക്കുകളും വിശദമായി തന്നെ ബാബു ജോൺ എഴുതുന്നുണ്ട്. ഓരോ പുതിയ സഞ്ചാരിക്കും അനായാസം കടന്നുപോകാൻ കഴിയുന്ന തരത്തിലാണ് യാത്രാപഥങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഭർമൗർ, ശ്രീ ബ്രാഹ്മണി മാതാ ക്ഷേത്രം, ചൗരാസി ക്ഷേത്രം, ഹഡ്സ, തുടങ്ങിയ ഇടങ്ങളിലൂടെ കടന്നാണ് മണിമഹേഷിലേക്ക് എത്തുന്നത്. ഓരോ ക്ഷേത്രത്തെകുറിച്ചുമുള്ള വിശദ വിവരണങ്ങൾ ഉണ്ട്. ചൗരാസി ക്ഷേത്രത്തെ കുറിച്ച് വിശദീകരിക്കുന്നു, "കുന്നു കയറിയെത്തുന്നിടത്ത് മണികൾ തൂക്കിയ വലിയ കമാനമുണ്ട്. ഈ കമാനം കടന്നെത്തുന്നത് ഒരു വലിയ ക്ഷേത്രസമുച്ചയത്തിലേക്കാണ്. തറ എല്ലാം കൽപ്പാളികൾ വിരിച്ചിട്ടുള്ള അതിമനോഹരമായ ഒരു ക്ഷേത്ര സമുച്ചയമാണിത്. മണിമഹേഷ് തീർത്ഥാടന കാലമായതിനാൽ ചൗരാസി ക്ഷേത്രമാകെ കൊടിതോരണങ്ങളാലും പുഷ്പമാല്യങ്ങളാലും അലങ്കരിച്ചിട്ടിരിക്കുകയാണ്. എല്ലായിടത്തും വിവിധ വർണങ്ങളിലുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ കാണാം" ഇത്തരം സൂക്ഷ്മ അവതരണങ്ങൾ നിരവധിയുണ്ട്.


Related Articles