'ഞങ്ങളിലില്ലാ ക്രൈസ്തവരക്തം
ഞങ്ങളിലില്ലാ ഇസ്ലാംരക്തം
ഞങ്ങളിലില്ലാ ഹൈന്ദവരക്തം
ഞങ്ങളിലുള്ളത് മാനവരക്തം'
നമ്മുടെ സാമൂഹിക ജീവിതത്തിന്റെ സൂക്ഷമതലങ്ങളെയും സാംസ്കാരികാവബോധത്തിന്റെ വ്യത്യസ്ത പാളികളെയും അസാധാരണമായ സ്നേഹബന്ധങ്ങളിലെ ആത്മസംഘര്‍ഷങ്ങളെയും അതിശക്തമായി ആവിഷ്കരിക്കുന്ന പതിനഞ്ച് കഥകളുടെ സമാഹാരമാണ് വി ഷിനിലാലിന്റെ 'ചോല'. ഈ കഥകള്‍ ഉയര്‍ത്തുന്ന മാനവികതാബോധത്തിന്റെ ആഴവും ജാതീയമായ സൂക്ഷ്മ രാഷ്ട്രീയവും വ്യക്തമാക്കുന്നതോടൊപ്പം തന്നെ സാമൂഹിക വിമര്‍ശനത്തിന്റെ മൂര്‍ച്ച കൂട്ടുകയും ചെയ്യുന്നു എന്നത് ഈ കൃതിയുടെ പ്രത്യേകതയാണ്.
'ജനാധിപത്യം എന്നാല്‍ വിഡ്ഢികളോ കോവര്‍ കഴുതകളോ ആയ വികാര ജീവികളുടെ മുന്‍ഗണന ആണെന്ന് അവര്‍ക്കറിയാമായിരുന്നു. അത്തരക്കാരാണ് ലോകത്ത് കൂടുതല്‍. ഭൂരിപക്ഷം മനുഷ്യര്‍ ഒരു കാര്യത്തില്‍ യോജിക്കുന്നുവെങ്കില്‍ അത് മനുഷ്യ പുരോഗതിക്ക് എതിരായ ഒന്നായിരിക്കും'(അമ്മ)
ഗുരുദേവ് എക്സ്പ്രസ്, അയ്യാറെട്ട്, ചോല, ക്രിയ, A to Z ഒരു ജീവിതാഖ്യാനം..., വരാല്, അടക്കം, ഈ കടലും കടന്ന്, അമ്മ, പപ്പടം, കാമായനം, ഈനാംപേച്ചി, മഹാപ്രസ്ഥാനം, പത്തായം, ചൂണ്ടുWILL എന്നീ കഥകളില്‍ വ്യക്തമായ ചരിത്ര-രാഷ്ട്രീയ ബോധ്യങ്ങള്‍ കൃത്യമായ അളവില്‍ ചേര്‍ന്ന എഴുത്താണ് വി ഷിനിലാലിന്റേത്. കലുഷിതമായ കാലത്തിന്റെ ദുഷ്പ്രഭാവങ്ങളില് നിന്ന് മാനസിക പലായനവും, അതേ പോലെതന്നെ വിപത്ത് പതിയിരിക്കുന്ന പുതുവഴികളെ കുറിച്ച് സൂക്ഷ്മമായ മുന്നറിയിപ്പുകളും നല്‍കുകയാണ് ഇത്തരം കഥകള്‍. സൂക്ഷമമായ ചിന്തകളും അന്വേഷണങ്ങളും അടങ്ങിയ കഥകള്‍ അവസാനിക്കുന്നത് മനുഷ്യനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കിക്കൊണ്ടാണ്. കാലത്തോടുള്ള സൃഷ്ടിപരമായ സംവാദമായി വായിക്കേണ്ട ചെറുകഥകളാണ് 'ചോല'.
