'ലൈലാക്കുല്‍സു'വിലെ രാഷ്ട്രീയം മനുഷ്യത്വമാണ്!

Book Review

'ലൈലാക്കുല്‍സു'വിലെ രാഷ്ട്രീയം മനുഷ്യത്വമാണ്!


ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പി. ജിംഷാറിന്റെ 'ലൈലാക്കുല്‍സു' എന്ന കഥാസമാഹാരം, വേറിട്ട പ്രമേയങ്ങളിലൂടെയും കഥാപാത്രങ്ങളുടെ വൈവിധ്യമാര്‍ന്ന തലങ്ങളിലൂടെയും വായനക്കാരെ ചിന്തിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ ഒരു സൃഷ്ടിയാണ്. സമകാലീന രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളോടും മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളോടുമുള്ള കഥാകാരന്റെ നിശിതമായ പ്രതികരണമാണ് ഈ സമാഹാരത്തിന്റെ പ്രധാന ആകര്‍ഷണീയത.

'അധികാരം നഷ്ടപ്പെട്ട സ്രഷ്ടാവും കഥാപാത്രവും' എന്ന ആദ്യ കഥ, ഒരു എഴുത്തുകാരന്റെ ആത്മപരിശോധനയുടെയും ധാര്‍മ്മിക ബോധത്തിന്റെയും അടയാളമാണ്. തന്റെ സൃഷ്ടികളിലുള്ള അധികാരം നഷ്ടപ്പെട്ടതായി തിരിച്ചറിയുന്ന എഴുത്തുകാരന്‍, പുതിയൊരു ലോകത്തേക്ക് നടന്നുനീങ്ങുന്നു. സിനിമയ്ക്കായി തിരക്കഥയെഴുതാന്‍ പോകുന്ന വിനോദ് എന്ന കഥാപാത്രം, ഇസ്ലാമോഫോബിയക്ക് കാരണമായേക്കാവുന്ന ഒരു കഥ നിരസിക്കുന്നതും, അതിന് പകരമായി മറ്റൊരു പ്രമേയം നല്‍കാന്‍ തയ്യാറാകുന്നതും എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതയെയും മനുഷ്യത്വപരമായ രാഷ്ട്രീയത്തെയും സൂചിപ്പിക്കുന്നു. കഥാപാത്രമായ വിനോദിന് എഴുത്തുകാരനുമായുള്ള സാമ്യത, കഥയുടെ പ്രമേയത്തിന് വിശ്വാസ്യതയും ആഴവും നല്‍കുന്നു.

'വേനല്‍ക്കാലം, മഴക്കാലം, മഞ്ഞുകാലം, കൊറോണക്കാലം, സിനിമക്കാലം, കാലം, അന്ന്!..' എന്ന കഥ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ബൃഹത്തായ അനുഭവമാണ്. കഥാപാത്രങ്ങളുടെ നിരവധി വൈകാരിക തലങ്ങള്‍ ഈ കഥയില്‍ നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും. മാപ്പിള രാമായണത്തെക്കുറിച്ചുള്ള പരാമര്‍ശം സാംസ്‌കാരികമായൊരു മാനവും ഈ കഥയെ സവിശേഷമാക്കുന്നു. ചായക്കടക്കാരനായ യൂസഫിക്കയും രാധികയും തമ്മിലുള്ള മനോഹരമായ പ്രണയമാണ് ഇതിലെ പ്രധാന ആകര്‍ഷണം. കഥയുടെ തുടക്കത്തില്‍ നിസ്സാരമായി തോന്നുന്ന ഒരു മാജിക്കുകാരന്റെ കഥ, കഥാന്ത്യത്തില്‍ യൂസഫിക്കയുമായി ബന്ധിപ്പിക്കപ്പെടുന്ന രീതിയിലുള്ള ആഖ്യാനഘടന വായനക്കാരെ ആകര്‍ഷിക്കുന്നു.


Related Articles