'9 എംഎം ബെരേറ്റ'; ​ഗാന്ധിയെ ആരു കൊന്നു എന്നതിനേക്കാള്‍ എന്തിനുകൊന്നു എന്നതിനുള്ള ഉത്തരം

Book Review

'9 എംഎം ബെരേറ്റ'; ​ഗാന്ധിയെ ആരു കൊന്നു എന്നതിനേക്കാള്‍ എന്തിനുകൊന്നു എന്നതിനുള്ള ഉത്തരം


എന്തിന് എഴുതുന്നു? എന്ന ചോദ്യം എന്തിന് ജീവിക്കുന്നു? എന്ന ചോദ്യം പോലെ നിരര്‍ത്ഥകമാണ്. '9mm ബെരേറ്റ' നോവലിന്റെ ആമുഖത്തില്‍ എഴുത്തുകാരന്‍ സമൂഹത്തിനോട് എറിയുന്ന ഈ ചോദ്യം നോവലില്‍ ആദ്യാവസാനം നിലനില്‍ക്കുന്നു. ഫാസിസത്തിന് എതിരെയുള്ള ആയുധമായി പുസ്തകത്തെ വിശേഷിപ്പിച്ചത് ജര്‍മന്‍ കവി ബെര്‍തോള്‍ഡ് ബ്രഹ്താണ്. 'വിശക്കുന്ന മനുഷ്യാ, നീ പുസ്തകം കയ്യിലെടുക്കൂ' എന്ന് അഹ്വാനം ചെയ്തതും ബ്രഹ്ത് ആണ്.

ഗാന്ധിജിയെ കൊല്ലാന്‍ ഗോഡ്‌സെ ഉപയോഗിച്ച ആയുധത്തിന്റെ പേരാണ് 9mm ബെരേറ്റ. ഫാസിസത്തിനെതിരെയുള്ള ശക്തമായ ഒരു ആയുധമാണ് ഈ നോവല്‍. ദി ഡെത്ത് ആന്റ് ആഫ്റ്റര്‍ ലൈഫ് ഓഫ് മഹാത്മ എന്ന പുസ്തകത്തില്‍ ഗാന്ധിജിയെ ആര് കൊന്നു എന്നതിനേക്കാള്‍ ഗൗരവമായ അന്വേഷണമാണ് എന്തിനു കൊന്നു എന്നത് എന്ന് പറയുന്നു. ഗാന്ധിവധക്കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഒരാള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ഗാന്ധിപ്രതിമയ്ക്ക് നേരെ എതിര്‍ഭാഗത്ത് പ്രതിഷ്ഠിക്കപ്പെടുന്ന ഇക്കാലത്ത് ആ ചോദ്യം വളരെ പ്രസക്തമാണ്; അതുപോലെ ഈ നോവലും. ആ ചോദ്യത്തിനുള്ള ഉത്തരം ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും നോക്കിക്കൊണ്ട് ആഖ്യാനം ചെയ്യുകയാണ് 9എംഎം ബെരേറ്റ എന്ന നോവലില്‍. 14 ദിവസത്തെ ഉപവാസത്തിനുശേഷം ഏറെ ദുര്‍ബലമായ, നിര്‍ജലീകരണം സംഭവിച്ച ശരീരത്തില്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 48.5 കിലോഗ്രാം തൂക്കം മാത്രമുള്ള, ഒന്ന് തള്ളിയിട്ടാല്‍ മരിക്കാന്‍ സാധ്യതയുള്ള ഒരാളെ എന്തിനാണ് വെടിവെച്ചത്, അതും മൂന്നു വെടിയുണ്ടകള്‍ ഉതിര്‍ത്ത് എന്ന ചോദ്യത്തിന് ഫാസിസത്തിന്റെ ഉത്തരം വെടി വെച്ചാണ് ഗാന്ധിയെ കൊല്ലേണ്ടത് എന്നാണ്.

ഈ നോവലിനെ ഒരു പാന്‍ ഇന്ത്യന്‍ നോവല്‍ എന്ന് വിശേഷിപ്പിക്കാം. ക്രൈം ഫിക്ഷന്റെ ഴോണറിലാണ് ഈ നോവലിന്റെ ആഖ്യാനമെങ്കിലും ക്രൈം ഫിക്ഷനിലെ ഒരു ജനപ്രിയഘടകമായ സസ്‌പെന്‍സിനെ ആശ്രയിച്ചല്ല ഈ നോവലിലെ ആഖ്യാനം വിജയിക്കുന്നത്. അന്വേഷണാത്മകതയിലെ പ്രഥമമായ ആരു കൊന്നു എന്നതിനേക്കാള്‍ എന്തിനുകൊന്നു എന്നതിനാണ് ഇവിടെ പ്രസക്തി. മൂന്നുതവണ ഗാന്ധിജിക്ക് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സാമൂഹികവും മനശാസ്ത്രപരവും രാഷ്ട്രീയപരവുമായ കാരണങ്ങളെ വിശകലനം ചെയ്തുകൊണ്ട് ആഖ്യാനം ചെയ്യുകയാണ് വിനോദ് കൃഷ്ണ ഈ നോവലില്‍. ഫാസിസത്തിന്റെ ആള്‍ക്കൂട്ടമനശാസ്ത്രത്തെക്കുറിച്ച് വീഹം റീക്കിനെ പോലെയുള്ള ചിന്തകര്‍ വിശകലനം ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ഉള്‍ക്കാഴ്ചകളെ ഈ നോവലിലെ കഥാപാത്ര ചിത്രീകരണത്തില്‍ നമുക്ക് കാണാം.


Related Articles