ജീവിതം അങ്ങേയറ്റം സുന്ദരമായിരിക്കുമ്പോള്‍ തന്നെ ദുരിതപൂര്‍ണ്ണവും നിരാലംബവുമാണ്. ഏറ്റവും വേദനാജനകവും ദുഃഖഭരിതവുമായി അവസാനിക്കുന്ന സ്‌നേഹബന്ധങ്ങളും പ്രണയാഭിമുഖ്യങ്ങളും മനുഷ്യാവസ്ഥയുടെ ദയനീയ പരിണിതിയാണ്. ഇത്തരം അന്വേഷണങ്ങളാണ് മനുഷ്യന്‍ ഇന്നോളം പരിചയിച്ചിട്ടുള്ള മിക്ക ആഖ്യാന മാതൃകകളും ആഖ്യാനപരീക്ഷണങ്ങളും പാഠാന്തരസാധ്യതകളും ചരിത്രത്തിന്റെ പുനരാവിഷ്‌ക്കാരങ്ങളും. ഉത്തരാധുനിക നോവലിന്റെ രചനാ രീതികളാകുമ്പോള്‍ത്തന്നെ ജീവിതം അതിന്റെ എല്ലാ ദുരന്തസ്വഭാവത്തോടുകൂടി അവതരിപ്പിക്കുന്ന കൃതികളും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല. പ്രതിജനഭിന്ന വിചിത്രമായ ജീവിതാവിഷ്‌ക്കാരം അങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇത്തരമൊരു രചനാലോകമാണ് ബിനീഷ് പുതുപ്പണത്തിന്റെ സുന്ദരജീവിതം എന്ന നോവലിലുമുള്ളത്. എല്ലാ സ്‌നേഹബന്ധങ്ങളുടെയും ആത്യന്തിക ഫലം ദുഃഖമാണ് എന്ന ഗ്രന്ഥകാരന്റെ മുന്‍വാക്കുകളോടെയാണ് ഈ നോവല്‍ ആരംഭിക്കുന്നത്.
ദുഃഖത്തിന്റെ ആന്തരശ്രുതി ഈ കൃതിയിലുടനീളമുണ്ട്. സ്‌നേഹവും അത് ഏല്‍പ്പിക്കുന്ന ദുഃഖവും തമ്മിലുള്ള നിരന്തര സംവാദമാണിവിടെയുള്ളത്. ഓള്‍ ഇന്‍ഡ്യാ റേഡിയോയുടെ വിവിധ സ്റ്റേഷനുകളില്‍ ജോലി നോക്കിയ അവിനാശ് നാഥ് എന്ന അവിവാഹിതനായ ചെറുപ്പക്കാരന്‍ ഒരു സന്ദര്‍ഭത്തില്‍ തൊഴിലിന്റെ ഭാഗമായി സ്വന്തം നാട്ടിലേക്കെത്തുന്നിടത്താണ് ഈ നോവല്‍ ആരംഭിക്കുന്നത്. ഏകാന്തതയെ പരിശോധിച്ചു കൊണ്ട് കഴിയുന്ന ഏതൊരാളിലും എപ്പോഴും കടന്നുവരാവുന്ന അകാരണമായ വിഷാദം ഈ ചെറുപ്പക്കാരന് കൂട്ടിനുണ്ട്. ഏകാന്ത ജീവിതത്തില്‍ നിശബ്ദമായി സംവദിക്കാന്‍ മനുഷ്യന്‍ തന്നെ വേണമെന്നില്ല. ചേതനമോ അചേതനമോ ആയ വസ്തുക്കളോടും ശബ്ദങ്ങളോടും നിറങ്ങളോടുമൊക്കെ ഈ നിമിഷങ്ങളില്‍ മനുഷ്യന് നിശബ്ദ സംവാദം സാധ്യമാണ്. അതിന് ഭാഷപോലും വേണമെന്നില്ല. ഏകാന്ത മനുഷ്യന്റെ ലോകം തന്നിലേയ്ക്ക് ചുരുങ്ങി വരുന്തോറും അത് കൂടുതല്‍ വിശാലവും സങ്കീര്‍ണ്ണവുമാകുന്നു എന്ന വസ്തുത ഇവിടെയുണ്ട്.
കൂടുതല്‍ അന്തര്‍മുഖനാകുമ്പോള്‍ ആന്തരിക സംവാദത്തിന്റെ ഇടങ്ങള്‍ വിസ്ത്യതമാകുന്നതു കാണാം. പൊതു ഇടങ്ങളില്‍ നിന്ന് ഒന്നോ രണ്ടോ വ്യക്തികളിലേക്ക് ജീവിതം ചുരുങ്ങിവരികയാണ്. എന്നാല്‍ അവിടെ വാക്കുകള്‍ സാന്ദ്രവും അര്‍ത്ഥപൂര്‍ണ്ണവുമായി തീരുകയാണ്. വാചാലതയിലും ബഹളമയമായ അന്ത രീക്ഷത്തിലും നഷ്ടപ്പെടുന്ന അര്‍ത്ഥരഹിതമായ ഭാഷണങ്ങള്‍ക്ക് ഇങ്ങനെയുള്ളവരുടെ ജീവിതത്തില്‍ ഇടമില്ലെന്നു വരുന്നു. അവിനാശിന് തന്റെ തൊഴിലിടത്തില്‍ കാര്യമായി സുഹൃത്ബന്ധങ്ങളൊന്നും തന്നെയില്ല. ഫിറോസ് എന്ന സഹപ്രവര്‍ത്തകന്‍ എന്തിനും ഒരു സഹായിയായി അവിനാശിനോടൊപ്പം ചേരുകയാണ്. അപരിചിതമായ ഇടത്ത് പുതിയ താമസസ്ഥലം കണ്ടെത്തുന്നതു മുതല്‍ അവിടെ വേണ്ട സൗകര്യങ്ങള്‍ ചെയ്ത കൊടുത്തും തൊഴില്‍ മേഖലയില്‍ പുതിയ സാധ്യതകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടും അവിനാശിനൊപ്പം ചേരുകയാണ് ഫിറോസ്. അത്യാവശ്യം വേണ്ട സൗകര്യങ്ങളുള്ള ഒരു ചെറിയ ഫ്‌ളാറ്റില്‍ അവിനാശ് പുതിയ ജീവിതം ആരംഭിക്കുന്നു. തൊട്ടപ്പുറം ഒരു ഭിത്തിയുടെ അകലത്തില്‍ താമസിക്കുന്ന രണ്ടു ഭവനങ്ങള്‍ മാത്രമാണ് പിന്നീട് ഈ നോവലിലേക്ക് കടന്നുവരുന്നത്.
