കോവിഡ് മഹാമാരിക്കാലത്ത് മനുഷ്യൻ കടന്നു പോയ ജീവിതവും സവർണ- പുരുഷ മേധാവിത്വത്തിന്റെ കെട്ട മുഖവും മധ്യവർഗ ജീവിതവുമെല്ലാമാണ് മിഥുൻ കൃഷ്ണയുടെ ഭോഗവധം കഥാസമാഹാരത്തിലെ ഓരോ കഥയിലും പ്രമേയവത്കരിക്കുന്നത്. നമുക്ക് അപരിചിതമല്ലാത്ത, നമുക്ക് ചുറ്റും തന്നെയുള്ള കുറേ ജീവിതങ്ങൾ. അവ മുന്നോട്ട് വെയ്ക്കുന്ന ആശയപരിസരം തീർത്തും വ്യത്യസ്തവും തീവ്രവുമാണ്.
സ്നേഹവും കാമവും പ്രണയവും വിഷാദവും അധികാര വർഗ്ഗത്തിന്റെ ചൂഷണവും അവകാശങ്ങളെ അടിച്ചമർത്താനുള്ള പ്രവണതകളുമെല്ലാം കഥകളെ ദ്യുതിപ്പിക്കുന്നു.
വർഗീയത, കലയിൽ പോലും പിടിമുറുക്കുന്ന ആസുരകാലത്തെപ്പറ്റിയും വർഗീയതയ്ക്കെതിരെ ഉയരുന്ന മതേതര ശബ്ദത്തെ നിശബ്ദമാക്കുന്ന തോക്കുകളെപ്പറ്റിയുമുള്ള കഥകളിലെ മനുഷ്യരും കഥാപരിസരവും ജീവിതവും നമുക്ക് അന്യമല്ല. പലപ്പോഴായി മാറ്റി നിർത്തപ്പെടുന്ന ജീവിതങ്ങളെയും മാനസിക സംഘർഷങ്ങളെ കൂടിയും ഭോഗവധത്തിൽ അവതരിപ്പിക്കുന്നുണ്ട്.
സാമൂഹ്യബോധത്തിലടിയുറച്ച സർഗാത്മക ചെെതന്യം കഥകളെ മനുഷ്യപക്ഷമാക്കുന്ന എഴുത്ത്. ആധിപത്യ സമൂഹങ്ങളുടെ താത്പര്യപ്രകാരം രൂപപ്പെട്ട സാമൂഹ്യസംവിധാനത്തിൽ പാർശ്വവത്കരിക്കപ്പെടുന്ന അടിസ്ഥാന വർഗപ്രതിനിധികളുണ്ട് ഇൗ കഥകളിൽ. സാമൂഹിക പരിഷ്കാരങ്ങളെ നിരർത്ഥകമാക്കിക്കൊണ്ട് അടിസ്ഥാനജനവിഭാഗത്തിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന സവർണബോധവും സാമൂഹ്യമേധാവിത്വവും ഏതുകാലത്തുമുണ്ടെന്ന ബോധ്യപ്പെടുത്തലുണ്ട് ഈ കഥകളില്‍.
