മധുരവേട്ട; സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഓര്‍മ്മപ്പെടുത്തല്‍

Book Review

മധുരവേട്ട; സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഓര്‍മ്മപ്പെടുത്തല്‍


സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഒരുപോലെ ആഘോഷിക്കപ്പെടുന്ന, സമകാലിക പ്രസക്തമായ നോവലാണ് ബിനീഷ് പുതുപ്പണം എഴുതിയ ‘മധുരവേട്ട’. സമൂഹത്തിലെ ലിംഗ അനീതികളെ വെളിപ്പെടുത്തുന്ന നോവൽ എന്ന നിലക്ക് ‘സ്ത്രീ ശക്തിയും, സ്വാതന്ത്ര്യ ബോധവും’ എന്ന വിഷയത്തിൽ അത്രയേറെ ചിന്തനീയവുമാണ് മധുരവേട്ട. നൂറ ഫാത്തിമ, ആതിര, ഹസീന, മേരി, രജനി എന്നീ അഞ്ച് സ്ത്രീ കഥാപാത്രങ്ങൾ സാമൂഹിക പ്രതിസന്ധികളെയും വ്യക്തിപരമായ പ്രശ്നങ്ങളെയും ഏകസങ്കലനമായി നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പ്രവർത്തികളാണ് നോവലിനെ മുൻപോട്ട് നയിക്കുന്നത്.

നാട്ടിലെ പുരുഷന്മാരുടെ പീഡനവും, സ്ത്രീകളുടെ അവകാശങ്ങളെ അവഗണിക്കുന്ന പൊതുസാമൂഹിക ബാഹ്യവ്യവസ്ഥയും ഇവരെ ഒരു കൂട്ടായ്മ രൂപീകരിക്കാൻ പ്രേരിപ്പിക്കുന്നു. ‘പെൺസഭ’; അതാണ് കൂട്ടായ്മയുടെ പേര്. തങ്ങൾ അടക്കമുള്ള നാട്ടിലെ ഓരോ സ്ത്രീക്കുമുണ്ടായ മോശം അനുഭവങ്ങൾ, അപമാനങ്ങൾ, അധികാരപരമായ സമ്മർദ്ദങ്ങൾ, സ്വാതന്ത്ര്യത്തിന്റെ ലംഘനം തുടങ്ങിയവയിൽ നിന്നെല്ലാം അവരെ സ്വതന്ത്രമായി പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നയിടത്തു നിന്നാണ് ‘പെൺസഭ’യുടെ തുടക്കം.

നാട്ടിലെ ആണുങ്ങളുടെ മോശമായ പെരുമാറ്റങ്ങളെ എതിര്‍ത്തു കൊണ്ട് സ്ത്രീകളെ മാനസികമായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലിംഗപരമായ അനീതികളെ നേരിടാൻ അവർ അഞ്ചു പേരും ‘പെൺസഭ’യെ മുൻനിർത്തി ഇറങ്ങി തിരിക്കുന്നു. പെണ്ണുങ്ങൾക്ക് നേരെ തുണി പൊക്കി കാണിക്കുന്നവനും, സ്ത്രീകളെ നോക്കി അശ്ലീലം പറയുന്നവനുമെല്ലാം ‘പെൺസഭ’യുടെ പ്രതിരോധ നടപടിയിൽ പെട്ട് കുഴങ്ങി പോവുന്നു. അതോടെ, സ്ത്രീകൾ തമ്മിലുള്ള സഹകരണത്തിന്റെയും, ധൈര്യത്തിന്റെയും പ്രതീകമായ ആ സംഭവം നാട്ടിൽ വലിയ ചർച്ചകൾ സൃഷ്ടിക്കുന്നു. അങ്ങനെ അത് സമൂഹത്തിലെ സ്ത്രീകൾക്ക് പ്രചോദനമാവുകയും അവരുടെ പ്രവർത്തനങ്ങൾ വാർത്തകളിലും ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകളിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. പുരുഷന്മാരുടെ ശക്തിയെ ചോദ്യം ചെയ്യുന്നതും, സ്ത്രീകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതുമായ ഈ സംഭവം ഭിന്നാഭിപ്രായങ്ങൾ ആണ് സമൂഹത്തിൽ സൃഷ്ടിക്കുന്നത്. സമൂഹത്തിലെ നീതി ഉറപ്പാക്കുന്ന ഒരു നീക്കമായി ചിലരതിനെ കാണുമ്പോൾ മറ്റു ചിലരത് അക്രമപരവും, പുരുഷന്മാരെ അപമാനിക്കുന്നതുമായ ഒരു നടപടിയായും കാണുന്നു. അതോടെ ഭിന്നാഭിപ്രായങ്ങളുടെ പ്രതിഫലനമായി സോഷ്യൽ മീഡിയയിൽ വിർച്വൽ ആക്രമണങ്ങൾ തുടങ്ങുന്നു. ഇതിനെയെല്ലാം നേരിടുകയും അതിജീവിക്കുകയും ചെയ്യുന്ന പെൺസഭ ഒരു ദിവസമൊരു യാത്ര പോകാൻ തീരുമാനിക്കുന്നു. ആ യാത്രക്കിടയിൽ രാത്രിയിൽ അവർ മദ്യപിക്കുകയും, ഒരു പുരുഷ വ്യഭിചാരിയുടെ ജീവിത കഥ കേൾക്കുകയും, പിറ്റേ ദിവസം അവരുടെ വ്യവഹാരങ്ങളിൽ പ്രതികാരം നടത്തുകയും ചെയ്യുന്നു. നോവലിന്റെ വികാസം ഇങ്ങനെയാണ്..


Related Articles