നോവല്‍ അനന്തസാധ്യതകള്‍ തുറന്നിടുന്ന ഒരു സാഹിത്യ വ്യവഹാര രൂപമാണ്. ജീവിതത്തിന്റെ സമഗ്രമായ ആവിഷ്ക്കാരത്തിന് ഉതകും വിധം അത് വിശാലവുമാണ്. വിവിധ തലമുറകളെയും കാലഘട്ടങ്ങളെയും കഥാപാത്ര ബഹുലതയെയും ഭിന്ന വിചിത്ര സ്വരൂപിയായ കഥാസന്ദര്‍ഭങ്ങളെയും ഉള്‍ച്ചേര്‍ത്ത് ഇഴ പിരിയാത്തവണ്ണം/വിളക്കിച്ചേര്‍ക്കാനും ഇണക്കിച്ചേര്‍ക്കാനും മാത്രം വിസ്തൃതമാണ് നോവലിന്റെ ബാഹ്യമായ ശില്പവിധാനം. ഏകതാനമായ കഥപറയല്‍ രീതി വിട്ട് ബഹുവിധങ്ങളായ ആഖ്യാന തന്ത്രം മെനഞ്ഞെടുക്കാന്‍ ഈ സാഹിത്യരൂപം കഥാകാരനെ സഹായിക്കുകയും ചെയ്യുന്നു. രചനാവേളയില്‍ എഴുത്തുകാരന്റെ ഏകപക്ഷീയമായ ഇംഗിതത്തിന് വഴങ്ങാതെ സ്വച്ഛന്ദവും തെളിവുറ്റതുമായ വ്യക്തിത്വം സ്വയമാര്ജിക്കുവാന് കഥാപാത്രങ്ങള്‍ക്ക് നോവല്‍ സാഹിത്യരൂപത്തിലൂടെ സാധിതമാകുന്നു. സന്ദര്‍ഭങ്ങളെ ക്രമാനുഗതമായി വിവരിക്കാതെ വിഭിന്നമായ ഘട്ടങ്ങളില്‍ വിന്യസിച്ച്, വായനക്കാരന്റെ ഇച്ഛയ്ക്കനുസരിച്ച് അന്വയിപ്പിച്ച് പരിണാമ(ഗുപ്തിയും)ത്തെയും ജീവിത ദര്‍ശനങ്ങളെയും അതിതീവ്രമായ ഒരനുഭവമാക്കി മാറ്റാനും നോവല്‍ സൗകര്യമൊരുക്കുന്നു.
ഇ സന്തോഷ് കുമാറിന്റെ 'തപോമയിയുടെ അച്ഛന്' എന്ന നോവല്‍ പ്രമേയത്തിലും ആവിഷ്ക്കാരത്തിലും കൃത്യമായ ഭാഷാശൈലിയിലും ജീവിതദര്ശനസന്നിവേശത്തിലും വ്യതിരിക്തത പുലര്‍ത്തുന്ന വായനാനുഭവമാണ് പകര്‍ന്നു തരുന്നത്. അകവും പുറവും ചിന്തേരിട്ടു മിനുക്കിയ ശില്പഘടന എന്നത് അതിവിശേഷണമാവില്ല തന്നെ. കഥ നടക്കുന്നത് കേരളീയമായ പശ്ചാത്തലത്തിലല്ല. കൊല്‍ക്കത്തയിലും ദല്‍ഹിയിലും ഒരുവേള കിഴക്കന്‍ ബംഗാളിലുമായി പടര്‍ന്നു കിടക്കുന്ന പശ്ചാത്തലഭൂമികകള്‍ നമുക്കിതില്‍ കാണാം. സാമാന്യമായി നാം മലയാളികള്‍ക്ക് അന്യവും അപരിചിതവുമായ കഥാപ്രതലം നോവലിന്റെ സുഗമവായനയ്ക്കോ ഗൗരവപൂര്‍ണമായ ആസ്വാദനത്തിനോ വിഘ്നം തീര്‍ക്കുന്നില്ല.
ഉദ്യോഗവശ്യാര്ത്ഥം കുറച്ചുകാലം ദല്‍ഹിയിലുണ്ടായിരുന്ന കഥാകാരന് ഒരു ആശംസാ കാര്‍ഡ് ലഭിക്കുന്നു. ചിഹ്നഭാഷയിലെഴുതിയ ആ ആശംസാകാര്ഡിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. 'ഷെല്‍റ്റര്‍' എന്ന പേരിലുളള അഭയാര്‍ത്ഥി ക്യാമ്പിനു വേണ്ടി കോര്‍പ്പറേറ്റ് കമ്പനികള്‍ നീക്കി വയ്ക്കുന്ന CSR (Corporate Social Responsbility) ഫണ്ടിന്റെ ആവശ്യവുമായാണ് തപോമയി ബറുവ കഥാകാരനെ സമീപിക്കുന്നത്. അതൊരു ദൃഢബന്ധമായി മാറുകയും പിന്നീട് കഥാകാരന് തപോമയിയുടെ പിതാവ് ഗോപാല്‍ ബറുവയിലേക്ക് എത്തിപ്പെടുകയുമാണ്. തപോമയി സമര്‍പ്പിച്ച കടലാസുകളില്‍ അറിയാതെ അകപ്പെട്ടുപോയ ഒരു മരുന്നു കുറിപ്പടിയാണ് ഗോപാര്ദായുമായുളള പരിചയമായി വളരുന്നത്. ആ മരുന്നു കുറിപ്പടിയില്‍ ഗൂഢഭാഷയില്‍ എന്തോ എഴുതി വച്ചിരുന്നു. ഇത്തരം രഹസ്യഭാഷയില്‍ കഥാകാരനും കൗതുകമുണ്ടായിരുന്നു എന്നതാണ് ഇരുവരെയും തമ്മില്‍ ഇണക്കിയ ഹേതു എന്നു പറയാം.
