ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനം നാനാത്വത്തിൽ ഏകത്വമാണ്. പല ഭാഷകളുടെയും പല മതങ്ങളുടെയും പലതരം പാരമ്പര്യങ്ങളുടെയും സാംസ്കാരികവൈവിധ്യങ്ങളുടെയും കലർപ്പാണ് ഇന്ത്യൻ ജനതയെ രൂപപ്പെടുത്തിയത്. സാംസ്കാരികദേശീയത ഇന്ത്യയുടെ ബഹുസ്വരതയെ തമസ്കരിക്കുകയും അതിനെ ഏകശിലാത്മകമകമാക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുന്നു. ദേശീയത രാഷ്ട്രത്തിന്റെ സ്വാഭാവികമൂല്യമല്ലെന്നും ജനതയുടെ സാങ്കല്പികാവബോധമാണെന്നും ബെനഡിക്ഡ് ആൻഡേഴ്സൺ 'ഇമാജിൻഡ് കമ്മ്യൂണിറ്റീസ്' എന്ന തൻ്റെ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. ദേശീയത സത്താപരമായ ആശയലോകത്തെയല്ല, രാഷ്ട്രത്തെക്കുറിച്ചുള്ള ജനതയുടെ ഭാവനാത്മകമായ വീക്ഷണത്തെയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം വിവരിക്കുന്നു.
മനുഷ്യരാശി അഭിമുഖീകരിക്കുന്ന സങ്കീർണ്ണരാഷ്ട്രീയപ്രശ്നങ്ങളെ കുറിച്ചുള്ള സർഗാത്മകമായ ഇടപെടലുകളാണ് മനോജ് വെങ്ങോലയുടെ മറ്റൊരു കാരണത്താൽ, മുളകുചെടികൾ വരയ്ക്കുന്നതാര്? എന്നീ കഥകൾ. വ്യക്തികളായല്ല, കേവലം നിഴലുകളായി ചുരുങ്ങിയ ബഹിഷ്കൃതജീവിതങ്ങളാണ് ഈ കഥകളിൽ കടന്നുവരുന്നത്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മനോജിൻ്റെ പ്രണയഭഗവതി എന്ന കൃതിയിലെ കാലികപ്രസക്തിയുള്ള കഥകളാണിവ. അപരവൽക്കരിക്കപ്പെട്ടവരുടെയും പുറംതള്ളപ്പെട്ടവരുടെയും ജീവലോകങ്ങളിലൂടെയുള്ള സൂക്ഷ്മസഞ്ചാരങ്ങൾ രണ്ട് കഥകളിലുമുണ്ട്. ഒപ്പം, കഥ പകർന്നുതരുന്ന കരുണയുടെയും കരുതലിന്റെയും ചേർത്തുനിർത്തലിന്റെയും നിശ്ശബ്ദസംഗീതം വായനക്കാരിലെ മാനവികതയെ തൊട്ടുണർത്തുകയും ചെയ്യും.
ഇന്ത്യൻ സമൂഹം നേരിടുന്ന ചില സാമൂഹിക, രാഷ്ട്രീയപ്രശ്നങ്ങൾ രണ്ടു കഥകളുടെയും അന്തർധാരയായി വർത്തിക്കുന്നു. പാൻ ഇന്ത്യൻ എന്നതിലുപരി ആഗോളപരിപ്രേക്ഷ്യത്തിലേക്കു വളരുന്ന കഥകളാണിവ. ലോകമെങ്ങുമുള്ള ബഹിഷ്കൃതരും അഭയാർത്ഥികളും നേരിടുന്ന അസ്തിത്വപ്രശ്നങ്ങൾക്ക് എത്രയോ സമാനസ്വഭാവങ്ങൾ കാണാം. അത്തരം മനുഷ്യരുടെ പലായനങ്ങളും അവർ നേരിട്ട ആക്രമണങ്ങളും നിശ്ശബ്ദമായ ആത്മപീഡകളും കഥകളിൽ വരച്ചിടപ്പെടുന്നു. പല പല അടരുകൾ ചേർത്ത് കഥ കെട്ടുമ്പോൾ നമ്മുടെ കാലത്തെയും ചരിത്രത്തെയും സമൂഹത്തെയും സൂക്ഷ്മമായി ഒപ്പിയെടുക്കാൻ കഥാകൃത്തിന് സാധിക്കുന്നു.
