ജീവിതമെന്ന മിത്തും യാഥാര്‍ത്ഥ്യവും

Book Review

ജീവിതമെന്ന മിത്തും യാഥാര്‍ത്ഥ്യവും


ഒരേ ജീവിതത്തില്‍ മനുഷ്യന്‍ അവതരിക്കുന്ന പലപല ജന്മങ്ങളുണ്ട്. ജീവിതത്തിന്റെ ഓരോ അടരുകളായി നില്‍ക്കുന്ന അത്തരം ജന്മങ്ങള്‍ ഓരോരോ കഥകളുമാകാം. ഒന്ന് ഒന്നിനോട് സമര്‍ത്ഥമായി യോജിച്ചുനില്‍ക്കുന്ന തുടര്‍ച്ചകളാകുമ്പോള്‍ത്തന്നെ മറ്റുചിലപ്പോള്‍ പരസ്പരബന്ധമില്ലാതെ അസംബന്ധത്തോളം അത് നീണ്ടുപോകും. അങ്ങനെ ജീവിതത്തിന്റെ ആ ആകസ്മികത മരണത്തിന്റെ തിരശ്ശീല താഴ്ത്തുംവരെ, ഏതോ വിഡ്ഢിയാല്‍ പറയപ്പെട്ടതോ അതുമല്ലെങ്കില്‍ ബുദ്ധിമാനാല്‍ രചിക്കപ്പെട്ടതോ ആയ ഒരു നീളന്‍കഥയാകും ചില ജീവിതങ്ങള്‍.

സുള്‍ഫിയുടെ 'പലജന്മങ്ങളില്‍ ഒരു ജീവിതം' ഇത്തരം ചിന്തകള്‍ക്ക് വഴിതുറക്കുന്ന ഒരു നോവലാണ്. അത് ആരംഭിക്കുന്ന ഒരു ബിന്ദുവില്‍നിന്ന് കീഴോട്ടും മേലോട്ടും അല്ലെങ്കില്‍ പല ദിക്കിലേക്കും ദിശയിലേക്കും വളരുകയും പടരുകയും ചെയ്യുന്നുണ്ട്, ജീവിതമെന്ന അസാധാരണതപോലെ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിലേക്ക് നാലോ അഞ്ചോ തലമുറകളിലൂടെ കഥ പടര്‍ന്നുനില്‍ക്കുന്നു. കവുങ്ങാടന്‍ വലിയമൊയ്തീനില്‍ തുടങ്ങി ചെറിയമൊയ്തീനും മൊയ്തീന്റെ മക്കളും പേരമക്കളും ഒടുവില്‍ അവരുടെ മക്കള്‍പോലും കഥയില്‍ വന്നുപോകുന്നുണ്ട്. ചെറിയ മൊയ്തീന്‍ കേന്ദ്രസ്ഥാനത്തുനില്‍ക്കുന്ന നോവലിന്റെ കഥയൂടെ ഭൂമിക താന്നിയൂര്‍ എന്ന ഒരു ദേശത്തിന്‍റെ പശ്ചാത്തലത്തിലാണെങ്കിലും ദേശത്തിന്റെ അതിര് പലപ്പോഴും കഥയും മൊയ്തീനും അതിലംഘിക്കുന്നു. അത് ചിലപ്പോള്‍ ഇന്ത്യയുടെതന്നെ അതിര്‍ത്തിക്കപ്പുറത്തേയ്ക്കും ഗമനം ചെയ്യുന്നുണ്ട്. അങ്ങനെതന്നെയാണ് കാലഗണനയും. സ്വാതന്ത്ര്യത്തിന് മുമ്പേയുള്ള സാമൂഹിക ചിരിത്രപശ്ചാത്തലത്തില്‍നിന്ന് സ്വാതന്ത്യാനന്തരവും സാങ്കേതികത്തികവുവന്ന വര്‍ത്തമാനംവരെയും കഥ വന്നുമുട്ടുന്നുണ്ട്.


Related Articles