സ്വരരാഗസുധാരസ സ്മൃതി

Book Review

സ്വരരാഗസുധാരസ സ്മൃതി


ജലജീവികളായ തിമിംഗലവും ഡോൾഫിനും സംഗീതത്തിനു വിധേയരാണെന്നെഴുതുന്നത് കാൾ സാഗൻ തന്നെയാണ്, തന്റെ 'കോസ്‌മോസ്' എന്ന സർവാശ്ലേഷിയായ ഗ്രന്ഥത്തിൽ -ഓർമയുടെ നീണ്ടുനിൽപ് -persistence of memory. തിമിംഗലത്തെക്കാൾ മസ്തിഷ്‌ക വ്യാപാരങ്ങൾ, ഡോൾഫിന് സ്വായത്തമാണ്; മനുഷ്യനോട് താരതമ്യം ചെയ്യാവുന്ന അത്രയും സമീപസ്ഥമല്ലെങ്കിലും. മനുഷ്യൻ ഉരുവാക്കിയ സംഗീതം എന്നു തന്നെയാണ് വിവക്ഷ, അല്ലാതെ സമുദ്രാന്തരങ്ങളിൽ സംഗീതവീചികളില്ലല്ലോ -നമ്മുടെ ഗ്രാഹ്യങ്ങൾക്ക് ഇപ്പുറം. The sea is murky എന്നാണ് നാം വായിക്കുക, ഇരുണ്ടുപോയിരിക്കുന്ന രസാതലംപോലുള്ള ഒരു അകത്തിൽ താളം അഭാവത്തിലാവും. തിമിംഗലങ്ങൾ തമ്മിൽ തമ്മിലുള്ള വിനിമയങ്ങളിൽ നേർത്ത ഒരു സംഗീതാത്മകത ഉണ്ടെന്ന് ധരിച്ചിട്ടുണ്ട്. അതെല്ലാം നമുക്കു കൗതുകമാണ്, കേൾക്കാവതല്ലെങ്കിലും, ചില സൂക്ഷ്‌മോപകരണങ്ങളാൽ മനസ്സിലാക്കാവുന്നത്. ഇവിടെയൊക്കെ നിയാമകമാവുക തലച്ചോറിലെ neuron എന്ന കോശങ്ങളാണ് -അതേ ശിരോകോശങ്ങളുടെ യാഥാർഥ്യത്തിലേക്കാണ് നാം വരിക.

തലച്ചോറിന്റെ മൂന്നാം അടരിൽ Cerebral cortex ആണ് മനുഷ്യന്റെ തേജസ്സിയന്ന മോചനം എന്ന് കാൾസാഗൻ കുറിച്ചിടുമ്പോൾ neuro aesthetics ഇപ്പോഴത്തെ പോലെ പ്രചാരത്തിൽ ആയിട്ടില്ല. എങ്കിലും, അദ്ദേഹത്തിന്റെ സൗന്ദര്യാത്മക നിർണയത്തിലേക്കു തന്നെയാണ് aesthetics determinate നാം പോകേണ്ടത്. അത് വിഷയമായി ഭവിച്ച അസാധാരണ ദ്രവീകരണ ശേഷിയുള്ള 'സ്വരം' (ഇ.പി. ശ്രീകുമാറിന്റെ) എന്ന രചനയുടെ പരിചരണത്തിൽ. ഇത് രാഗസിദ്ധമാണ്, അതേ എഴുത്തുകാരന്റെ 'മാംസപ്പോര്' എന്നത് താളബദ്ധമാണെന്നതുപോലെ. അതിൽ സുമോ ഗുസ്തിയുടെ സ്‌കന്ദതാളമാണെങ്കിൽ ഇത് സിനസ്‌തേഷ്യയുടെ രാഗ സന്നിഭങ്ങളാണ്. ലോകപ്രശസ്ത ന്യൂറോളജിസ്റ്റായ വി.എസ്. രാമചന്ദ്രൻ തന്നെയാണ് ഇ.പി. ശ്രീകുമാറിന് ആസ്പദമായി വരുന്നത്. പത്താമധ്യായം ആരംഭിക്കുന്നത് സംഗീതം കാണുവാൻ കഴിയുന്നുണ്ടോ എന്ന ചോദ്യവുമായാണ്. അതിൽ തന്നെ വേറൊരു സൂചകവുമുണ്ട്, ശങ്കരാഭരണം വായിക്കുമ്പോൾ തനിക്ക് ചെമ്പകപ്പൂവിന്റെ ഗന്ധം ഉളവാകുന്നുണ്ട്. ഇത്തരം സംയോജനങ്ങളെക്കുറിച്ച് ഓർക്കുന്നതിനേക്കാൾ പ്രസക്തം ഡോൾഫിന്റെ, തിമിംഗലത്തിന്റെ, സംഗീത പ്രതിപത്തി ആരായുന്നതാണ്.


Related Articles