വിശുദ്ധ നഗരം അവിശുദ്ധ ജീവിതം

Book Review

വിശുദ്ധ നഗരം അവിശുദ്ധ ജീവിതം


എഴുത്തുകാരനും സാംസ്‌കാരിക വിമർശകനുമായ സിയാവുദ്ദീൻ സർദാറിന്റെ ഏറ്റവും പുതിയ പുസ്തകമാണ് മക്ക: വിശുദ്ധനഗരം (Mecca: The Sacred City). അമ്പതിൽപ്പരം കൃതികൾ രചിച്ചിട്ടുള്ള സർദാർ ഇസ്ലാമിനെ ഒരു ആത്മീയ ദർശനമെന്ന നിലയിലും സാമൂഹ്യപദ്ധതിയെന്ന നിലയിലും വർത്തമാന ജീവിതാവസ്ഥകളോട് ചേർത്തുവെച്ച് വിലയിരുത്തുന്ന അപഗ്രഥന സമ്പ്രദായത്തിന്റെ ഉടമയാണ്. ഇസ്ലാമിക സിദ്ധാന്തങ്ങളിലൂടെയും ഇസ്ലാമിന്റെ സഞ്ചാരപഥങ്ങളിലൂടെയും അതിസൂക്ഷ്മമായ നിരീക്ഷണപാടവത്തോടെ കടന്നുപോകുന്ന അദ്ദേഹം ചരിത്രത്തിൽ ഇസ്ലാമിനെ അടയാളപ്പെടുത്തുന്നത് തന്റേതായ ചില അളവുകോലുകൾ വെച്ചാണ്. പല ഇസ്ലാമിക പ്രസ്ഥാനങ്ങളിലും സർദാർ പങ്കാളിയാവുകയോ കൂടെ സഞ്ചരിക്കുകയോ ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനിൽ ജനിച്ച് ഇംഗ്ലണ്ടിലെ ഹാക്ക്‌നിയിൽ വളർന്ന സിയാവുദ്ദീൻ സർദാർ വിവിധ ഇസ്ലാമിക പ്രസ്ഥാനങ്ങളിലൂടെയുള്ള തന്റെ യാത്രയെ ഡെസ്പറേറ്റ്‌ലി സീക്കിങ് പാരഡൈസ് ('സ്വർഗ്ഗം തേടി നിരാശയോടെ എന്ന പേരിൽ ഈ കൃതി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവ :കെ.സി.സലിം) എന്ന ആത്മകഥാ പ്രധാനമായ രചനയിൽ അടയാളപ്പെടുത്തുന്നു. രാഷ്ട്രീയ ഇസ്ലാമും പ്രബോധനാത്മകമായ ഇസ്ലാമുമെല്ലാം വിവിധ ജീവിതഘട്ടങ്ങളിൽ സർദാറിനെ പ്രചോദിപ്പിച്ചിരുന്നു. എന്നാൽ ഖുർആനെയും ഇസ്ലാമിക ദർശനത്തെയും, പുതിയ കാലത്തെ ജീവിതപ്രതിസന്ധികളുടെ അടിസ്ഥാനത്തിൽ, പുതിയൊരു പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കണ്ട്, സ്വന്തമായ വ്യാഖ്യാനങ്ങളിലും നിഗമനങ്ങളിലും എത്തിച്ചേരുകയാണ് അദ്ദേഹം ചെയ്യുന്നത്. (റീഡിങ് ഖുർആൻ എന്ന സർദാറിന്റെ കൃതി നോക്കുക) സർദാറിന്റേത് വിഗ്രഹഭഞ്ജനമാണെന്ന് കരുതുന്നവരുണ്ട്; ഇസ്ലാമിന്റെ ആധാരശിലകളെത്തന്നെ സർദാർ പൊളിച്ചുകളയുന്നു എന്നാക്ഷേപിക്കുന്നവരുണ്ട്. പക്ഷേ, തികഞ്ഞ മതവിശ്വാസം പുലർത്തിക്കൊണ്ട് തന്നെ ഇസ്ലാമിനെക്കുറിച്ചുള്ള പല ചോദ്യങ്ങൾക്കും യുക്തിഭദ്രമായ ഉത്തരങ്ങൾ കണ്ടെത്തുകയും, നൂറ്റാണ്ടുകളായി ലോകഗതി നിയന്ത്രിക്കുന്നതിൽ വലിയ പങ്ക് വഹിച്ചുപോരുന്ന ഒരു ദർശനത്തിനുചുറ്റും പടുത്തുയർത്തപ്പെട്ട പല മിഥ്യകളേയും പൊളിച്ചുകളയുകയും ചെയ്യുകയാണദ്ദേഹം എന്ന് കരുതുന്നവരാണേറെയും. പല അർത്ഥങ്ങളിലും സിയാവുദ്ദീൻ സർദാർ ഒരു ഇസ്ലാമിസ്റ്റാണ്. ഇസ്ലാമിനേയും മുസ്ലിം സമൂഹത്തേയും അപഗ്രഥനവിധേയമാക്കുമ്പോൾ ഒരു 'ക്രിറ്റിക്കൽ ഇൻസൈഡറുടെ' വേഷമണിയുക മാത്രമേ അദ്ദേഹം ചെയ്യുന്നുള്ളൂ എന്ന് കരുതുകയാവും ഉചിതം. വിശുദ്ധനഗരത്തിന്റെ ചരിത്രത്തിലൂടെയും വർത്തമാനത്തിലൂടെയും കടന്നുപോകുന്ന സന്ദർഭത്തിലും, ഇസ്ലാമിക കാഴ്ചപ്പാടുകളിൽ കേന്ദ്രീകൃതമായ നിലപാട്തറയിലാണ് അദ്ദേഹം നിൽക്കുന്നതെന്ന് 'മക്ക'യുടെ വായന തീർച്ചയായും നമ്മെ ബോദ്ധ്യപ്പെടുത്തും.

ഇസ്ലാമിന്റെ ഹൃദയഭൂമിയായ മക്ക എപ്രകാരമാണ് ആത്മീയമായി ദരിദ്രമായിപ്പോയത് എന്ന അന്വേഷണമാണ് സിയാവുദ്ദീൻ സർദാർ നടത്തുന്നത്. മക്കയിലെ വാസ്തുശില്പിയായ സമീഅൻഗാവിയും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് സർവ്വകലാശാലയുടെ സെക്രട്ടറി ജനറലായ അബ്ദുല്ലാ ഹനീഫും ചേർന്ന് മക്കയുടെ നേരേ ആധുനികത നടത്തിക്കൊണ്ടിരിക്കുന്ന നഗ്നമായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും വിശുദ്ധനഗരത്തെ അതിന്റെ പാരമ്പര്യം നിലനിർത്തുന്നതിന് പ്രാപ്തമാക്കാനും വേണ്ടി 1974 സപ്തംബറിൽ സ്ഥാപിച്ച ഹജ്ജ് റിസർച്ച് സെന്ററിൽ അഞ്ചുവർഷം സർദാർ ഗവേഷണപഠനത്തിൽ ഏർപ്പെട്ടിരുന്നു. സർവ്വകലാശാലയിലെ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ എതിർപ്പുകളെ മറികടന്ന് സർദാറും കൂട്ടരും ഒരുപാട് പണിയെടുക്കുകയും ചെയ്തിരുന്നു. മക്കയുടെ ചരിത്രത്തേയും സാംസ്‌കാരിക ഈടുവെപ്പുകളേയും കുറിച്ചും അതിന്റെ പരിസരപ്രദേശങ്ങളേയും സാമൂഹ്യഘടനയേയും ഭൂമിശാസ്ത്രത്തെയും കുറിച്ചുമെല്ലാം റിസർച്ച് സെന്റർ വിവരങ്ങൾ ശേഖരിച്ചു. മക്കയെ അഭിമുഖീകരിക്കുന്ന നഗരവൽക്കരണത്തിന്റേയും പരിസരമലിനീകരണത്തിന്റേയും പ്രശ്‌നങ്ങളെപ്പറ്റി അവർ പഠനം നടത്തി. ഹജ്ജ് എപ്രകാരമാണ് വിശുദ്ധനഗരത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്നത് എന്ന കാര്യവും അവർ അന്വേഷിച്ചു. ഈ ഗവേഷണപഠനങ്ങളുടെ പിൻബലത്തോടെയാണ് സർദാർ മക്കയുടെ ചരിത്രവർത്തമാനങ്ങളെക്കുറിച്ചുള്ള തന്റേതായ അനുമാനങ്ങളിലെത്തിച്ചേരുന്നത്; സൗദി ഭരണകൂടത്തിന്റെ സ്ഥാപിത താത്പര്യങ്ങൾ, പക്ഷേ, സർദാറിനെ പുകച്ചു ചാടിക്കുകയും, സെന്റർ അകാലചരമം പ്രാപിക്കുകയും ചെയ്തത് മറ്റൊരു കഥ. തന്റെ മക്കയിലെ അനുഭവങ്ങളെപ്പറ്റി സർദാർ 'സെപറേറ്റ്‌ലി സീക്കിങ് പാരഡൈസി'ലെ ഏതാനും അദ്ധ്യായങ്ങളിൽ രസകരമായി രേഖപ്പെടുത്തിയ സംഗതികൾ വായിക്കുമ്പോഴറിയാം ഒരു നഗരത്തിന്റെ സാംസ്‌കാരിക ഈടുവെപ്പുകൾ സംരക്ഷിക്കാനുള്ള ഉദ്യമങ്ങൾ എങ്ങനെയാണ് ചീറ്റിപ്പോയത് എന്ന്. 'മക്ക' എന്ന പുതിയ കൃതി ആ പരാജയത്തിന്റെ പിന്നിലുള്ള രാഷ്ട്രീയവും മതപരവുമായ വിവക്ഷകൾ വെളിപ്പെടുത്തുന്നു. ഉരുക്കും ഗ്ലാസ്സും കൊണ്ടുണ്ടാക്കിയ ഭീകരമായ ഒരു കോൺക്രീറ്റ് വനമായി വിശുദ്ധനഗരം മാറിപ്പോയേക്കുമോ എന്ന ആശങ്ക അദ്ദേഹം പങ്കുവെക്കുന്നു. 'പേരാറേ നീയുമൊരു അഴുക്കുചാലായി മാറിയേക്കുമോ' എന്ന് 'കുറ്റിപ്പുറം പാല'മെന്ന കവിതയിൽ, ഇടശ്ശേരി ഗോവിന്ദൻ നായർ പങ്കുവെച്ച ആശങ്കയ്ക്ക് സമാനമാണ് സർദാറിന്റേതും; കവികൾ മാത്രമല്ല എഴുത്തുകാർ മൊത്തത്തിൽ ക്രാന്തദർശികൾ തന്നെ.


Related Articles