അന്ത്യകൂദാശയെ ക്യാമറകണ്ണിലൂടെ വായിക്കുമ്പോള്‍!

Book Review

അന്ത്യകൂദാശയെ ക്യാമറകണ്ണിലൂടെ വായിക്കുമ്പോള്‍!


ക്രിസ്തുമസ് രാത്രിപോലെ സുന്ദരമായ ചില കാഴ്ചകളുണ്ട്. കണ്ണിന് ഇടവേള കൊടുക്കാതെ വിഷ്വലുകൾ വന്നുകൊണ്ടിരിക്കും. ആ വിഷ്വലുകൾക്ക് എന്നെ സംബന്ധിച്ചിടത്തോളം നിറംമാത്രമല്ല, മണവുമുണ്ട്. വെള്ളവിരിച്ച തീന്മേശയിൽ നിരത്തിയ പ്ലേറ്റുകളിൽ അച്ചപ്പവും അവലോസുണ്ടയും കൊഴുക്കട്ടയും നിറയും പോലെ. ആ ‘ക്രൈസ്തവപലഹാരങ്ങൾ’ക്ക് നിറവും മണവും മാത്രമല്ല, കൊതിപ്പിക്കുന്ന രുചിയുമുണ്ട്. മരണവീട്ടിലേക്ക് പോകുകയാണെങ്കിലും ‘ഒരുനിമിഷം നിൽക്കൂ’ എന്നു പറഞ്ഞിട്ട് കൈയിലുള്ള മൊബൈൽകൊണ്ടോ ക്യാമറകൊണ്ടോ അതെല്ലാം പകർത്താൻ തോന്നും.

എന്റെ പണിയായുധം പേനയല്ല, ക്യാമറയാണ്. ഒരു കഥ ഞാൻ വായിക്കുന്നത് കണ്ണുകൾകൊണ്ടല്ല, ക്യാമറ തിരുകിയ കണ്ണുകൊണ്ടാണ്. വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും സമ്മോഹനതയാണ് എന്റെ കഥകളുടെ സൗന്ദര്യം.

‘അന്ത്യകൂദാശയുടെ പിറ്റേന്ന്’ എന്ന കഥയിൽ ഒരു വലിയ കുളമുണ്ട്. വെള്ളത്തിന്റെ മേലാപ്പിൽ പച്ചക്കരടുപിടിച്ചതിനാൽ ആ കുളം പച്ചക്കുളമാണ്. ജലോപരിതലത്തിൽ പച്ച ടൈൽ വിരിച്ചതുപോലെ. ആ വെള്ളത്തിനടിയിലെവിടെയോ കമ്മലിട്ട വരാലുണ്ട്. പലരും പറഞ്ഞറിഞ്ഞ ആ കടുക്കനിട്ട കക്ഷിയെ കാണാനാണ് ബാലനായ ലോന കുളത്തെ വലംവയ്ക്കുന്നത്. ലോനയ്ക്കു വരാലെന്നപോലെ മറ്റുള്ളവരെ പ്രലോഭിപ്പിച്ച നിരവധി വസ്തുക്കൾ ‘പച്ച ടൈലി’ട്ട ജലനിരപ്പിന്റെ അടിയിലുണ്ട്. അതെല്ലാം കാണണമെങ്കിൽ വിശേഷപ്പെട്ട ക്യാമറ വേണം. അതില്ലാത്ത വായനക്കാരൻ ഭാവനചെയ്യും. മാളിയേക്കലെ ലോന എളേപ്പനു സാജനച്ചൻ അന്ത്യകൂദാശ കൊടുക്കുമ്പോൾ ഒരു ചുമരിന്റെ അപ്പുറത്ത് മാത്തനും പാപ്പച്ചനും നിൽക്കുന്നുണ്ട്. അവർക്ക് ആ ചടങ്ങ് കാണാൻ കഴിയുന്നില്ല. എന്നാൽ കാണുന്നുണ്ടെന്ന് വേണം കരുതാൻ. കാരണം, കാണാമറയത്തുള്ളതിനെ ആളുകൾ ഭാവനചെയ്തുകാണും. ഭാവനചെയ്യാനുള്ള പ്രേരണയാണ് ഈ കഥയുടെ ഏറ്റവും വലിയ സംഭാവന.


Related Articles