ഓർമ്മ ഒരു കവചമാണ്; ഒരു ആയുധവും. (നമുക്ക് വേണ്ടുന്ന ഓർമ്മ നമ്മൾ തന്നെ തിരഞ്ഞെടുക്കുമെന്ന് പറഞ്ഞത് ഓഷോയായിരുന്നോ?) ഓർമ്മകൾ പെറുക്കാൻ തുടങ്ങുമ്പോൾ തന്നെ അറിയാതെ നമ്മൾ നടത്തുന്നതാണ് ഈ തിരഞ്ഞെടുപ്പ്. ചില ഓർമ്മകൾ, ചില പേരുകൾ, ചില മുഖങ്ങൾ മന:പ്പൂർവ്വം തന്നെ എടുക്കാതെ മാറ്റി വയ്ക്കുന്നതും അത് കൊണ്ടാണ്. എടുക്കുന്ന ഓർമ്മകളിൽ തന്നെ ഇത്രയും കാലത്തിന് ശേഷം നമ്മൾ അടിച്ചു കൊടുക്കുന്ന നിറക്കൂട്ടുകളുമുണ്ടാകും. ഓരോ ഓർമ്മക്കുറിപ്പും വായിക്കാനെടുക്കുമ്പോൾ അതിൽ സത്യകഥകൾ തിരയരുത്, മറിച്ച് അതിൽ നിറയുന്ന ജീവിതം കാണണം എന്ന പാഠമാണ് ആദ്യം പഠിച്ചത്
പക്ഷേ, സജിത ഓർമ്മ എഴുതുമ്പോൾ സംഭവിക്കുന്നത് ഇതൊന്നുമല്ല. ഒരു കുട്ടി തട്ടിൻപ്പുറത്ത് ആരൊക്കെയൊ എന്നൊക്കയോ ഉപേക്ഷിച്ചും, എടുക്കാൻ മറന്നും പോയ, പിന്നാലെ വന്ന ആരോ കഥയറിയാതെ വാരിക്കൂട്ടിയിട്ട സാധനങ്ങളുടെ ഇടയിൽ നിന്ന് തനിക്ക് വേണ്ടത് പെറുക്കി വൃത്തിയായി അടുക്കി വച്ചിട്ട്, മച്ചിലെ കുഞ്ഞു ജനാല തുറന്ന് വയ്ക്കുന്നത് പോലെയാണത്. വെളിച്ചത്തിന്റെ ഈ ഒരൊറ്റ പാളിയിൽ തെളിയുന്ന കാഴ്ചകൾ, അതാണ് “വെള്ളിവെളിച്ചവും വെയിൽനാളങ്ങളും” എന്ന ഈ പുസ്തകത്തിന്റെ ഭംഗി.
ആമുഖത്തിൽ സജിത പറയുന്നുണ്ട്, സർജറി കഴിഞ്ഞ ശേഷം നടന്ന ഒരു സംഭവത്തെ കുറിച്ച്. അതിങ്ങനെയാണ്: "ഡോക്ടർ എന്റെ കഥ കേട്ട് ഞെട്ടിക്കാണും. കാരണം പുതിയ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ചേർത്ത് ഞാൻ പറഞ്ഞത് ഡോക്ടർ പറഞ്ഞ കഥയായിരുന്നില്ല… അതിൽ പലതും ഞാൻ കൂട്ടിച്ചേർത്തിരുന്നു."
