ഒരിക്കലും സ്വാസ്ഥ്യം തരാത്ത ജന്മനിയോഗം പേറാൻ വിധിക്കപ്പെട്ടവരാണല്ലൊ കവികൾ. അത് ഏറിയോ കുറഞ്ഞോ ആയിരിക്കണം ഓരോ കവിയേയും വഴിനടത്തുന്നത്. അടിമുടി കവിതയുടെ ഭ്രാന്തമായ താളം ആവേശിച്ച കവിയാണ് പി.എ.നാസിമുദ്ദീൻ. ജീവിതം കവിതയിൽ നിന്ന് വേറിട്ട ഒന്നല്ല അയാൾക്ക്. അതായത് ജീവിതത്തെ ദാർശനികമായി നോക്കിക്കാണാനുള്ള സൂക്ഷ്മദർശിനിയാണ് കവിയ്ക്ക് കവിത. സൂഫിസത്തിന്റേയും ബുദ്ധിസത്തിന്റേയും ദർശനങ്ങളുടെ അന്തർധാര ഈ കവിതകളിൽ കാണാം. സൂഫിസൂക്തങ്ങളിലെ ആത്മീയചൈതന്യങ്ങളും, ബുദ്ധതത്വങ്ങളിലെ ആശയസംഹിതകളും ഒരുപോലെ ഈ കവിയുടെ കവിതകളിൽ പലപ്പോഴും വിലയംപ്രാപിക്കുന്ന സംഗതിയാവുന്നുണ്ട്. ഒപ്പം, മിസ്റ്റിക് കവിതകളുടെ പ്രസരണശേഷിയും.
'ദൈവത്തിനൊപ്പം ഒരു പിക്നിക്' എന്ന പുതിയ കവിതാസമാഹാരം ഉന്മാദത്തിന്റെ നിലാവിലൂടെയുള്ള സഞ്ചാരമാണ്. 'മുൻപേ ആവിഷ്കരിക്കപ്പെട്ടത് പിന്നീട് ആവിഷ്കരിക്കണ്ടല്ലോ.' എന്ന് 'അനാഥമായിപ്പോയ കവിത'യിൽ പറയുന്നത് സ്വന്തം നിലപാടുതന്നെയാണ്. പുതിയതല്ലാത്തതൊന്നും ഇയാൾ പറയുന്നില്ല. ജീവിതം വ്യർഥമായവന്റെ ദൈവക്കാഴ്ചയാവുന്ന 'ദൈവത്തിനൊപ്പം ഒരു പിക്നിക്' അടക്കമുള്ള അറുപതു കവിതകളിൽ വേറിട്ട വഴിയിലൂടെ ഈ കവി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.
രതിയും പ്രണയവും ഭ്രാന്തും സ്വപ്നങ്ങളും മതവും രാഷ്രീയവും ഭീതിയും ഓർമ്മകളും നാടും ചരിത്രവും ഈ സമാഹാരത്തിലെ കവിതകളുടെ പശ്ചാത്തലമാവുന്നുണ്ട്. എന്നാലതെല്ലാംതന്നെ ഉന്മാദത്തിന്റെ സൗമ്യവും തത്ത്വപരവുമായ പരിണതികളിലൂടെ കടന്നുപോവുന്നതും കാണാം. എന്നാൽ, രോഷം പുരണ്ട ഹാസ്യം വരികൾക്കിടയിൽ കനലായി നീറ്റുകയും. 'കുഞ്ചൻ നമ്പ്യാർ മാനാഞ്ചിറ പാർക്കിൽ' എന്ന കവിതക്ക് രാഷ്ട്രീയമായ ഒരു മാനമുണ്ട്. അധികാരഗർവ്വത്തെ കവിതകൊണ്ടു പ്രഹരിച്ച മഹാകവി ഒരു കാലത്തുനിന്ന് പുതിയ കാലത്തേക്കെത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നഭരിതമായ അവസ്ഥാവിശേഷത്തെയാണ് കവിത കാണുന്നത്. 'ഇ-പാന'യെന്ന കവിതയിലാണ്, 'പ്രചോദനപ്രഘോഷകർ' എന്ന കൗതുകപ്പെടുത്തിയ ഒരു പദം കണ്ടത്. മോട്ടിവേറ്റേഴ്സ് എന്നതിന് ഇതിനുമേലെങ്ങനെ ഒരു മലയാളപദം നിർമ്മിക്കും! ഓരോ വഴിയും പേറുന്ന ആകുലതകളിൽ അന്തിച്ചുനിൽക്കുന്നതുകാണാം 'പള്ളിക്കൽ ബസാർ' എന്ന കവിതയിൽ. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസൻ പുതിയകാലത്തെ അസ്തിത്വദുഃഖങ്ങളുടെ തുടർച്ചയാവുന്നതും ഇത്തരമൊരു ആകുലതയിൽനിന്നാവാം. എൺപതുകളിൽ ആത്മഹത്യചെയ്ത യുവ കവി സനൽദാസ് എഴുതിവെച്ച, 'ഞാനിന്നും പ്രതികൂട്ടിലാണ്./എനിക്കെന്റെ വാക്കുകളും/ചിറകുകളും നഷ്ടപ്പെട്ടിരിക്കുന്നു.' എന്ന വരികളെ പുതിയകാലം ആയിരം ഉരുക്കുമുഷ്ടികളായി പറന്നെത്തി അടിച്ചമർത്തുന്ന ഒരു കാഴ്ചയിൽ ഫാസിസത്തിന്റെ കടന്നുവരവിനെ ഭീതിദമായി അടയാളപ്പെടുത്തുന്നുണ്ട്. സ്വപ്നവും ഭയവും കൂടിക്കലർന്ന നിഴൽചിത്രങ്ങളുണ്ട് 'മനോരോഗാലയത്തിലെ ദിനങ്ങളി'ൽ. 'ഒബ്സസ്സീവ് ന്യൂറോസിസ്സി'ലും കാണാം വിഭ്രാന്തമായ കല്പനാചിത്രങ്ങൾ. കുറച്ചുകൂടി വ്യക്തമാക്കി, 'കൃത്യനിഷ്ഠക്കാരൻ' എന്ന കവിതയിൽ എല്ലാം കുഴഞ്ഞുമറിഞ്ഞ് കിടക്കുന്ന ലോകത്ത് ഭ്രാന്തരായോ മൃതദേഹങ്ങളായോ ജീവിച്ചുതീർക്കലിനെക്കുറിച്ച് പറഞ്ഞുവെക്കുകയും ചെയ്യുന്നു. 'മൂഡി'ലും കാണാം കാലത്തിന്റെയീ കുഴമറിയൽ. 'ഉന്മാദിയുടെ സെൽഫ് പോർട്രെയിറ്റി'ൽ ഇത് ആഴത്തിലുള്ള ഒന്നായി വരച്ചുചേർക്കുകയും ചെയ്യുന്നു.
