ഫ്രൈഡേ ഫോറൻസിക് ക്ലബ്, കുറ്റമറ്റൊരു കുറ്റാന്വേഷണകഥ

Book Review

ഫ്രൈഡേ ഫോറൻസിക് ക്ലബ്, കുറ്റമറ്റൊരു കുറ്റാന്വേഷണകഥ


160 പേജുകൾ, മൂന്ന് ഭാഗങ്ങളിലായി മൂന്ന് ആഖ്യാനങ്ങൾ, വായനയെ ഉന്നതമായ അനുഭവമാക്കി മാറ്റിയ "ഫ്രൈഡേ ഫോറൻസിക് ക്ലബ്" എന്ന ഡോ. രജത്തിന്റെ ഏറ്റവും പുതിയ പുസ്തകം ഇപ്പോഴാണ് വായിച്ചത്. ശാസ്ത്രീയമായ കുറ്റാന്വേഷണത്തിന്റെ ക്ലാസ്സിക്കൽ മാതൃകകളാണ് ഡോ. രജത് ആറിന്റെ പുസ്തകങ്ങൾ.

അനുഭവസമ്പത്തും, ആഴത്തിലുള്ള ബോധ്യങ്ങളും, സൂക്ഷ്മമായ അറിവും, വിഷയത്തിലുള്ള അഗാധമായ ജ്ഞാനവും ഈ എഴുത്തുകാരന്റെ രചനകളെ ശ്രദ്ധേയമാക്കുന്നു. അലങ്കാരങ്ങളോ മുഴച്ചു നിൽക്കുന്ന രംഗങ്ങളോ, ത്രില്ലറുകളിൽ പലരും പിന്തുടരുന്ന നിലവാരമില്ലാത്ത ശൈലികളോ പ്രയോഗങ്ങളോ മടുപ്പിക്കുന്ന സംഭാഷണങ്ങളോ ഇതിലില്ല. മിതത്വം എന്നത് അനന്യമായ ഒരു ഗുണവിശേഷമായി നമുക്ക് അനുഭവപ്പെടുന്നു.

ഒരൊറ്റ നോവൽ മൂന്നു ഭാഗങ്ങളിലായി എഴുതപ്പെട്ട മൂന്നു കേസുകളുടെ ഓർമ്മകളായാണ് വായനക്കാരനുമായി പങ്കുവെക്കുന്നത്. അതുകൊണ്ട് തന്നെ വായന തികച്ചും സഹജമായ ഒരു പ്രവാഹമായി അവസാനിക്കുന്നു. മൂന്നു കേസുകളിലും വായനക്കാരനെ വിസ്മയിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്ന പല ട്വിസ്റ്റുകളും ഉണ്ട്. അതേസമയം അവ കഥയുടെ ശരീരത്തോട് ചേർന്നുനിൽക്കുന്ന സഹജമായ സംഭവങ്ങളുമാണ്. ഒരിടത്തുപോലും ഇഴച്ചിലോ മടുപ്പോ ആശയക്കുഴപ്പമോ ഉണ്ടാവാത്തവിധത്തിലാണ് കേസുകൾ അവതരിപ്പിക്കുന്നത്.


Related Articles