അക്ഷരങ്ങളിൽ തെളിയുന്ന ജ്ഞാനദീപം

Book Review

അക്ഷരങ്ങളിൽ തെളിയുന്ന ജ്ഞാനദീപം


നുഷ്യരുടെ  ഉള്ളിലും പ്രപഞ്ചത്തിന്റെ നിശ്ശബ്ദതയിലും വിരിയുന്ന അർത്ഥങ്ങളെ തേടുമ്പോൾ സൃഷ്ടിയും ആത്മീയതയും ഒരേ പാതയിൽ എത്തിച്ചേരുന്നു. അക്ഷരങ്ങൾ ആത്മാവിന്റെ സ്പന്ദനങ്ങളെ കേട്ടറിഞ്ഞു പൂക്കുന്ന ഈ യാത്രയിൽ, വാക്കുകൾ ജ്ഞാനത്തെ പ്രഭാപൂർണ്ണമാക്കുന്ന കർപ്പൂരദീപങ്ങളായി മാറുന്നു. ഈ സർഗാത്മക പ്രവർത്തനം ആത്മീയാന്വേഷണവുമായി ലയിക്കുന്നതോടെ, കൃതി കലയുടെ അതിരുകൾ കടന്ന് വായനക്കാരെ ദർശനങ്ങളുടെ അന്തർലോകത്തിലേക്കു നയിക്കുന്ന അനുഭവമായി ഉയരുന്നു. അനന്തതയെയും നിശ്ചലതയെയും ഒരുമിപ്പിക്കുന്ന കാവ്യസത്യങ്ങൾ അതിലൂടെ വെളിപ്പെടുന്നു. ഇത്തരത്തിൽ വിശിഷ്ടമായ ആത്മീയ-സൃഷ്ടിപഥത്തിന്റെ വെളിച്ചത്തിലാണ് പ്രശസ്ത കവിയും സംഗീതനിരൂപകനുമായ പി. രവികുമാറിന്റെ "പട്ടിനത്താർ' ഞാൻ വായിക്കുന്നത്.
സമകാലീന മലയാള കവിതയെ പുതിയ ദിശയിലേക്കു നടത്തുന്ന 'പട്ടിനത്താർ' അക്ഷരങ്ങളിൽ കൊത്തിയെടുത്ത ഒരു ദാർശനിക ശിൽപമാണ്. തമിഴ് മണ്ണിൽ പിറന്ന ജ്ഞാനിയായ പട്ടിനത്താറുടെ ജീവിതത്തെയും ദർശനങ്ങളെയും മലയാളത്തിന്റെ ഹൃദയത്തിലേക്ക് ആവാഹിക്കുമ്പോൾ, അതൊരു കാവ്യാനുഭവം എന്നതിലുപരി അറിവിന്റെ ആഴങ്ങളിലേക്ക് നമ്മെ കൈപിടിച്ചുയർത്തുന്ന ഒരു ജ്ഞാനസാന്നിധ്യമായി മാറുന്നു. കോലാഹലങ്ങൾ നിറഞ്ഞ ഈ നവയുഗത്തിൽ, ഒരു പുരാതന താളിയോലയുടെ പരിശുദ്ധിയോടെ ഈ കാവ്യം നമ്മുടെ ആന്തരികസത്തയെ വികസ്വരമാക്കുന്നു.
ലോകമെങ്ങും മുഴങ്ങുന്ന പരിത്യാഗത്തിന്റെ മണിനാദംപോലെയാണ് പട്ടിനത്താറുടെ ജീവിതകഥ. കിരീടവും ചെങ്കോലും ഉപേക്ഷിച്ച് ബോധിവൃക്ഷച്ചുവട്ടിൽ അഭയം തേടിയ ശ്രീബുദ്ധനിലും ദിഗ്‌വിജയങ്ങൾക്കൊടുവിൽ ശൂന്യമായ കൈകളോടെ മടങ്ങേണ്ടിവന്ന അലക്സാണ്ടർ ചക്രവർത്തിയിലും നാം കാണുന്ന അതേ സത്യമാണ് പട്ടിനത്താറിലും ജ്വലിക്കുന്നത്. ഭൗതികമായ നേട്ടങ്ങളുടെയും ബന്ധങ്ങളുടെയും നശ്വരതയെക്കുറിച്ചുള്ള തിരിച്ചറിവാണ് ആത്മീയതയുടെ ആദ്യപടി. പാശ്ചാത്യലോകത്ത് കീർക്കെഗാഡും കാമുവും വാക്കുകളിലൂടെ തേടിയ ജീവിതത്തിന്റെ പൊരുൾ, പട്ടിനത്താർ സ്വന്തം ജീവിതംകൊണ്ട് സാക്ഷാത്കരിച്ചു.
കാവേരിപ്പൂമ്പട്ടണത്തിലെ എണ്ണമറ്റ സമ്പത്തിന് ഉടമയായിരുന്ന തിരുവെൺകാടൻ എന്ന വ്യാപാരിയെ പട്ടിനത്താർ എന്ന ഭിക്ഷാംദേഹിയായ സന്ന്യാസിയാക്കി മാറ്റിയത് മകൻ നൽകിയ ഒരു ചെറു കുറിപ്പാണ്.  "കാതറ്റ ഊശിയും വാരാതു കാൺ കടൈവഴിക്കേ' എന്നൊരു ഓലയും.  ഈ ശരീരം പോകുമ്പോൾ ഒന്നും കൂടെയുണ്ടാവില്ല' എന്ന ജ്ഞാനത്തിന്റെ തീപ്പൊരി ഒരു മഹാഗ്നിയായി അദ്ദേഹത്തിനുള്ളിൽ പടർന്നു. ലോകം മുഴുവൻ നേടിയാലും മരണത്തിന്റെ പടിവാതിൽക്കൽ നാം വെറുംകൈയോടെ നിൽക്കുമെന്ന പരമമായ സത്യം  അദ്ദേഹത്തിനു മുന്നിൽ വെളിപ്പെട്ടു.
ഈ കൃതിയുടെ ആത്മാവ് അദ്വൈതദർശനത്തിന്റെ അമൃതാണ്. അറിയുന്നവനും അറിയപ്പെടുന്നതും അറിവും മൂന്നല്ല, ഒന്നാണെന്ന പൊരുൾ അതിമനോഹരമായ ബിംബങ്ങളിലൂടെ കവി വെളിപ്പെടുത്തുന്നു.

Summary: Madhu Vasudevan writes aboutr P. Ravikumar's poem Pattinathaar


Related Articles