ചിത്രകഥയിലെ നിശബ്ദ വിപ്ലവം: “ചെറിയ മനുഷ്യരും വലിയലോകവും” അപകോളനിവത്കരണത്തിന്റെ ദൃശ്യരേഖകൾ 2

Book Review

ചിത്രകഥയിലെ നിശബ്ദ വിപ്ലവം: “ചെറിയ മനുഷ്യരും വലിയലോകവും” അപകോളനിവത്കരണത്തിന്റെ ദൃശ്യരേഖകൾ 2


ജോലി അന്വേഷണത്തിൽ വ്യാപൃതനാവുന്ന രാമുവിന്റെ കഥ പറയുന്ന ഫ്രെയിമുകളിൽ എല്ലാം അരവിന്ദൻ അവതരിപ്പിക്കുന്ന സാധാരണ മനുഷ്യർ ഉണ്ട്. ചായകടക്കാരൻ മമ്മദ്, പോസ്റ്റ് മാൻ, റിക്ഷക്കാരൻ, ജോത്സ്യന്മാർ, ജോത്സ്യന്മാരായ സ്ത്രീകൾ, ബസ്സ് കാത്തുനിൽക്കുന്ന സ്ത്രീകൾ, എന്നിവരെയെല്ലാം ഫ്രെയിമിനകത്ത് കൊണ്ടുവരുന്നുണ്ട്. അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെയും സവിശേഷാധികാരമില്ലാത്ത മനുഷ്യരുടെയും ചോദ്യങ്ങളെയും ആശ്വാസവാചകങ്ങളെയും സംഭാഷണങ്ങളിലേക്ക് കൊണ്ടുവരുന്നത് കൊളോണിയൽ ആഖ്യാന മാതൃകകളെ തല്ലിതകർത്തുകൊണ്ടാണ്. ഇവിടെ അരവിന്ദൻ കഥയുടെ ആഖ്യാനത്തെ തന്നെ അപനിർമ്മിക്കുകയാണ്.

വിവാഹം എന്ന സ്ഥാപനത്തിൽ “സ്ത്രീ എന്ന ലിംഗത്തെ വിൽപ്പനച്ചരക്ക് ആക്കുന്ന വ്യവസ്ഥിതിയെ തുറന്ന് കാണിക്കുന്നത് രാമുവിന്റെ സഹോദരി രാധയെ മുൻനിർത്തിയാണ്. കൊളോണിയൽ മുതലാളിത്തം സ്ത്രീയെ വസ്തുവത്ക്കരിച്ചതിനാൽ പണവും പ്രതാപവും ഇല്ലാത്ത വളരെ സാധാരണ കുടുംബത്തിലെ പെൺകുട്ടി ഒരു ബാധ്യത ആവുന്ന കാഴ്ചയാണ് അരവിന്ദൻ രാധയിലൂടെ വരച്ചിടുന്നത്. പെണ്ണ് കാണൽ ചടങ്ങിൽ ഒരു പ്രദർശന വസ്തുവായി നിൽക്കുകയും അവസാനം സ്ത്രീധനത്തെ ചൊല്ലി വേഷം അഴിച്ചുവെക്കുകയും ചെയ്യുമ്പോൾ അവിടെ രാധ അപമാനിതയാവുന്നത് അവളെ വ്യക്തി എന്ന നിലയിൽ കണക്കാക്കാത്ത സമൂഹത്തിന് മുന്നിൽ ആണ്. രാധയെ വിവാഹം കഴിക്കാൻ വരുന്നവന്റെ സഹോദരിയെ രാമുവിന് ആലോചിക്കുമ്പോൾ രാമുവിന് ജോലി ഇല്ലാത്തതിനെ ചൊല്ലി ആ വിവാഹവും നടക്കുന്നില്ല. നോവലിന്റെ അവസാനം വരെ രാധ സ്വന്തമായ ഒരു അഭിപ്രായവും പറയുന്നില്ല. രാമുവിനെ “എട്ടാ എന്ന് വിളിക്കുന്നതിനപ്പുറത്തേക്ക് അവൾ എപ്പോഴും മൗനം പാലിക്കുന്നു. അന്നത്തെ സാമൂഹിക രാഷ്ട്രീയാവസ്ഥയിൽ കുടുംബഘടനയിൽ പെണ്ണിന് പ്രസവിക്കാനും കുഞ്ഞുങ്ങളെ വളർത്താനും കുടുംബഭദ്രത കാത്തുസൂക്ഷിക്കാനുമുള്ള ചുമതലക്കപ്പുറം മറ്റൊരു ഐഡന്റിറ്റി സമൂഹം കൊടുക്കുന്നില്ല എന്ന് രാധ എന്ന കഥാപാത്രത്തിലൂടെ ദൃശ്യവത്കരിക്കുകയാണ് അരവിന്ദൻ. രാധ വിവാഹം കഴിക്കുന്നുണ്ടോ ഇല്ലയോ എന്നത് നോവലിന്റെ അവസാനം വരെ ദുരൂഹമാണ്. എന്നാൽ രമ എന്ന കഥാപാത്രത്തിലൂടെ വിവാഹം എന്ന സംവിധാനം സ്ത്രീയുടെ ജീവിതത്തെ എങ്ങനെ കുരുക്കിയിടുന്നു എന്നും വ്യക്തമാക്കുന്നു. രാമു വളരെ വലിയ ലോകവുമായി ഇടപെടുമ്പോൾ രാധയും രമയും ചെറിയ ലോകവുമായി മാത്രമാണ് ഇടപെടുന്നത്. രാധയെ വീട്ടിനുള്ളിലെ ഫ്രെയിമിൽ മാത്രമാണ് കാണിക്കുന്നത്. പൊതുഇടങ്ങളിൽ രാധയുടെ സാന്നിദ്ധ്യം കാണിക്കുന്നില്ല. കൊളോണിയൽ ഭരണകൂടം നിർമ്മിച്ച വിക്ടോറിയൻ മാതൃകകളിൽ കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ സ്ത്രീയുടെ നിലനിൽപ്പ് രണ്ട് തരത്തിലുള്ള ആധിപത്യത്തിനുള്ളിൽ പാർശ്വവത്കരിക്കപ്പെടുന്നുണ്ട്. ഒന്ന് തദ്ദേശീയമായ പുരുഷാധികാര ആധിപത്യത്തിലും മറ്റൊന്ന് കൊളോണിയൽ ആധുനികത മുന്നോട്ട് വെച്ച വാർപ്പ് മാതൃകകളിലുമാണ്. അതുകൊണ്ട് തന്നെ അവൾ നിശബ്ദയാണ്. ബ്യൂറോക്രാറ്റിക് ബിംബങ്ങളെയും ശബ്ദങ്ങളെയും അവഗണിച്ചുകൊണ്ട് ഭാഷയുടെ അധികാരത്തെ രാധയുടെ മൗനം ശക്തമായി പ്രതിരോധിക്കുന്നു.

രാധയെ പോലെ മറ്റൊരു ശക്തമായ സ്ത്രീ കഥാപാത്രമാണ് ലീല. നോവലിന്റെ തുടക്കത്തിൽ 1961 മെയ് 7 ന് പ്രസിദ്ധീകരിക്കപ്പെട്ട സ്ട്രിപ്പിലെ ലീല എന്ന കഥാപാത്രം രാമുവിന്റെ പ്രണയിനി ആയിരുന്നു. സമൂഹത്തിന്റെ സ്ത്രീ സങ്കല്പത്തെ സംതൃപ്തിപ്പെടുത്തുന്ന അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടിയായ ലീല ജോലി കിട്ടി ഡൽഹിയിലേക്ക് പോയതിന് ശേഷം അധുനിക ജീവിതത്തിൽ ആകർഷകയാവുകയും പ്രണയം, വിവാഹം എന്നീ കെട്ടുപാടുകളെ അവഗണിച്ചുകൊണ്ട് സ്വതന്ത്രമായ ജീവിതവീക്ഷണങ്ങളെ രൂപപ്പെടുത്തുന്നത് അരവിന്ദൻ വ്യക്തമായി വരച്ചിടുന്നു. ജോലി കിട്ടി ഡൽഹിയിലേക്ക് പോയ ലീലയുടെ ജീവിതം സമൂഹത്തിലെ സദാചാര കഴുകന്മാർ വേട്ടയാടുന്നത് വളരെ ശക്തമായി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. രാമു എന്ന കഥാപാത്രം ഒരു വ്യക്തി എന്ന നിലയിൽ ലീലയുടെ സ്വതന്ത്ര ജീവിതത്തെ എത്രമാത്രം ഉൾകൊള്ളുന്നുവെന്നും നോവൽ അടിവരയിടുന്നു. ഇവിടെയും ജനാതിപത്യം ഒരു രാഷ്ട്രീയ ഘടനയല്ല അതൊരു മാനസിക ഭാവം ആണെന്നും രാമുവിനെയും ലീലയെയും മുൻനിർത്തി അരവിന്ദൻ സംസാരിക്കുന്നു. രാമു മാനേജരായി ജോലി ചെയ്യുന്ന കമ്പനിയിൽ സ്റ്റെനോഗ്രാഫറായി എത്തിയ എഞ്ചിനിയറിംഗ് ബിരുദധാരിയായ ലത വ്യക്തിത്വമുള്ള കഥാപാത്രമാണ്. പൊതുഇടങ്ങളിൽ സ്ത്രീ പുരുഷ ബന്ധത്തെ സദാചാരകോണിൽ നിന്നും വീക്ഷിക്കുന്ന പുരുഷാധികാര സമൂഹത്തെ പൂർണ്ണമായും അവഗണിച്ചുകൊണ്ട് അവൾ രാമുവുമായി ഇടപെടുന്നത് തീർത്തും വിപ്ലവകരമായ സന്ദേശം മുന്നോട്ട് വെക്കുന്നുണ്ട്. വിക്ടോറിയൻ സദാചാര നിയമങ്ങളുടെ സ്വാധീനം ചെറിയ മനുഷ്യരുടെ മൗലികമായ അവകാശങ്ങളെ എങ്ങിനെ റദ്ദു ചെയ്യുന്നുവെന്ന് ലതയുടെയും രാമുവിന്റെയും ഫ്രെയിമുകൾ വിളിച്ചു പറയുന്നു, ഇവിടെ രാധയും രമയും പുരുഷാധികാര സമൂഹത്തിന്റെ ഇരകൾ ആണെങ്കിൽ ലീലയും ലതയും അതെ അധികാരഘടനയിലെ അതിജീവിതരാണ്.


Related Articles