അടുത്തകാലത്ത് മാധ്യമങ്ങളിലും സാമൂഹ മാധ്യമങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കാർട്ടൂൺ ആണ് അമേരിക്കൻ കാർട്ടൂണിസ്റ്റ് ആയ ബോബ് മൈനർ 98 വർഷം മുൻപേ വരച്ച “one day they will wake up" എന്ന കാർട്ടൂൺ. ജനസംഖ്യകൊണ്ട് ഏറ്റവും വലിയ രാജ്യങ്ങളായ എന്നാൽ ദരിദ്രവും ശുഷ്ക്കവുമായ അന്തരീക്ഷം പേറുന്ന ഇന്ത്യയെയും ചൈനയെയും ആഫ്രിക്കയെയും ജനസംഖ്യകുറഞ്ഞതും സമ്പത്തുകൊണ്ടും സായുധ സമ്പന്നത കൊണ്ടും ശക്തരായ രാഷ്ട്രമായ അമേരിക്ക അനുസരിപ്പിക്കാനും നിയന്ത്രിക്കാനും ചാട്ടവാർ എടുത്തുകൊണ്ട് വീശുന്ന ചിത്രമാണ്. അധികാരത്തിന്റെയും അടിച്ചമർത്തലിന്റെയും ആധിപത്യത്തിന്റെയും പ്രത്യയശാസ്ത്രത്തെ നോക്കി “ഒരിക്കൽ അവർ ഉണരും" എന്ന പ്രത്യാശ ജനകമായ വാക്കുകൾ മുന്നോട്ട് വെച്ച ചിത്രം ഒരു നൂറ്റാണ്ടിനപ്പുറവും പ്രസക്തമാണ് എന്ന് ഓർമ്മിപ്പിക്കുകയാണ് ബോബ് മൈനറിന്റെ കാർട്ടൂൺ.
പാശ്ചാത്യ രാജ്യങ്ങളിൽ ബോബ് മൈനാറിന്റെ ചിത്രം ഒരു ചിന്തക്ക് തീ കൊളുത്തിയപ്പോൾ മലയാളത്തിൽ ഇതേ ആവിഷ്ക്കാരം ഒരു സമരമാവുകയായിരുന്നു. പത്രമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചക്ക് തുടക്കം കുറിക്കുകയും ചെയ്തു. അന്നത്തെ സമൂഹത്തിൽ നില നിൽക്കുന്ന ധാരണകളെ എതിർക്കാനും പരിഷ്കരിക്കാനും തിരുത്താനും കാർട്ടൂണുകൾ കാരണമായി. അതുകൊണ്ട് തന്നെ എന്നത്തെയും മനുഷ്യരുടെ സാമൂഹിക വീക്ഷണങ്ങളെ രാഷ്ട്രീയമായി രൂപപ്പെടുത്തിയെടുത്തതിൽ കാർട്ടൂണുകളുടെ പങ്ക് വളരെ വലുതാണ്. അതിന് എല്ലാ കാലത്തും പ്രതിരോധത്തിന്റെ സ്വഭാവമാണ്. ആക്ഷേപഹാസ്യത്തിന്റെ ഭാവമാണ്. മൗനത്തിന്റെ നിഗൂഢമായ മാനങ്ങളാണ്. അത്തരത്തിലുള്ള ആവിഷ്ക്കാരങ്ങളിൽ മറ്റുള്ള കലകളിൽ നിന്ന് വിത്യസ്തമായ സാംസ്കാരിക ഇടപെടൽ കൊണ്ട് ഒരു ശരാശരി മലയാളിയുടെ ബൗദ്ധിക തലങ്ങളെ ആക്രമിച്ചത് ഒരുപക്ഷേ ജി അരവിന്ദന്റെ സാമൂഹിക കാർട്ടൂണായ "ചെറിയ മനുഷ്യരും വലിയ ലോകവും" എന്ന പ്രമാദമായ കാർട്ടൂൺ പരമ്പരയാണ്. ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട കാർട്ടൂൺ സ്ട്രിപ്പുകൾ ചേർത്ത് വെച്ചപ്പോൾ അതിന് ഗ്രാഫിക്ക് നോവലിന്റെ സ്വഭാവ സവിശേഷതകൾ കൈ വന്നു. ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സമൂഹത്തിൽ ആധുനികതയുടെ രൂപത്തിൽ കടന്ന് വന്ന വൈദേശികമായ ആധുനികതയേയും ആധിപത്യത്തെയും നിശിതമായി വിമർശിക്കുകയാണ് “ചെറിയ മനുഷ്യരും വലിയ ലോകവും"എന്ന ഗ്രാഫിക് നോവലിലൂടെ ജി അരവിന്ദൻ. ബ്രിട്ടീഷ് കാലഘട്ടം “ആധുനികത" എന്ന ആശയം പുതിയ സംസ്കാരീകവും രാഷ്ട്രീയവുമായ തിരിച്ചറിവായി അധികാരമില്ലാത്ത ദരിദ്രരായ മനുഷ്യരുടെ മുന്നിൽ അവതരിപ്പിച്ചു. എന്നാൽ ഈ ആധുനികതയുടെ ഉള്ളടക്കം ജനകീയമായിരുന്നില്ല. മറിച്ച് കൊളോണിയൽ ഭരണകൂടത്തിന്റെ നിയന്ത്രണവും ചൂഷണവും സാധ്യമാക്കാനുള്ള പദ്ധതികളുടെയും തന്ത്രങ്ങളുടെയും ഭാഗമായിരുന്നു. ആധുനികത എന്ന ആശയം ജനങ്ങളുടെ സാമൂഹിക സാംസ്കാരിക മുന്നേറ്റത്തിനു വേണ്ടിയല്ല ഭരണകൂടത്തിന്റെ അധികാരസ്ഥിരതയ്ക്കും സാമ്പത്തിക ലാഭത്തിനും വേണ്ടിയായിരുന്നു. ഇതൊന്നും തിരിച്ചറിയാതെ അത് മുന്നോട്ട് വെച്ച ഭൗതിക സുഖങ്ങളിൽ വ്യാപൃതരാവുന്ന സാധാരണ മനുഷ്യരുടെ ജീവിതം തുറന്ന് കാട്ടുകയാണ് “ചെറിയ മനുഷ്യരും വലിയ ലോകവും”, കൊളോണിയൽ ആധുനികതയുടെ അന്യമായ ചട്ടങ്ങളും നിർബന്ധങ്ങളും അനുകരിക്കുന്നതുകൊണ്ട് ഒരു സമൂഹത്തിനും യഥാർത്ഥ പുരോഗതി കൈവരിക്കാനാകില്ലെന്നതാണ് നഗ്നമായ യാഥാർഥ്യം. ജനങ്ങളുടെ സ്വപ്നങ്ങളും ജീവിതാനുഭവങ്ങളും ഉൾക്കൊള്ളുന്ന തദ്ദേശീയമായ ആധുനികത മാത്രമാണ് നമ്മുടെ സമൂഹത്തെ നീതിയുക്തവും സമത്വപരവുമായ ഭാവിയിലേക്കു നയിക്കുക എന്ന് കറുത്ത വരകളിലൂടെ വലിയ ലോകത്തിലെ ചെറിയ മനുഷ്യരുടെ ജീവിതം വരച്ചുകൊണ്ട് അദ്ദേഹം ഉറക്കെ പ്രഖ്യാപിക്കുന്നു.
രാമു: സാറ് വരുന്നില്ലേ നമ്പ്യാർ മാഷുടെ മകളുടെ കല്യാണത്തിന്?
