കവിതയും ചിത്ര-ശില്പകലയുമാണ് എനിക്ക് അടുപ്പമുള്ള കലാരൂപങ്ങള്‍. ഇടപെടുമ്പോള്‍, ഒരുപക്ഷെ ആവിഷ്‌ക്കാരത്തോളം തന്നെ ഗാഢമായ ഉദ്വേഗവും ഉള്‍നോവും ആലോചനയും ആനന്ദവും പകരുന്നവ. നോവല്‍ വായന എനിക്ക് ശീലമല്ല. ക്ലാസ്സിക്കുകളും സമീപകാലത്ത് കേട്ടറിയുന്ന അപൂര്‍വം ചില നോവലുകളും സമയം പോലെ വായിക്കും, അത്രമാത്രം. ഏതു കലാസൃഷ്ടിയോടും ഇടപെടുമ്പോള്‍ അതുതരുന്ന അനുഭവത്തെപ്പറ്റി ഞാന്‍ ആലോചിക്കാറുണ്ട്. ആ അനുഭവത്തിനു വേണ്ടിയുള്ള ദാഹമാണ് വീണ്ടും അതു തേടാന്‍ പ്രേരിപ്പിക്കുക.
നോവല്‍ വായിക്കുന്നത് എന്തിനാണെന്ന് അങ്ങനെ ആലോചിച്ചാല്‍, മറ്റൊരു കാലത്തില്‍, ഇടത്തില്‍, മറ്റൊരു സമുദായത്തില്‍, ജീവിതരീതിയില്‍, നിഗൂഢതകളില്‍, ബോധാബോധ സ്വപ്നങ്ങളില്‍ ഒക്കെ അദൃശ്യയായ ഒരാത്മാവായി സഞ്ചരിക്കാന്‍ വേണ്ടിയായിരിക്കണം അത്. അറിയാലോകങ്ങളിലേക്ക് ഒറ്റയ്ക്ക് ഒരു നിശ്ശബ്ദസഞ്ചാരം. ഏകാന്തസ്വതന്ത്രമായ, അനിശ്ചിതവുമായ ആ സഞ്ചാരം ആനന്ദകരമാക്കുന്ന വേറിട്ട ഒരു ഭാഷയും ശൈലിയും ഘടനയും ഉണ്ടാവണം. എങ്കില്‍ അസ്സലായി എന്ന് ഞാന്‍ കരുതും.
ശ്രീ. സുരേഷ് കുമാര്‍. വി എഴുതിയ, ഡി സി ബുക്‌സ് സുവര്‍ണ്ണ ജൂബിലി നോവല്‍ മല്‍സരത്തില്‍ പ്രത്യേക പുരസ്‌കാരം നേടിയ 'ഡയാസ്‌പൊറ' എന്ന നോവല്‍ വായിച്ചപ്പോള്‍ ആ സഞ്ചാരം അസ്സലായി എന്നെനിക്ക് തോന്നി. മട്ടാഞ്ചേരിയിലെ അവസാന ജൂതന്മാരില്‍ ഒരാളായ സോളമന്‍ഹലേഗ്വാ (സ്ലോമോ) എന്ന മുത്തയുടെ കഥ; അയാളുടെ ജീവിതത്തോട് കെട്ടുപിണഞ്ഞ് പുലരുന്ന മറ്റ് മനുഷ്യര്‍, അയാളുടെ പന്ത്രണ്ട് ആണ്‍പൂച്ചകള്‍, സ്ഥാവരജംഗമങ്ങള്‍, സ്വപ്നജാഗരങ്ങള്‍. വായിക്കുന്തോറും വളരുന്ന, പല വിതാനങ്ങളില്‍ വിസ്തരിക്കാവുന്ന ഉള്ളും, അസാമാന്യമായ ശക്തിയും ഉള്ള കഥ.
