അടിച്ചമർത്തലുകള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പിന്‍റെ ചരിത്രം

Book Review

അടിച്ചമർത്തലുകള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പിന്‍റെ ചരിത്രം


ക്ലാസ്സ് മുറികളിൽ നമ്മൾ പഠിച്ച ചരിത്രം പലപ്പോഴും വളരെ വിരസമായ അനുഭവമായിരിക്കാം. ഭരണാധികാരികളുടെയും അവരുടെ ഭരണപരിഷ്കാരങ്ങളുടെയും നിർവികാരമായ രേഖപ്പെടുത്തലോ കാണാപ്പാഠം പഠിക്കാനുള്ള കുറെ വർഷങ്ങളോ മാത്രമല്ല ചരിത്രം. അതിൽ, കഴിഞ്ഞു പോയ കറുപ്പു-വെള്ളക്കാലത്തിൻ്റെ, അവ്യക്തമെങ്കിലും തീവ്രവും ആർദ്രവുമായ സ്മരണകളുണ്ട്. നമ്മളോരോരുത്തരെയും പോലെ പ്രതീക്ഷകൾ തരുന്ന ഉർജ്ജവും നിരാശയുടെ തളർച്ചയും അനുഭവിച്ച് ജീവിച്ചു മൺമറഞ്ഞ അനേകായിരം മനുഷ്യരുടെ കഥകളാണ് ചരിത്രം പറയുന്നത്. ഉള്ളിലുറയ്ക്കേണ്ട ജീവിതപാഠങ്ങളാണവ. അങ്ങനെയൊരു ചരിത്രത്തിലേയ്ക്ക് വാതിൽ തുറന്നു നമ്മെ നയിക്കുകയാണ് ബാബുരാജ് കളമ്പൂർ എഴുതിയ പാഞ്ചാലം കുറിച്ചി എന്ന ചരിത്രനോവൽ.

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതിയ നിരവധി വീരപുരുഷന്മാരാൽ സമ്പന്നമാണ് പതിനെട്ടാം നൂറ്റാണ്ടിലേയും പത്തൊമ്പതാം നൂറ്റാണ്ടിലേയും ഭാരതത്തിൻ്റെ ചരിത്രം. പഴശ്ശിരാജ, വേലുത്തമ്പി ദളവ, ഝാൻസി റാണി, എന്നിങ്ങിനെ നീണ്ടുപോകുന്ന ആ നിരയിൽ നമുക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ധീരദേശാഭിമാനിയായിരുന്നു പാഞ്ചാലം കുറിച്ചിയിലെ വീരപാണ്ഡ്യകട്ടബൊമ്മൻ എന്ന മനുഷ്യസിംഹം. ആ സിംഹത്തിൻ്റെ അലർച്ചയിൽ ആലില പോലെ വിറച്ചുപോയി ബ്രിട്ടീഷ് സാമ്രാജ്യം.

ആയുധത്തിൻ്റെയും പണക്കൊഴുപ്പിൻ്റെയും ശക്തിയിലുള്ള വിശ്വാസത്താൽ പരിഷ്കൃതർ എന്നു മേനി നടിക്കുന്ന നാടുകൾ മറ്റുള്ള രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിൽ കടന്നുകയറി അധികാരം സ്ഥാപിക്കുന്ന കാഴ്ച ഈ കാലഘട്ടത്തിലും നമ്മൾ കാണുന്നുണ്ടല്ലോ. എന്നാൽ ആത്മാഭിമാനവും ധർമ്മബോധവുമുള്ള ഒരു ജനതയുടെ നേർക്കുള്ള അധാർമ്മികമായ ആക്രമണം താൽക്കാലികമായ വിജയം നേടിയേക്കാം. ധീരദേശാഭിമാനികളുടെ ശക്തമായ ചെറുത്തുനില്പുകളെ ഒരിടത്ത് അടിച്ചമർത്തിയാലും പലയിടത്തും അവ കാട്ടുതീ പോലെ പടരുകയും ശത്രുവിൻ്റെ ആത്യന്തികമായ പതനത്തിന് കാരണമാവുകയും ചെയ്യുമെന്നതും ചരിത്രം നൽകുന്ന പാഠം.


Related Articles