ഭഗവത് ഗീതയെക്കുറിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങൾക്ക് കയ്യും കണക്കുമില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയാവുകയില്ല. എത്രയെത്ര ഭാഷകളിലായി എത്രയെത്ര നൂറ്റാണ്ടുകളിലൂടെ ഈ 'ഗീതാകൗതുകം' മനുഷ്യരാശിക്കുള്ളിൽ നില നിൽക്കുന്നു. എന്നാൽ ഗീതയിൽ ആരോപിക്കപ്പെടുന്ന ജാതിചിന്തയെ മാത്രം കേന്ദ്രീകരിച്ച് ഒരു ബൃഹദ്ഗ്രന്ഥം നമുക്ക് അപരിചിതമാണ്; ചുരിങ്ങിയത് മലയാളത്തിലെങ്കിലും അങ്ങനെയൊന്ന് തീർച്ചയായും ഇതുവരെ വന്നിട്ടില്ല. ആ സവിശേഷതയാണ് എം ഹരിസേന വർമ്മയുടെ രണ്ടാമത്തെ പ്രസിദ്ധീകൃത ഗ്രന്ഥമായ 'ഗീതയിലെ ജാതി വിചാര,ത്തിന് ആദ്യമേ തന്നെ അവകാശപ്പെടാനുള്ളത്. ഡിസി ബുക്സ് തന്നെയാണ് ഗീതയെക്കുറിച്ച് രചിക്കപ്പെട്ട വർമ്മയുടെ ആദ്യ ഗ്രന്ഥം 'പ്രപഞ്ച രൂപരേഖ ഗീതയിൽ നിന്നും' പ്രസിദ്ധീകരിച്ചത്.
കേന്ദ്രഗവർമെന്റിൽ ഡിജിപി പദവിയിൽ നിന്ന് വിരമിച്ച ഐപിഎസ് ഓഫീസറായ ഹരിസേന വർമ്മ ആഴത്തിലുള്ള ഗീതാ പഠനങ്ങളിലാണ് വ്യാപൃതനായിരിക്കുന്നത്. ഗീതയിലെ ജാതി വിചാരം ഒരു കേന്ദ്രീകൃത വിഷയത്തിൽ എത്രത്തോളം വിശാലമായും അഗാധമായും ഒരു ഗ്രന്ഥകാരന് പോകാമോ അത്രത്തോളം പോകാൻ ശ്രമിക്കുന്ന ഒന്നാണ്. ഗവേഷണത്തിന്റെ അതിർത്തികൾ കണ്ടെത്തുന്നതിനൊപ്പം സ്വകീയവും സ്വതന്ത്രവുമായ ആശയങ്ങളുടെ സമൃദ്ധ സഞ്ചയങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ പുസ്തകം.
ഭഗവത് ഗീതയുടെ ആധുനിക കാല വിമർശകർ നിരന്തരം ഉയർത്തിപ്പിടിക്കുന്ന ഒരു ആരോപണമാണ് ഗീതയിൽ ജാതീയമായ ഉച്ചനീചത്വങ്ങൾക്ക് സമർത്ഥനമുണ്ട് എന്നത്. വസ്തുനിഷ്ഠതയ്ക്കപ്പുറത്ത് ഒരു ആഖ്യാന പരമ്പര (Narrative) എന്ന സ്വഭാവമാണ് ഇവരുടെ ആരോപണങ്ങൾക്കുള്ളത്. ഇക്കാര്യം തുറന്ന് കാണിക്കാൻ വർമ്മയ്ക്ക് സംശയാതീതമായ് സാധിക്കുന്നുണ്ട്.
