പ്രണയവും, സംഘർഷവും, സ്വന്തം ദേശത്ത് അഭയാർത്ഥികൾക്ക് തുല്യരായി മാറിയ മനുഷ്യാവസ്ഥകളും ചേർന്നുള്ള ആഖ്യാനം. കശ്മീരെന്ന പറുദീസയുടെ അന്തഃസംഘർഷങ്ങളിലേക്ക് ഗൗരിയെന്ന പത്രപ്രവർത്തകയുടെ യാത്ര. കാവ മറ്റാരുടെയെല്ലാമോ നിയന്ത്രണങ്ങളിലും തീരുമാനങ്ങളിലും ജീവിതം ജീവിച്ചു തീർക്കേണ്ടി വന്ന മനുഷ്യരുടെ കഥയാണ്. വിഭജനാനന്തരമുള്ള കശ്മീരിലെ സാധാരണക്കാരുടെ ജീവിതത്തിന്റെ നേരടരുകൾ.
പുറമേ നിന്നുള്ളവർക്ക് സ്വർഗ്ഗമാണെങ്കിലും അവിടത്തുകാരുടെ ജീവിതം സുഖകരമാണോയെന്ന അന്വേഷണത്തിന് എക്കാലവും പ്രധാന്യമുണ്ട്. കശ്മീർ സ്വദേശികളായ കബീറും ഷബ്രോസും തുടങ്ങി നോവലിലെ എല്ലാ കഥാപാത്രങ്ങളേയും തെളിഞ്ഞ ദാൽ തടാകമെന്ന മട്ടിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അവർക്കൊന്നും മറച്ചുവെക്കാനോ നുണ പറയാനോ സ്വയം വെളിപ്പെപ്പെടുത്താതിരിക്കാനോ സാധ്യമല്ലതാനും.
പൊതുവെ ആരും കൈതൊടാൻ അൽപം ഭയം കാണിക്കുന്നതാണ് കശ്മീർ വിഷയം. നമ്മുക്ക് പറഞ്ഞുകേട്ട് പരിചയമുള്ളതാകട്ടെ, അവിടത്തെ രാഷ്ട്രീയ താത്പര്യങ്ങളും അതിന്റെ പേരിൽ നാട്ടുകാർ നേരിടേണ്ടി വരുന്ന അപമാനങ്ങളും അക്രമണങ്ങളും എല്ലാം ഉള്‍പ്പെട്ട വിവരണങ്ങളാണ്.
