സ്വപ്നങ്ങൾ കെട്ടുപോയേക്കാമെങ്കിലും കരകയറാനുള്ള നിരവധി 'മഴ'കൾ

Book Review

സ്വപ്നങ്ങൾ കെട്ടുപോയേക്കാമെങ്കിലും കരകയറാനുള്ള നിരവധി 'മഴ'കൾ


"എനിക്ക് രസമീ നിമ്നോന്നതമാം വഴിക്ക് തേരുരുൾ പായിക്കാൻ'' എന്ന ഇടശ്ശേരി കവിത പോലെ മനുഷ്യ ജീവിതത്തിന്റെ വൈവിധ്യമായ കാഴ്ചകളിലേക്കാണ് മിഥുൻ കൃഷ്ണയുടെ കഥകൾ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. വിഷയവൈവിധ്യവും തനിമയുടെ തെളിച്ചമുള്ള ആഖ്യാനവുമാണ് മിഥുന്റെ കഥകളുടെ പ്രത്യേകത. ഭോഗവധം എന്ന കഥാസമാഹരത്തിലെ കഥകളും ഇത്തരത്തിൽ ഒന്നിനൊന്ന് വേറിട്ട് നിൽക്കുന്നവയാണ്. ഫെറ്റിഷിസം എന്ന മാനസികാവസ്ഥയുള്ള ഒരാളെ കേന്ദ്രീകരിച്ചുള്ള കഥയാണ് ഭോഗവധം. സ്ത്രീകളുടെ വസ്ത്രങ്ങളോട് വിചിത്രമായ ലൈംഗിക താൽപ്പര്യമുള്ള റെജിയെയും അയാളോട് പ്രതികാരം ചെയ്യാനിരിക്കുന്ന ഗണേശനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ഈയൊരു വിഷയത്തിലുള്ള കഥ പറച്ചിൽ സങ്കീർണമായോ മുഷിപ്പനായോ മാറിപ്പോകാൻ ഏറെ സാധ്യതയുണ്ടെങ്കിലും ഗ്രാമീണ പശ്ചാത്തലത്തിൽ വളരെ സരസമായി തന്നെ ഭോഗവധം അവതരിപ്പിക്കാനാവുന്നുണ്ട്.

വിദ്യാസമ്പന്നരൊന്നുമല്ലെങ്കിലും നാട്ടിൻപുറത്തെ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെയും ഈ സമാഹാരത്തിലെ പല കഥകളിലും കാണാം. അരിവാൾ കൊക്കനിലെ ദയയും ചതുപ്പിലെ അമലുവിനെയും പോലുള്ളവർ. തീർത്തും പ്രതിലോമകരമായ ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് നിൽക്കുന്ന വേറെയും സ്ത്രീകൾ ഈ കഥകളിലൊക്കെ കടന്നു വരുന്നുണ്ട്.

ജാതിയും ദുരഭിമാന ചിന്തയും പേറി നടക്കുന്ന "ആധുനിക മനുഷ്യരെ'' ഡിജി ചാലഞ്ച് പോലുള്ള കഥകളിൽ കാണാം. വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പം കൊണ്ട് നമ്മുടെ മനസ്സുലയ്ക്കുന്ന കഥയാണ് റാണി പിങ്ക്.


Related Articles