പാതികൂമ്പിയ കണ്ണുകളാൽ വായിക്കുന്നതായാണ് കരുണാകരന്റെ കഥകൾ വായിക്കുമ്പോൾ എനിക്ക് എന്നെത്തന്നെ അനുഭവപ്പെടുന്നത്. ധ്യാനലീനനായ ഒരു ബുദ്ധൻ മനസ്സിന്റെ വാതിലിൽ വന്ന് തട്ടും. വായനാബുദ്ധൻ.
ഒരാൾക്ക് ഒരു പുഴയിൽ ഒരുവട്ടം മാത്രമേ കാൽ നനയ്ക്കാൻ കഴിയുകയുള്ളു എന്ന് ബുദ്ധൻ തന്നെയാണ് പറഞ്ഞതെന്ന് തോന്നുന്നു. പുഴ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു, ഈ നിമിഷം നിങ്ങൾ കാൽവച്ച ജലത്തിലല്ല അടുത്ത നിമിഷം നിങ്ങൾ നിൽക്കുന്നത്. കരുണാകരന്റെ കഥകളിൽ ആവർത്തിച്ചു വരുന്ന ചില വാചകങ്ങളുണ്ട്, ഓർമകളുണ്ട്, ബിംബങ്ങളുണ്ട്. ചിലപ്പോൾ ഒരേ കഥയിൽ തന്നെ ഇവ പലവട്ടം ആവർത്തിക്കുന്നു. മറ്റു ചിലപ്പോൾ പല കഥകളിൽ ഒരേ ആവർത്തനങ്ങൾ. എന്നാൽ നിങ്ങൾ ആദ്യം വായിച്ച അർത്ഥമല്ല, രണ്ടാമതും മൂന്നാമതും വായിക്കുമ്പോൾ. ഒരേ വാചകത്തിലല്ല രണ്ടാമത് വായിക്കുമ്പോൾ.
എവിടെയോ വായിച്ച കഥയാണ്. ഒരാൾ ഒരിക്കൽ ഗുരുവിന് ശിഷ്യപ്പെടാൻ വന്നു. വരാന്തയിലാണ് ഗുരു അയാൾക്ക് സ്ഥാനം നൽകിയത്. വീടിനകത്തേക്ക് കയറാൻ അനുവാദമില്ല. വരുമ്പോളും പോകുമ്പോളും പോലും ഗുരു അയാളെ ഗൗനിച്ചതേയില്ല. നീണ്ട അൻപതു വർഷം അയാൾ വരാന്തയിൽ ഇരുന്നു. അൻപത്തിയൊന്നാമത്തെ വർഷം ഗുരു പുറത്ത് വന്ന് ആദ്യമായി അയാളെ നോക്കി. അയാൾ ഗുരുവിനെയും. ഗുരു ഒന്നും പറഞ്ഞില്ല. അയാളെ നോക്കി പൊട്ടിച്ചിരിക്കുക മാത്രം ചെയ്തു. അപ്പോൾ അയാൾക്ക് ആനന്ദമുണ്ടായി, ഇത്രയേ ഉള്ളൂ. ലോകം ഇത്രയേ ഉള്ളൂ. ദുരിതങ്ങൾ ഇത്രയേ ഉള്ളൂ. സന്തോഷം ഇത്രയേ ഉള്ളൂ. കപ്പൽച്ചേതം എന്ന കഥാസമാഹാരത്തിലെ ‘ടാബുലാ റാസാ’ എന്ന കഥയുടെ അവസാനം കഥാകൃത്ത് അല്പം മുൻപ് പറഞ്ഞ സെൻ സന്യാസിയുടെ ചിരി ചിരിക്കുന്നുണ്ട്, ഇത്രയേ ഉള്ളൂ എന്ന്. ഞാൻ ഇത്രയേ ഉള്ളൂവെന്ന്. നമ്മളിത്രയേ ഉള്ളൂവെന്ന്.
