അധികാരതൃഷ്ണകള്‍ അഴിഞ്ഞാടുന്ന നോവല്‍

Book Review

അധികാരതൃഷ്ണകള്‍ അഴിഞ്ഞാടുന്ന നോവല്‍


പ്രശാന്ത് മിത്രന്റെ പുതിയ പുസ്തകമായ ഉമാനാട് വേണാട് എന്ന നോവല്‍ വേണാടിന്റെ രാജാധികാരത്തിലെ ഒരു പ്രത്യേക കാലത്തെ മിഴിവോടെ അടയാളപ്പെടുത്തുന്ന കൃതിയാണ്. അതിലെ അടിസ്ഥാന വസ്തുത, അല്ലെങ്കില്‍ മുഖ്യപ്രമേയം ഉമയമ്മയുടെ ജീവിതമായിരിക്കുന്നതുപോലെതന്നെ അധികാരത്തോടുള്ള ആര്‍ത്തിയും അതിനുവേണ്ടിയുള്ള വിഭിന്നങ്ങളായ തന്ത്ര രൂപീകരണവും ആ തന്ത്രങ്ങളുടെ പ്രയോഗവിധിയുമാണെന്നു പറയാം. പുരോഹിത വര്‍ഗ്ഗവുമായി അധികാരമത്സരം നടത്തി പരാജയപ്പെട്ട് മരണം വരിക്കുന്ന ആദിത്യവര്‍മ്മയുടെ മരണ റിപ്പോര്‍ട്ടിലാണ് നോവല്‍ ആരംഭിക്കുന്നത്. ആധുനിക സമൂഹസൃഷ്ടിക്കുമുമ്പുള്ള ഏത് സാമ്രാജ്യമെടുത്താലും പുരോഹിതവര്‍ഗ്ഗവും ഭരണവര്‍ഗ്ഗവുമായുള്ള ഈ അധികാരമത്സരം നമുക്കുകാണാം. ഒരുവേള എല്ലാ വര്‍ഗ്ഗസമരങ്ങളുടെയും ആദിമചോദന, അല്ലെങ്കില്‍ ആദ്യവഴികാട്ടികള്‍ ഈ പുരോഹിത-ഭരണ വര്‍ഗ്ഗങ്ങള്‍തമ്മിലുള്ള മത്സരമാണെന്നുകാണാന്‍ പ്രയാസമില്ല. വേണാടിലും ആ മത്സരമുണ്ടായിരുന്നു. അതിനെ ഈ നോവല്‍ തുറന്നുകാട്ടുന്നുമുണ്ട്.

വളരെ ചെറിയ സൂചനകളിലൂടെമാത്രമാണ് ആദിത്യവര്‍മ്മ എന്ന രാജാവും (ഭരണവര്‍ഗ്ഗം) എട്ടരയോഗംപോറ്റിമാര്‍ എന്ന പുരോഹിതവര്‍ഗ്ഗവും തമ്മില്‍ നടത്തിയ അധികാരമത്സരം ഈ നോവലില്‍ കടന്നുവരുന്നത്. ആ അധികാരമത്സരത്തില്‍ ആത്യന്തികമായി പരാജയപ്പെടുന്നത് ഭരണവര്‍ഗ്ഗമാണ്. ആ പരാജയത്തിന്റെ അന്ത്യമാണ് ആദിത്യവര്‍മ്മയുടെ അകാലത്തിലുള്ള മരണം. അത് പോറ്റിമാര്‍ കൊടുത്തയച്ച പ്രസാദ പായസം കഴിച്ചുണ്ടായ മരണമാണെന്ന് സൂചിപ്പിക്കപ്പെടുന്നു. അതില്‍ വിഷമുണ്ടായിരുന്നു എന്നുള്ളതും ഭംഗ്യന്തരേണ വെളിപ്പെടുത്തുന്നു. അവിടെനിന്നാരംഭിക്കുന്ന അധികാരമത്സരങ്ങള്‍ പേരകത്താവഴിയിലെ വീരകേരളവര്‍മ്മയിലെത്തുമ്പോള്‍ നിലവിലെ ഭരണകൂടത്തെ അട്ടിമറിച്ചുകൊണ്ട് വിദേശശക്തിയുടെ പിന്തുണയോടെ അധികാരത്തിലെത്തുന്ന വിമത രാജകുടുംബാംഗത്തിന്റെ കഥയായി മാറുന്നു.

വേണാടിന്റെ രാജസ്വരൂപത്തിലെ അഞ്ചു തായ്‌വഴികളിലൊന്നാണ് പേരകത്തായ്‌വഴി. ഈ കഥനടക്കുമ്പോള്‍ ആ തായ്‌വഴിയിലെ വാഴ്ചയിലുള്ള രാജകുമാരന്‍ വീരകേരളവര്‍മ്മ. വേണാടു പിടിക്കാനുള്ള അധികാരമോഹവുമായി ആദ്യം പുറപ്പെടുന്നത് വീരകേരളവര്‍മ്മയാണ് അതിനുമുമ്പുതന്നെ ജന്മംകൊണ്ടല്ലെങ്കിലും ദത്തുവഴിയായി അധികാരാവകാശിയായ രവിവര്‍മ്മയെ വാഴിക്കാന്‍ ഉമയമ്മ ശ്രമം നടത്തുകയും വിജയിക്കുകയും ചെയ്യുന്നു. ബാലനായ രവിവര്‍മ്മയിലൂടെ തന്റെ അനിഷേധ്യമായ അധികാരം ഉറപ്പിക്കുക എന്നതുതന്നെയായിരുന്നു ഉമയമ്മയുടെ ലക്ഷ്യം. അതില്‍ അവര്‍ വിജയിക്കുന്നുമുണ്ട്. പക്ഷേ പേരകത്താവഴിയിലെ കേരളവര്‍മ്മയുടെ ആക്രമണത്തിന്റെ ഫലമായി അവര്‍ക്ക് പ്രായംതികയാത്ത ആ രാജാവിനെയുംകൊണ്ട് തലസ്ഥാനനഗരം വിട്ട് പലായനം ചെയ്യേണ്ടിവരുന്നു. രാജാവിനെ നിഷ്‌കാസനംചെയ്ത് അധികാരമേറ്റെടുത്ത കേരളവര്‍മ്മയ്ക്ക് പക്ഷേ അധികകാലം ആ രാജാധികാരം നിലനിര്‍ത്താന്‍ കഴിയുന്നില്ല. ഉമയമ്മ വളരെ തന്ത്രപൂര്‍വ്വം തന്റെ സേനാനായകനായ ഇരവിപിള്ളയുടെ സവിശേഷമായ പ്രവര്‍ത്തനങ്ങളിലൂടെ അധികാരം തിരികെനേടുന്നു. പേരകത്താവഴിമൂപ്പന്റെ അധികാര ദുര അവിടെ അവസാനിക്കുന്നു.


Related Articles