അപഹരിക്കപ്പെടുന്ന സുഗന്ധങ്ങള്‍

Book Review

അപഹരിക്കപ്പെടുന്ന സുഗന്ധങ്ങള്‍


സെപ്റ്റംബര്‍ കഴിഞ്ഞാല്‍, അറബിക്കടല്‍ ദാര്‍ എസ് സലാമിന്റെ ഐവറി മണല്‍ത്തരികളിലേക്ക് കയറുന്നതിന് മുന്‍പുതന്നെ കടലിന്റെ ഉപ്പുമണവും കടന്ന് ഒരു ഗന്ധം നാവികരുടെ തലച്ചോറിലേക്കെത്താറുണ്ട്. സാന്‍സിബാര്‍ എന്ന ദ്വീപിന്റെ പുരാതനമര്‍മ്മരങ്ങളായാണ് ആ ഗന്ധം അറിയപ്പെട്ടിരുന്നത്. ഇന്നതെന്താണെന്ന് നമുക്കറിയാം. ലോകത്തെ ഏറ്റവും ഗുണമേന്മയുള്ള ഗ്രാമ്പു. സാന്‍സിബാറിന്റെ സ്വന്തം സുഗന്ധവ്യഞ്ജനം.

ഒമാനില്‍ നിന്നെത്തിയ സുല്‍ത്താന്മാര്‍ സാന്‍സിബാര്‍ ഭരിച്ചിരുന്ന കാലത്ത്, പതിനെട്ടാം നൂറ്റാണ്ടിലാണ് ആ ദ്വീപില്‍ സ്വാഭാവികമായി വളര്‍ന്നിരുന്ന ഗ്രാമ്പുമരങ്ങളെ വന്‍തോതില്‍ വളര്‍ത്തിയെടുക്കാന്‍ തുടങ്ങിയത്. അറബിക്കടലും കേപ്പ് ഓഫ് ഗുഡ്‌ഹോപ്പും ചുറ്റിവളഞ്ഞ് ആ ഗന്ധമര്‍മ്മരങ്ങള്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ നാഡീകോശങ്ങളിലേക്കെത്തുന്നത്. സാന്‍സിബാര്‍ ഇംഗ്ലണ്ടിന്റെ കോളനിയാകുന്നതിന് ആ ഗന്ധം കാരണമായി. ഇംഗ്ലിഷ് കപ്പലുകള്‍ സാന്‍സിബാര്‍ എന്ന ചെറുദ്വീപില്‍ നിന്ന് അവരുടെ പുരാതനമര്‍മ്മരങ്ങളും ഗ്രാമ്പുഗന്ധവും അപഹരിച്ചു. അവരുടെ അധ്വാനവും സംസ്‌കാരവും കവര്‍ന്നു. അതിനിടയില്‍ അവര്‍ക്ക് സാമൂഹിക ഉന്നമനമെന്ന പേരില്‍ ആംഗലേയ സംസ്‌കാരത്തിന്റെ ആഢ്യത്വവും യൂറോപ്പിന്റെ വിശാലഭൂമികയെന്ന സ്വപ്നവും കൈമാറി. അപഹരണമെന്നറിയാതെ അവര്‍ അപഹരിക്കപ്പെട്ടു.

കോളനിവത്കരണത്തിന്റെ സാര്‍വദേശീയമായ പ്രത്യേകതയാണത്. ലോകത്തെവിടെയും കൊളോണിയല്‍ രാജ്യങ്ങള്‍ കോളനികളില്‍ നിന്ന് അപഹരിക്കും. എന്നിട്ട് അപഹരണത്തിന്റെ പഴി കോളനികളിലെ ജനതയ്ക്കുമേല്‍ കെട്ടിവയ്ക്കും. ഇന്ത്യയില്‍ അത് കുരുമുളക് മുതല്‍ കോഹിനൂര്‍ വരെയാകും. സാന്‍സിബാറില്‍ അത് ഗ്രാമ്പുവും ഭീമമായ നികുതിയുമായിരുന്നു. അത് ബ്രിട്ടീഷുകാര്‍ കരയൊഴിഞ്ഞുപോയതോടെ പോകുന്നതുമല്ല. കോളനിയല്ലാതായതിനുശേഷവും കോളനികള്‍ കോളനികളായിത്തന്നെ തുടര്‍ന്നതുകൊണ്ടാണ് പോസ്റ്റ് കൊളോണിയല്‍ സാഹിത്യം മൂര്‍ച്ച രാകിക്കൊണ്ടേയിരുന്നത്.


Related Articles