ഇനിയും കണ്ടെടുക്കപ്പെട്ടിട്ടില്ലാത്ത പുതിയ തീരങ്ങൾ തേടിയുള്ള ഒരു കൊളമ്പസ് യാത്രയാണ് ഓരോ എഴുത്തുകാരും അനുഷ്ഠിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. കാടുമൂടി, മണ്ണു മൂടിക്കിടക്കുന്ന എണ്ണിയാലൊടുങ്ങാത്ത ദേശങ്ങളുടെ പുരാവൃത്തങ്ങളും ഹൃദയരഹസ്യങ്ങളും ആത്മാവിന്റെ നിഗൂഢ മർമ്മരങ്ങളും, ഭാഷയുടെ വിസ്മയകരങ്ങൾകൊണ്ട് തൊട്ടറിഞ്ഞ് അവയ്ക്ക് മജ്ജയും, മാംസവും രക്തവും ജീവനും നൽകി അവയെ ഒരു രണ്ടാം പിറവിയിലേക്ക് നയിക്കുന്ന പോലെയൊരു പ്രവൃത്തിചെയ്യുന്നവർ, അതല്ലെങ്കിൽ ഒരു കല്ലിലോ മരത്തിലോ മനസ് തൊടുമ്പോൾ അതിൽ നിന്നും ശിൽപം ഉയിർക്കുന്നത് പോലെ ഏറ്റവും നൈസർഗികമായ ഒരാവിഷ്ക്കാരത്തിൽ ഏർപ്പെട്ടവർ. സത്യത്തിൽ ജീവിതാന്വേഷകരാണവർ.
ഇതാ ഇവിടെയൊരു ദേശം കണ്ടെത്തിയിരിക്കുന്നു. നിങ്ങൾ ഇങ്ങോട്ട് വരൂ. ഈ മണ്ണിനെ മണക്കൂ. ഈ ഭാഷയെ രുചിക്കൂ, ഈ സന്ദർഭങ്ങളെ അറിയൂ എന്ന് ഓരോനിമിഷവും നമ്മോട് പറയുന്ന സ്നേഹാന്വേഷകർ. പ്രേമവും, കാമവും, വിശപ്പും, വെറിയും ഇടകലരുന്ന ജീവിതത്തിന്റെ ഹൃദ്യവും, ഭയാനകവുമായ വികാര വൈവിദ്ധ്യങ്ങളെ അതിന്റെ എല്ലാ സ്വാഭാവികതയോടെയും എല്ലാ വന്യതയോടെയും, ദൗർബല്യത്തോടെയും കഥകളിലേയ്ക്ക് കുടിയിരുത്തുന്ന യജ്ഞാചാരികൾ.
അത്തരത്തിൽ കഥാപാത്രങ്ങളെ, അതല്ലെങ്കിൽ സന്ദർഭങ്ങളെ ഒരു അഡ്വഞ്ചർ മൈൻഡ് സെറ്റോടെ സമീപിക്കുന്ന, അവയെ ഭ്രമാത്മകമായ ഒരു തരം ആവേശത്തോടെ തന്നിലേയ്ക്ക് പിടിച്ചെടുക്കുന്ന, യുവ തലമുറയിലെ ഏറെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ആഷ് അഷിത. അഷിതയുടെ മുങ്ങാങ്കുഴി വായിക്കാനെടുത്തപ്പോൾ ഇത് കഥാകാരി ഇപ്പോൾ താമസിക്കുന്ന നഗരത്തിന്റെയോ നഗര പ്രാന്തങ്ങളുടെയോ സാധാരണ കഥയാവുമെന്നാണ് ആദ്യം കരുതിയത്.
