കല്പനയുടെയും ചരിത്രത്തിന്റെയും മനോഹരമായ ഇഴചേരലാണ് എലിഫ് ഷഫാക്കിന്റെ നോവൽ 'ദി ആർക്കിടെക്ട്‌സ് അപ്രെന്റിസ്.' ആദ്യ അദ്ധ്യായം മുതൽ, പതിനാറാം നൂറ്റാണ്ടിലെ ഇസ്താൻബുൾ ഒരു മാന്ത്രികപ്പെട്ടിപോലെ നമുക്ക് മുന്നിൽ തുറക്കപ്പെടുന്നു, തുടർന്ന് അതിനുള്ളിലെ രഹസ്യഅറകൾ ഓരോന്നായി മെല്ലെ മെല്ലെ അനാവൃതമായിക്കൊണ്ടിരിക്കുന്നു, ഒരു ചെപ്പടിവിദ്യയിലെന്നപോലെ നാം മറ്റൊരു ലോകത്തിന്റെ, മറ്റൊരു കാലത്തിന്റെ മാസ്മരികതയിലേക്ക് തെന്നിവീഴുന്നു.
ഇസ്താംബുൾ കണ്ട ഏറ്റവും പ്രഗത്ഭനായ വാസ്തുശില്പി - മിമർ സിനാൻ, അൻപത് വർഷക്കാലംകൊണ്ട് മൂന്നു സുൽത്താന്മാർക്കു വേണ്ടി നിർമ്മിച്ച ശ്രേഷ്ഠമായ വാസ്തുശില്പ വിസ്മയങ്ങൾ ആണ് ആ നഗരത്തിന്റെ പ്രൗഢി ഇന്നും നിലനിർത്തുന്നത്. ജഹാൻ എന്ന പന്ത്രണ്ടു വയസ്സുകാരനിലൂടെ ഇന്ത്യയിൽനിന്നും തുടങ്ങുന്ന കഥയിൽ മുഗൾ സുൽത്താന്മാരും തുർക്കി രാജവംശവും ജൂതന്മാരും അറബികളുമൊക്കെ കടന്നുവരുന്നുണ്ട്. എന്നാൽ നോവലിലെ പ്രധാന കഥാപാത്രം ഇവരാരുമല്ല; ചോട്ട എന്ന് പേരുള്ള ഒരു വെളുത്ത ആനയാണ് കഥയെ രാജപ്രൗഢിയോടെ മുന്നോട്ടു നയിക്കുന്നത്. മുഗൾ സുൽത്താൻ ഷാഹ്, തുർക്കിയിലെ സുൽത്താനായ സുലൈമാന് നൽകിയ സമ്മാനമായ ഈ ആനക്കുട്ടി ജഹാൻ എന്ന ബാലന്റെ ഇഷ്ടതോഴനായിരുന്നു. ചോട്ടയെ പിരിയാനുള്ള സങ്കടത്താൽ ജഹാൻ ആ ചരക്ക്കപ്പലിൽ നുഴഞ്ഞു കയറി തുർക്കിയിലേക്കുള്ള കടൽ യാത്രയിൽ ചോട്ടയ്‌ക്കൊപ്പം കൂടുന്നു. തുടർന്നുള്ള അവന്റെ ഇസ്താൻബുൾ ജീവിതത്തിലെ എല്ലാ സംഭവങ്ങൾക്കും ഉത്‌പ്രേരകമായി മാറുകയാണ് ഈ വെള്ളാന. സിനാനുമായുള്ള ജഹാന്റെ കൂട്ടുകെട്ടിലും യുവറാണി മിഹ്‌റിമായുമായുള്ള പ്രണയത്തിലും പ്രധാന കണ്ണിയായി ഇടംപിടിക്കുന്നത് ചോട്ടതന്നെയാണ്.
സിനാനും ശിഷ്യന്മാരും ശാസ്ത്രത്തെ പിന്തുടരുന്നവരാണ്, അതിനാൽ അവർ അക്കാലത്ത് പ്രചരിച്ചിരുന്ന മതപരമായ അസഹിഷ്ണുതകളെയും അന്ധവിശ്വാസങ്ങളെയും ചോദ്യംചെയ്യുന്നൊരു സംഘമായി നിലകൊള്ളുന്നു. ഈ കഥാപാത്രങ്ങളിലൂടെ തന്റെ രാഷ്ട്രീയ നിലപാടുകൾ ഉറപ്പിച്ച് പറയുവാൻ നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. ജഹാന്റെ സാഹസികതകൾ എന്നതിനുപരി, ലെപ്പാന്റോ യുദ്ധം പോലെയുള്ള ചരിത്രപരമായ സംഭവവികാസങ്ങളും ഉൾക്കൊള്ളുന്നൊരു പ്ലോട്ട് നിർമ്മിക്കാൻ കഴിയുക എന്നത് എലിഫ് ഷഫാക്ക് എന്ന നോവലിസ്റ്റിന്റെ ശക്തിയായി കാണേണ്ടിയിരിക്കുന്നു. മൈക്കൽ ആഞ്ചലോ മുതൽ അന്നത്തെ വസീറുമാർ, മിസ്റ്റിക്കുകൾ, നപുംസകങ്ങൾ ഉൾപ്പടെയുള്ള ഭാവനാസൃഷ്ടവും യാഥാർത്ഥവുമായ കഥാപാത്രങ്ങളുടെ നീണ്ട നിരതന്നെ അവർ നമുക്ക് മുന്നിൽ ഒരുക്കിനിർത്തുന്നു. സുൽത്താന്റെ വാസ്തുശില്പിയും സുൽത്താന്റെ ആനയുടെ പരിശീലകനുമായ ജഹാൻ ഏകദേശം 100 വർഷക്കാലം ഓട്ടോമൻ സാമ്രാജ്യത്തിന്റെ മത്സരങ്ങൾക്കും ക്രൂരതകൾക്കും ഒപ്പം അതിന്റെ മഹത്ത്വത്തിനും സാക്ഷിയാകുന്നു. പ്ലേഗ് കാലം, നിരവധി യുദ്ധങ്ങൾ, അനേകം സുൽത്താന്മാരുടെ പതർച്ചയും ഉയർച്ചയും എല്ലാം അവൻ അനുഭവിക്കുന്നു. ഹറം സമ്പ്രദായത്തെയും അടിമത്തത്തെയും നോവലിൽ കാര്യമായി പരാമർശിക്കുന്നുണ്ട്. ഇതിൽനിന്നെല്ലാം വായനക്കാരന് ലഭിക്കുന്നത് ചരിത്രത്തിന്റെ പനോരമിക്ക് ആയൊരു ദൃശ്യമാണ്; ശിരോലിഖിതങ്ങൾപോലെ മായിച്ചുകളയാൻ പ്രയാസമുള്ളൊരു ദൃശ്യം.
