ജീവിതരക്ഷാഭോഗം അഥവാ പ്രതികാരത്തിന്റെ ഇൻഷുറൻസ്

Book Corner

ജീവിതരക്ഷാഭോഗം അഥവാ പ്രതികാരത്തിന്റെ ഇൻഷുറൻസ്


കർഷകമായ, വളരെ മനോഹരമായ പരസ്യവാചകങ്ങളിലൂടെയാണ് ഇന്ന് ഉല്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നത്. ഒരു കണ്ടന്റ് റൈറ്റർക്ക് വേണ്ടത് ആകർഷകമായി എഴുതാനുള്ള കഴിവാണ്. ആകർഷകമായ വാക്കുകളും അതിനിണങ്ങുന്ന ഗുണവും പ്രദാനം ചെയ്താൽ മാത്രമേ ഉപഭോക്താക്കളെ ഉല്പന്നത്തിലേക്ക് എത്തിക്കാൻ കഴിയൂ. അതിന് സർഗ്ഗാത്മകത ആവശ്യമാണ്. കഥ സർഗ്ഗാത്മകമായ ഒരു ഉല്പന്നമാണ്. അതുകൊണ്ടുതന്നെ കഥാകൃത്ത് ക്രിയേറ്റീവായ ഒരു കണ്ടന്റ് റൈറ്ററായിരിക്കണം. വായനക്കാരൻ ഒരു ഉപഭോക്താവാണ്. ഇങ്ങനെ പറയാൻ കാരണം കഥയിലേക്ക് വായനക്കാരനെ വലിച്ചിടാൻ കഴിയുന്ന ആകർഷകമായ തുടക്കം വേണമെന്ന് സാരം. തുടർന്ന് പ്രമേയത്തിന് അനുഗുണമായ വികാസവും ഉണ്ടാകണം. ഭാഷയും മനോഹരമായി തുടരുകതന്നെ വേണം. ഡോ. മനോജ് വെള്ളനാടിന്റെ 'ജീവിതരക്ഷാഭോഗം' എന്ന കഥ ആരംഭിക്കുന്നത് ഏവരേയും ആകർഷിക്കുന്ന തുടക്കത്തിലൂടെയാണ്. വളർന്നുവികസിക്കുന്നതും അപ്രകാരം തന്നെയാണ്. പ്രമേയത്തിലെ വ്യത്യസ്തതയും അതിന് അനുപൂരകമായ ഭാഷയും ആഖ്യാനത്തിൽ പുലർത്തുന്ന നവീനതയുമാണ് ഈ കഥയെ വ്യത്യസ്തമാക്കുന്നത്.

ഒരു ട്രെയിൻ യാത്രയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. പേരില്ലാത്ത നാല് കഥാപാത്രങ്ങളിലൂടെയാണ് കഥയുടെ ചുരുളുകൾ നിവരുന്നത്. വായനയുടെ തുടക്കത്തിൽത്തന്നെ ഉള്ളിൽ ഊറി വരുന്ന ചെറുമന്ദഹാസത്തോടു കൂടി മാത്രമേ വായനക്കാർക്ക് ഈ കഥയുടെ ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയൂ. ഹാസ്യത്തിന്റെ മേമ്പൊടിയോടു കൂടിയാണ് കഥ പറഞ്ഞു തുടങ്ങുന്നതുതന്നെ. ഏതൊരാളെയും ആകർഷിക്കുന്ന, കൗതുകം നിറഞ്ഞ, രഹസ്യമായി മറിച്ചുനോക്കാൻ എല്ലാവരും, പ്രത്യേകിച്ച് പുരുഷന്മാർ ആഗ്രഹിക്കുന്ന 'പെൺ മനസ്സിലേക്ക് എത്തിനോക്കാൻ ഒൻപത് എളുപ്പവഴികൾ', എന്ന പുസ്തകത്തിന്റെ തലക്കെട്ടാണ് ആദ്യം വായനക്കാരുടെ കണ്ണിലുടക്കുന്നത്. ആ കൗതുകത്തെ തടസ്സപ്പെടുത്തിക്കൊണ്ടാണ് കഥാനായികയായ, യാത്രക്കാരിയായ ആ സ്ത്രീ കടന്നു വരുന്നത്. പിന്നീട് അവരിരുവരിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അവർ യാത്ര ചെയ്യുന്ന ട്രെയിനിന് വേഗത വളരെ കുറവാണെങ്കിലും കഥയ്ക്ക് വേഗക്കുറവ് തീരെയില്ല. കഥവളർച്ച നേടി മധ്യഭാഗത്തേക്ക് കടക്കുമ്പോഴാണ് അവർ ഇരുവരും തങ്ങളുടെ ജോലിയെക്കുറിച്ച് പറയുന്നത്. അയാൾ ഇൻഷുറൻസ് കമ്പനി മാനേജർ ആണ്. ഇൻഷുറൻസ് ഏജന്റാണ് അവൾ. അവളിൽക്കൂടിയാണ് കഥാകൃത്ത് കഥയിൽ ട്വിസ്റ്റ് സമ്മാനിക്കുന്നത്. മികച്ച ഒരു എഴുത്തുകാരന്റെ കൈയ്യടക്കവും എഴുത്തിൽ പുലർത്തുന്ന ലാളിത്യവും നൂതന രചനാതന്ത്രവുമാണ് മനോജിന്റെ കഥകളെ സമകാല കഥാകൃത്തുക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഈ കഥയിലും ആദ്യന്തം ഈ രീതി കാണാൻ കഴിയും.


Related Articles