ഇന്ത്യൻ വായനാനുഭവം

Book Corner

ഇന്ത്യൻ വായനാനുഭവം


ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും എന്നും എന്നെ ആകർഷിച്ചുകൊണ്ടിരുന്നിട്ടുണ്ട്. ഇന്ത്യൻ സാഹിത്യവുമായുള്ള എന്റെ ബന്ധം കുട്ടിക്കാലത്ത് പിതാവിന്റെ ലൈബ്രറിയിൽ കണ്ടെത്തിയ ഒരു പുസ്തകത്തിൽനിന്നാണ് ആരംഭിക്കുന്നത്. ഇന്ത്യൻ സാഹിത്യമണ്ഡലത്തിലെ മഹാനായ എഴുത്തുകാരൻ രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ചുള്ളതായിരുന്നു ആ പുസ്തകം. ആ പുസ്തകത്തിൽ സ്‌നേഹവും സൗന്ദര്യവും വിവേകവും നിറഞ്ഞ ഒരു ലോകം ഞാൻ കണ്ടെത്തി. അന്ന് മുതല്‌ക്കേ ഇന്ത്യൻ സാഹിത്യത്തോട് എനിക്ക് വലിയ മതിപ്പു തോന്നി. ഇന്ത്യൻ സംസ്‌കാരത്തിൽ ലീനമായ അമൂല്യമായ നിധിശേഖരങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. ടാഗോർ കവിതകൾ എന്റെ ആത്മാവിൽ വേര് പടർത്തി. എന്നെ സംബന്ധിച്ചിടത്തോളം അത് അഗാധമായൊരു ഭാവഗീതിയുടെ അനുഭവമായിരുന്നു. ഇന്ത്യൻ സാഹിത്യത്തെ കൂടുതൽ പഠിക്കാനുള്ള ജിജ്ഞാസയോടും ആവേശത്തോടുംകൂടിയാണ് പിന്നീട് ഞാൻ വളർന്നത്. ഈ ജിജ്ഞാസ പില്ക്കാലത്ത് എന്നെ ഇന്ത്യൻ മിത്തോളജിയിൽ എത്തിച്ചു. 'ഇന്ത്യൻ മിത്തോളജീസ്' എന്നൊരു പുസ്തകം അതിനിടെ വായിക്കാനിടയായി. മതപരമായ എഴുത്തിലൂടെ നാന്ദികുറിച്ച ഇന്ത്യൻ സാഹിത്യത്തിന്റെ ചരിത്രത്തെക്കുറിച്ച് അത് ഒട്ടേറെ അറിവുകൾ നല്കി. സംസ്‌കൃതത്തിൽ വിരചിതമായ വീരനായകന്മാരുടെ കഥകൾ, വേദങ്ങൾ, പലജാതി ദേവീദേവന്മാർ, പ്രാർത്ഥനകൾ, മന്ത്രങ്ങൾ, നിരവധി സ്ഥലങ്ങൾ അങ്ങനെ വിശാലമായൊരു ലോകത്തേക്ക് അത് എന്റെ ഭാവനയെ തുറന്നിട്ടു. അസ്തിത്വത്തിന്റെയും മനുഷ്യന്റെയും ഐകരൂപ്യത്തിന്റെ അർത്ഥം അത് എന്റെ ചിന്തകൾക്ക് പ്രദാനം ചെയ്തു. ആ പുസ്തകം മുഴുവൻ ഞാൻ ആസ്വദിച്ചുവായിച്ചു.

ആദ്യത്തെ കിളി

സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്ന എന്റെ 'അൽഉസ്ഫൂറുൽഅവ്വൽ' (ആദ്യത്തെ കിളി) എന്ന പ്രഥമ നോവലിൽ ഇന്ത്യൻ മിത്തോളജിയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നോവൽ എഴുതിത്തുടങ്ങുംമുമ്പ് നിരവധി തവണ അതിന്റെ പ്രമേയം എങ്ങനെ വിന്യസിക്കണമെന്ന് ഞാൻ ചിന്തിക്കുകയുണ്ടായി. ഇന്ത്യയേക്കാൾ മികച്ച മറ്റൊരു പശ്ചാത്തലവും അതിന് അനുയോജ്യമായിട്ടില്ലെന്ന നിഗമനത്തിലാണ് ഒടുവിൽ ഞാൻ എത്തിച്ചേർന്നത്. അങ്ങനെ കഥയുടെ പ്രധാന പരിസരങ്ങളായി ന്യൂഡൽഹി, വരാണസി, ആഗ്ര തുടങ്ങിയ നഗരങ്ങളെ ഞാൻ തിരഞ്ഞെടുത്തു. ഒന്നിലേറെ കഥാപാത്രങ്ങളും ഇന്ത്യക്കാരായിരുന്നു. 'ആദ്യത്തെ കിളി' എന്ന എന്റെ ഈ പുസ്തകത്തിലൂടെ ഈ മഹത്തായ രാജ്യത്തെയും അതിന്റെ ഇമ്പമാർന്ന ചരിത്രത്തെയും അറബ് വായനക്കാരെ പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു. പലവായനക്കാരും എന്നോടു ചോദിച്ചു: ''എന്തുകൊണ്ട് ഇന്ത്യ?'' എന്റെ മറുപടി ഇത്രമാത്രമായിരുന്നു. എന്തുകൊണ്ടെന്നാൽ അത് ഇന്ത്യയായതുതന്നെ. സ്‌നേഹത്തിന്റെയും വർണങ്ങളുടെയും നാടായ ഇന്ത്യ.


Related Articles