മലയാളിയുടെ ചിന്താലോകത്തിനും സാമൂഹികതയ്ക്കും ലഭിച്ച മികച്ച നേട്ടങ്ങളെന്ന നിലയിലാണ് ടി.കെ. രാമചന്ദ്രനും കെ. രവീന്ദ്രനും (ചിന്ത രവി) സമകാലീനതയിൽ പ്രസക്തരാകുന്നത്. മാർക്‌സിസം എന്ന ബൃഹദാഖ്യാനത്തെ താർക്കികയുക്തിയിൽനിന്നും അടർത്തിയെടുത്ത് ജ്ഞാന വ്യവഹാരമാക്കുകയായിരുന്നു ടി.കെ. രാമചന്ദ്രൻ. നിലവിലുള്ള വൈരുദ്ധ്യങ്ങളുടെ അനുഭവവാദപരമായ (Empirical) ആഖ്യാനമെന്നതിനുപരി, ചരിത്രത്തെയും ചലനാത്മകമായ വർഗ്ഗാവസ്ഥയെയും പാഠവല്കരിക്കാനുതകുന്ന സൈദ്ധാന്തികാന്വേഷണമായിരുന്നു അദ്ദേഹത്തിനു മാർക്‌സിസം. വർത്തമാനകാലത്തെ സമുന്നതരായ പാശ്ചാത്യ-പൗരസ്ത്യ ചിന്തകരോടൊപ്പം സ്ഥാനമുള്ള ആ പ്രതിഭയുടെ 'വാക്കുകൾ പ്രവർത്തിയാകാതിരുന്നത്' ഇന്ത്യയിൽ നിലനിന്ന മാർക്‌സിസം വരട്ടുതത്ത്വമായിരുന്നതിനാലാണ്. മറ്റൊരു കാരണം, മനുഷ്യരാശിയുടെ സന്ദിഗ്ദ്ധതകളെ അഭിമുഖീകരിക്കാൻ മാർക്‌സിസത്തിനോ അതിന്റെ വ്യാഖ്യാനങ്ങൾക്കോ കഴിയാതെ വന്നതാണ്. അന്റോണിയോ ഗ്രാംഷി മുതൽ എറിക്‌ഹോബ്‌സ് ബാംവരെയുള്ള മാർക്‌സിസ്റ്റ് ചിന്തകർ മാർക്‌സിസ്റ്റ് പ്രയോഗത്തിന് അപരിചിതരായിരിക്കുന്നതിനും കാരണം മറ്റൊന്നല്ല. എങ്കിലും മാനവരാശിക്കു ലഭിച്ച ജ്ഞാനാനുഭവങ്ങളെന്ന നിലയിൽ ചരിത്രത്തിൽ ജീവിക്കുന്നവരോടൊപ്പം ടി.കെ. രാമചന്ദ്രനുമുണ്ട്.
ഈ ലേഖനത്തിൽ ആദ്യം ചൂണ്ടിക്കാട്ടിയ കെ. രവീന്ദ്രനാകട്ടെ, കീഴാള-അരിക് ജീവിതങ്ങളെ ദൃശ്യവല്കരിച്ചതിലൂടെയാണ് മലയാളിയുടെ വേറിട്ട സാമൂഹികതയുടെ പ്രതിനിധാനമായത്. എഴുപതുകളിലെ രാഷ്ട്രീയഭാവന, മദ്ധ്യവർഗ്ഗാവബോധങ്ങളിൽ തളംകെട്ടിനിന്നപ്പോൾ കീഴടരുകളിലെ അവ്യവസ്ഥാപിത ജീവിതങ്ങളുടെ ആഖ്യാനമാണ് രവീന്ദ്രൻ നിർവഹിച്ചത്. എതിർദിശകളിലൂടെ മാത്രം സഞ്ചരിച്ച ഈ അവധൂതൻ സാമ്പ്രദായിക കാഴ്ചകളെ വകഞ്ഞുമാറ്റിയാണ് വ്യത്യസ്തമായ ഭൂപടം നിർമ്മിച്ചത്. പില്ക്കാല കീഴാള ആഖ്യാനങ്ങൾക്ക് അനുകരണീയമായൊരു ഭാഷാ നിർമ്മിതിയും രവീന്ദ്രന്റെ സംഭാവനയാണ്. ഈ ഭാഷയിലൂടെ അരിക് ജീവിതങ്ങളോടു പുലർത്തിയത് സഹതാപമല്ല, മറിച്ച് നീതിബോധത്തിലധിഷ്ഠിതമായ പാരസ്പര്യമാണ്. രവീന്ദ്രന്റെ രചനകളുടെ പരിമിതിയായി ചൂണ്ടിക്കാട്ടാനുള്ളത്, അദ്ദേഹത്തിന് അഴിച്ചുമാറ്റാൻ കഴിയാതെ വന്ന മാർക്‌സിസ്റ്റ് സ്വാധീനമാണ്. മുൻചൊന്ന പരിമിതിയെ മുറിച്ചുകടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ രചനകൾ ചരിത്രത്തിനുള്ള എക്കാലത്തെയും സമർപ്പണമാകുമായിരുന്നു. ഇപ്രകാരമൊരു വിലയിരുത്തൽ രവീന്ദ്രന്റെ രചനകളെ ലഘൂകരിക്കുന്നില്ലെന്നു മാത്രമല്ല, കീഴാളാഖ്യാനങ്ങളെ കുറ്റമറ്റതാക്കാനുതകുമെന്നതുകൊണ്ടാണ് രേഖപ്പെടുത്തുന്നത്.
