നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിൻ്റെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ചു പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. എം ആർ വിഷ്ണുപ്രസാദിന്‍റെ മത്തിയാസ് (നോവൽ), ഡോ. കെ ശ്രീകുമാർ എഴുതിയ എം ടി വാസുദേവൻ നായർ (ജീവചരിത്രം), ബെന്യാമിന്‍റെ മൾബെറി (നോവൽ), എസ് ഹരീഷിന്‍റെ പട്ടുനൂല്‍പ്പുഴു (നോവൽ), വിനിൽ പോള്‍ എഴുതിയ തർക്കിത ഭൂതകാലം (ചരിത്രം) എന്നീ പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്.
2024 നവംബർ ഒന്നിനും 2025 ഒക്ടോബർ മുപ്പത്തൊന്നിനുമിടയിൽ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള മൗലീക കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. വായനക്കാരും പ്രസാധകരും നിർദ്ദേശിച്ച പുസ്തകങ്ങൾ വിലയിരുത്തിയാണ് ചുരുക്കപ്പട്ടിക തയാറാക്കിയത്. ഈ പുസ്തകങ്ങൾ വിദഗ്ധരടങ്ങുന്ന ജൂറി വിലയിരുത്തി വിജയിയെ പ്രഖ്യാപിക്കും.
ജനുവരി 22 മുതൽ 25 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026 ന്റെ വേദിയിൽ വച്ചായിരിക്കും പുരസ്കാരം സമ്മാനിക്കുക.
