തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് നൽകുന്ന 18-ാമത് ബഷീർ അവാർഡ് എസ്. ഹരീഷിന്റെ ‘പട്ടുനൂൽപ്പുഴു’ എന്ന നോവലിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും സി. എൻ. കരുണാകരൻ രൂപകൽപ്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.കെ. ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.സി. നാരായണൻ, കെ. പ്രസന്നരാജൻ, രാംമോഹൻ പാലിയത്ത് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.
മനുഷ്യജീവിതത്തിന്റെ ആഴമേറിയ യാഥാർത്ഥ്യങ്ങളെ ദാർശനിക സമീപനത്തോടെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന നോവലാണ് ‘പട്ടുനൂൽപ്പുഴു’. സാഹിത്യചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടാൻ സാധ്യതയുള്ള അപൂർവ സൃഷ്ടിയാണിതെന്ന് ജൂറി വിലയിരുത്തി. ഉന്മാദം, പ്രണയം, മനുഷ്യജീവിതത്തിൽ മരണത്തിനുള്ള പ്രാധാന്യം എന്നിവയെ പുതുമയുള്ള ആഖ്യാനരീതിയിലൂടെ കലാപരമായ സൗന്ദര്യത്തോടെ അവതരിപ്പിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞതായും ജൂറി അഭിപ്രായപ്പെട്ടു.
2026 ജനുവരി 21-ന് തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമൻ അറിയിച്ചു.
