സാംസ്കാരിക - സാഹിത്യരംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് ഏർപ്പെടുത്തിയ പ്രൊഫ. എ നബീസ ഉമ്മാൾ അക്ഷരോദയം പുരസ്കാരം കഥാകാരൻ വി. ഷിനിലാലിന്. കഥാകൃത്ത് പ്രൊഫ. എം എ സിദ്ദിഖ്, എഴുത്തുകാരിയും പരിഭാഷകയുമായ കബനി സി, പ്രശസ്ത കവി ഡോ. ചായം ധർമ്മരാജൻ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ഷിജൂഖാൻ ജെ എസ്, എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് വി ഷിനിലാലിനെ തിരഞ്ഞെടുത്തത്.
സാഹിത്യരചനയെ കാലഘട്ടത്തിന്റെ പ്രതികരണ ഭാഷയാക്കി മാറ്റിയ എഴുത്തുകാരനാണ് വി ഷിനിലാലെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി. ഷിനിലാൽ എന്ന പേര് ഇതുവരെ എഴുതിയ കൃതികളുടെ മാത്രം ശബ്ദമല്ല; ഇനി എഴുതപ്പെടാനിരിക്കുന്ന അനേകം രചനാഭൂപടങ്ങളുടെയും മേൽവിലാസമാണെന്നും പുരസ്കാര നിർണയ സമിതി അഭിപ്രായപ്പെട്ടു.
മെയ് 14 മുതൽ 18 വരെ നെടുമങ്ങാട് പത്താംകല്ലിൽ നടന്നു വരുന്ന ‘പ’ ഫെസ്റ്റിവലിന്റെ ഭാഗമായി മെയ് 18ന് എ എ റഹിം എം പി പുരസ്കാരം വിതരണം ചെയ്യുമെന്ന് അക്ഷരം ഗ്രന്ഥശാല പ്രസിഡൻറ് കെ പി പ്രമോഷ് സെക്രട്ടറി ഷമീർ എസ് എന്നിവർ അറിയിച്ചു.
