സുഗതകുമാരി അവാർഡ് പ്രഭാവർമ്മയ്ക്ക്

Award

സുഗതകുമാരി അവാർഡ് പ്രഭാവർമ്മയ്ക്ക്


സുഗതകുമാരി സംസ്ഥാന അവാർഡ് മലയാള കവി പ്രഭാവർമ്മയ്ക്ക്. പ്രഭാവർമ്മയുടെ 'രൗദ്രസാത്വികം' എന്ന കാവ്യമാണ് അവാർഡിന് അർഹമായത്. സോൾലൈറ്റ് ഇന്റർനാഷണൽ ഓർഗനൈസേഷൻ, സുഗതകുമാരിയുടെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 14-ാം തിയതി കൊല്ലം കുന്നിക്കോടിൽ നടക്കുന്ന സോൾലൈറ്റ് ഇന്റർനാഷണൽ സാംസ്കാരികോത്സവത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് സോൾലെറ്റ് ജനറൽ സെക്രട്ടറി അനിൽ ചേർത്തല അറിയിച്ചു.

ചലച്ചിത്രഗാന രചയിതാവ്, മാധ്യമ പ്രവര്‍ത്തകന്‍, ടെലിവിഷന്‍ അവതാരകന്‍ എന്നി നിലകളിലും പ്രഭാവര്‍മ്മ ശ്രദ്ധേയനാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, പത്മ പ്രഭാ പുരസ്‌ക്കാരം തുടങ്ങിയവ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള വ്യക്തിയാണ്.

ഉദാത്തമായ കാവ്യാനുഭവം അനുവാചകരിലെത്തിക്കുന്ന ഒരു വിശിഷ്ടകൃതിയാണ് 'രൗദ്രസാത്വികം'. കാവ്യത്തിന്റെ രത്നച്ചുരുക്കം - സര്‍ ചക്രവര്‍ത്തിയുടെ നിഷ്ഠൂരഭരണത്തിന്‍ കീഴില്‍ ഞെരിഞ്ഞമരുന്ന റഷ്യയിലെ ജനങ്ങള്‍ രക്തരൂക്ഷിതമായ ഒരു വിപ്ലവത്തിലൂടെ മാത്രമേ തങ്ങള്‍ക്ക് മോചനമുണ്ടാകൂ എന്ന് കരുതുന്നു. അവര്‍ കവിയും വിപ്ലവസംഘത്തിലെ അംഗവുമായ കാലിയേവ് എന്ന യുവാവിനെ സര്‍ ചക്രവര്‍ത്തിയെ വധിക്കാനുള്ള ദൗത്യം ഏല്‍പ്പിക്കുന്നു. തുടര്‍ന്നുള്ള കാലിയേവിന്റെ ജീവിതവും ഒടുവില്‍ അനുഭവങ്ങളുടെ വടുക്കളും പേറി ജന്മനാട്ടിലെത്തിയ കാലിയേവ് എത്തിപ്പെടുന്നത് തന്റെ പേരില്‍ കെട്ടിപ്പൊക്കിയ പ്രതിമയുടെ മുന്നില്‍! അപരന്‍ താനായും താന്‍ അപരനായും പാപം പുണ്യമായും പുണ്യം പാപമായും നിറംപകര്‍ന്നാടുന്ന വൈരുദ്ധ്യമാണ് കാവ്യത്തില്‍ കവി വരച്ചിടുന്നത്.


Related Articles