സാഹിത്യകാരനും യാത്രികനും സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പി. രവിവർമയുടെ സ്മരണാർഥം പന്തളംപാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്കാരത്തിന് എം.എൻ. സുഹൈബിന്റെ 'അറേബ്യയും തുർക്കിയും - ഒരു യാത്ര' എന്ന പുസ്തകം അർഹമായി. ഡിസി ബുക്സ് ആണ് പ്രസാധകർ.
25,000 രൂപയും വാസുദേവ ഭട്ടതിരി രൂപകൽപന ചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒ.കെ. ജോണി, കെ.ബി. പ്രസന്നകുമാർ, സുഭാഷ് വലവൂർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. പുരസ്കാര വിതരണം ഈ മാസം അവസാന വാരം പന്തളത്തു നടക്കും. മാധ്യമം തിരുവനന്തപുരം യൂണിറ്റിൽ ചീഫ് സബ് എഡിറ്ററാണ് എം.എൻ. സുഹൈബ്.
ഈജിപ്ത്, ജോർദ്ദാൻ, തുർക്കി എന്നിവിടങ്ങളിലൂടെ അവിടുത്തെ ജീവിതവും, ചരിത്രവും, രാഷ്ട്രീയവും രുചിയും അറിഞ്ഞനുഭവിച്ച് നടത്തിയ സഞ്ചാരമാണിത്. അറേബ്യൻ നാടുകളുടെ കാണാക്കഥകളിലേക്കുള്ള യാത്ര. പിരമിഡുകളുടെയും നൈലിന്റെയും നാടായ ഈജിപ്തിലെയും സാമ്രാജ്യങ്ങളുടെ ചരിത്രമുറങ്ങുന്ന ജോർദാനിലെ അമ്മാൻ നഗരിയിലെയും ഓട്ടോമൻ തലസ്ഥാനമായ ഇസ്തംബൂളിലെയും കാഴ്ചകളെ ചരിത്രത്തിന്റെ കാഴ്ചപ്പാടുകളിലൂടെ ആവിഷ്‌കരിച്ചുക്കൊണ്ട് യാത്രാഖ്യാനത്തിന്റെ മുന്‍മാതൃകകളിൽ നിന്ന് വേറിട്ടുസഞ്ചരിക്കുന്നു 'അറേബ്യയും തുർക്കിയും - ഒരു യാത്ര' എന്ന ഈ പുസ്തകം.
