എഴുത്തുകാരനും കവിയുമായ പി എന്‍ ഗോപീകൃഷ്ണന് സാഹിത്യ പുരസ്‌കാരം. എ പി കളയ്ക്കാട് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 'എ പി കളയ്ക്കാട് സ്മാരക സാഹിത്യ പുരസ്‌കാര'ത്തിനാണ് പി എന്‍ ഗോപീകൃഷ്ണന്‍ അര്‍ഹനായത്. സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും കേരള സാഹിത്യ അക്കാദമി അംഗവുമായിരുന്ന കെ അയ്യപ്പന്‍പിള്ള എന്ന എ പി കളയ്ക്കാടിന്റെ (1931 മേയ് 22 - 1993 ഫെബ്രുവരി 08) സ്മരണയ്ക്കായി നല്‍കുന്ന പുരസ്‌കാരം ഗോപീകൃഷ്ണന്റെ 'തകര്‍ന്ന പള്ളിയാണ് വലിയ പള്ളി' എന്ന കാവ്യ സമാഹാരത്തിനാണ് ലഭിച്ചിരിക്കുന്നത്.
പുരസ്‌കാര നിര്‍ണയം നടത്തിയത് അശോകന്‍ ചരുവില്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. ആര്‍ എസ് രാജീവ് എന്നിവരടങ്ങിയ സമിതിയാണ്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊല്ലം എഴുകോണില്‍, ഫെബ്രുവരി എട്ടിന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ കൊട്ടാരക്കര എംഎല്‍എ-യും ധനകാര്യ വകുപ്പ് മന്ത്രിയുമായ കെ എന്‍ ബാലഗോപാല്‍ പുരസ്‌കാരം സമര്‍പ്പിക്കും. എഴുകോണ്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിസലായിരിക്കും ചടങ്ങുകള്‍ നടക്കുക. മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുക കവി ആലങ്കോട് ലീലാകൃഷ്ണനായിരിക്കും.
പത്രസമ്മേളനത്തില്‍ ട്രസ്റ്റ് സെക്രട്ടറി ഡോ. സി ഉണ്ണിക്കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ചവറ കെ എസ് പിള്ള, ട്രഷറര്‍ പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബീന സജീവ് എന്നിവര്‍ പങ്കെടുത്തു.
