മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനെട്ടാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും കഥാകൃത്തുമായ ഇ സന്തോഷ് കുമാറിന്റെ 'തപോമയിയുടെ അച്ഛൻ' എന്ന നോവലിനു ലഭിച്ചു. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. കൽക്കത്തയുടെ തെരുവുകളിൽ മറയുന്ന അഭയാർത്ഥികളുടെ ജീവിത ചിത്രങ്ങൾ കോറിയിടുന്ന 'തപോമയിയുടെ അച്ഛൻ' ആധുനിക മലയാള നോവലിന്റെ സങ്കീർണ്ണഗതികൾ ആവിഷ്ക്കരിക്കുന്ന കൃതിയാണ്. മനുഷ്യജീവിതത്തെ ചൂഴ്ന്നു നില്ക്കുന്ന ദുരൂഹതകൾ ചിത്രീകരിക്കുന്ന ഈ നോവൽ മലയാളസാഹിത്യത്തിൽ വേറിട്ട അസ്തിത്വം അടയാളപ്പെടുത്തുന്നുവെന്നു ജൂറി വിലയിരുത്തി.
സേതു, എം മുകുന്ദൻ, യു എ ഖാദർ, പി മോഹനൻ, പെരുമ്പടവം ശ്രീധരൻ, കെ പി രാമനുണ്ണി, എൻ പ്രഭാകരൻ, ഉണ്ണികൃഷ്ണൻ തിരുവാഴിയോട്, പ്രഭാവർമ്മ, വി മധുസൂദനൻ നായർ, ടി ഡി രാമ കൃഷ്ണൻ, സതീഷ്ബാബു പയ്യന്നൂർ, സക്കറിയ, ഡോ ജോർജ്ജ് ഓണക്കൂർ, സജിൽ ശ്രീധർ, ബെന്യാമിൻ, സാറാ ജോസഫ് എന്നിവർക്കാണ് മുൻ വർഷങ്ങളിൽ മലയാറ്റൂർ അവാർഡ് ലഭിച്ചിട്ടുള്ളത്.
പുതുതലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് സലിൻ മാങ്കുഴിയുടെ 'ആനന്ദലീല' എന്ന നോവലിനാണ്. 10001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് മലയാറ്റൂർ പ്രൈസ്. കെ ജയകുമാർ ഐ എ എസ് ചെയർമാൻ ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ. വി കെ ജയകുമാർ, അനീഷ് കെ അയിലറ എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് അവാർഡ് കൃതികൾ തെരഞ്ഞെടുത്തത്.
