മലയാറ്റൂർ പുരസ്കാരം അംബികാസുതൻ മങ്ങാടിന്

Award

മലയാറ്റൂർ പുരസ്കാരം അംബികാസുതൻ മങ്ങാടിന്


മലയാറ്റൂർ രാമകൃഷ്ണൻ ഫൗണ്ടേഷന്റെ മലയാറ്റൂർ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ അംബികാസുതൻ മങ്ങാടിന്റെ അല്ലോഹലൻ എന്ന നോവലിനു ലഭിച്ചു. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. മേയ് 30ന് തിരുവനന്തപുരത്ത് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

അംബികാസുതൻ മങ്ങാടിന്റെ കൃതികൾക്ക് കാരൂർ, ഇടശ്ശേരി, അങ്കണം, ചെറുകാട്, അബുദാബി ശക്തി, മലയാറ്റൂർ പ്രൈസ്, വി.ടി. ഭട്ടതിരിപ്പാട്, എസ്.ബി.ടി., കോവിലൻ, വി.പി. ശിവകുമാർ കേളി അവാർഡ് തുടങ്ങി ഇരുപത്തേഴു പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊമേർഷ്യൽ ബ്രെയ്ക്കിന് മികച്ച ചെറുകഥയ്ക്കുള്ള കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ് 2002-ൽ ലഭിച്ചു.

ജീവിതത്തിന്റെ ഉപമയുടെയും (ആദ്യ കാമ്പസ് നോവൽ) പൊഞ്ഞാറിന്റെയും (ആദ്യ നാട്ടുഭാഷാനിഘണ്ടു) എഡിറ്റർ ആണ്. നാല് നിരൂപണഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. മരക്കാപ്പിലെ തെയ്യങ്ങൾ ആണ് ആദ്യ നോവൽ. എൻമകജെ കന്നടയിലും തമിഴിലും ഇംഗ്ലിഷിലും പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. കഥകൾ വിവിധ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലിഷിലും വിവർത്തനം ചെയ്തിട്ടുമുണ്ട്. കാഞ്ഞങ്ങാട് നെഹ്റു കോളജിൽ മലയാളവിഭാഗം അദ്ധ്യക്ഷനായി സർവ്വീസിൽനിന്നും വിരമിച്ചു.


Related Articles